ഇടുക്കി കൊമ്പൊടിഞ്ഞാലിൽ ഒരു കുടുംബത്തിലെ നാല് പേർ വീടിന് തീ പിടിച്ച് മരിച്ച സംഭവം ; അന്വേഷണം ഊർജ്ജിതമാക്കണ മെന്നാവശ്യപ്പെട്ട് കൊന്നത്തടി പഞ്ചായത്തിൽ ജനകീയസമിതി ആഹ്വാനം ചെയ്ത പകൽ ഹർത്താൽ പുരോഗമിക്കുന്നു.
ഇടുക്കി കൊമ്പൊടിഞ്ഞാലിൽ ഒരു കുടുംബത്തിലെ നാല് പേർ വീടിന് തീ പിടിച്ച് മരിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കണമെന്നാവശ്യപ്പെട്ട് കൊന്നത്തടി പഞ്ചായത്തിൽ ജനകീയസമിതി ആഹ്വാനം ചെയ്ത പകൽ ഹർത്താൽ പുരോഗമിക്കുന്നു.
ഹർത്താലിന് ശിവസേനയുടെയും എൻ ഡി എ യുടെയും പിന്തുണയുണ്ട്. വൈകുന്നേരം 6 മണി വരെയാണ് ഹർത്താൽ. കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളതായി ഹർത്താൽ അനുകൂലികൾ അറിയിച്ചു.ഹർത്താൽ സമാധാനപരമായി നടത്താൻ എല്ലാവരും സഹകരിക്കണമെന്ന് ശിവസേന ഭാരവാഹികൾ അഭ്യർത്ഥിച്ചു.
ഇതിനിടെ നാലുപേർ വീടിനുള്ളിൽ വെന്തുമരിച്ച സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടതായും പറയുന്നുണ്ട്.ലോക്കൽ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന ജനകീയ സമിതിയുടെ പരാതിയെത്തുടർന്നാണ് നടപടി.അതേസമയം, കേസ് അന്വേഷണം വൈകുന്നതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ നടത്തുന്നത് എന്ന് ജനീയ സമിതി നേതാക്കൾ വ്യക്തമാക്കി.
2025 മെയ് ഒൻപതിനാണ് തെള്ളിപ്പടവ് സ്വദേശി അനീഷിന്റെ ഭാര്യ ശുഭ, മക്കളായ അഭിനന്ദ്, അഭിനവ്, മാതാവ് പൊന്നമ്മ എന്നിവർ വീടിനുള്ളിൽ വെന്തുമരിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് ആദ്യം കരുതിയെങ്കിലും ഇലക്ട്രിക്കൽ ഇൻസ്പെക്ഷൻ വിഭാഗം ഇക്കാര്യം നിഷേധിച്ചിരുന്നു. മൃതദേഹങ്ങളിൽ മണ്ണെണ്ണയുടെയും വനംവകുപ്പ് ഉപയോഗിക്കുന്ന ഒരു പ്രത്യേക രാസവസ്തുവിന്റെ സാന്നിധ്യവും കണ്ടെത്തിയത് കൊലപാതകമാണെന്ന സംശയത്തിന് ബലമേകുന്നതായി ജനകീയ സമിതി ഭാരവാഹികൾ പറഞ്ഞു.ഫോറൻസിക് പരിശോധനാ ഫലങ്ങൾ വൈകുന്നതും അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതും നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.



