കെഎസ്‌ആര്‍ടിസി മാറ്റത്തിന്‍റെ പാതയില്‍: മന്ത്രി കെ.ബി. ഗണേഷ് കുമാര്‍

Feb 20, 2026 - 11:55
 0
കെഎസ്‌ആര്‍ടിസി മാറ്റത്തിന്‍റെ പാതയില്‍: മന്ത്രി കെ.ബി. ഗണേഷ് കുമാര്‍
This is the title of the web page

മന്ത്രി എന്ന നിലയില്‍ കെഎസ്‌ആർടിസിയെ നവീകരിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും കെഎസ്‌ആർടിസി മാറ്റത്തിന്റെ പാതയിലാണെന്നും ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ. കേരളത്തിലെ ആദ്യ രജിസ്ട്രേർഡ് വെഹിക്കിള്‍ സ്ക്രാപിംഗ് ഫെസിലിറ്റി (ആർവിഎസ്‌എഫ്) നിർമാണോദ്ഘാടനം എടപ്പാള്‍ കെഎസ്‌ആർടിസി റീജണല്‍ വർക്ക് ഷോപ്പില്‍ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

150 ലധികം പുതിയ നിയമനങ്ങള്‍ ഉടൻ കെഎസ്‌ആർടിസിയില്‍ ഉണ്ടാകും. ഒഴിവുകള്‍ അപ്പോള്‍ത്തന്നെ പിഎസ്സിയ്ക്ക് റിപ്പോർട്ട് ചെയ്യുകയും നിയമനം നടത്തുകയും ചെയ്യും. തെരഞ്ഞെടുപ്പിന് മുന്പുതന്നെ ഉദ്യോഗസ്ഥർക്ക് പ്രമോഷൻ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര പദ്ധതിയനുസരിച്ച്‌ നിർമിക്കുന്ന ആർവിഎസ്‌എഫ് പ്രവർത്തനം തുടങ്ങിയാല്‍ 200 കോടി രൂപയാണ് കേന്ദ്രത്തില്‍നിന്നു ഗ്രാന്റായി ലഭിക്കുക. ഇത് കെസ്‌ആർടിസിയുടെ നവീകരണത്തിന് ഉപയോഗിക്കും. അഴിമതിക്കു സാധ്യതകള്‍ ഏറെയുള്ള ഈ പദ്ധതി പൂർണമായും അഴിമതിരഹിതവും സുതാര്യവുമായി നടപ്പാക്കും.

സ്ക്രാപ് ചെയ്യുന്നവ മലിനീകരണമില്ലാതെ, പൂർണമായും യന്ത്രവത്കൃതമായി ഹൈഡ്രോളിക് പ്രസ് സംവിധാനമുപയോഗിച്ച്‌ ക്യുബിക്കിളാക്കി കയറ്റി അയയ്ക്കുകയാണ് ചെയ്യുന്നത്. മാലിന്യ മുക്ത നവകേരളം പദ്ധതിയനുസരിച്ച്‌ കെഎസ്‌ആർടിസി വാഹനങ്ങളുടെ റെക്സിൻ, ഗ്ലാസ് തുടങ്ങിയവ ഉള്‍പ്പെടുന്ന 500 ടണ് മാലിന്യം നീക്കം ചെയ്തതായും മന്ത്രി പറഞ്ഞു.

രാജ്യത്ത് തന്നെ പൂർണമായും ഡിജിറ്റൈസ് ചെയ്ത് പ്രവർത്തിക്കുന്ന ഗതാഗത സംവിധാനം കെഎസ്‌ആർടിസി ആണെന്നും നിർമിത ബുദ്ധി ഉപയോഗിച്ചുള്ള ഓപ്പറേറ്റിംഗ് സോഫ്റ്റ്വെയർ വഴിയാണ് സ്പെയർ പാർട്സ് സംബന്ധമായ ഓർഡറുകളും മറ്റും നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. കെഎസ്‌ആർടിസി ഉദ്യോഗസ്ഥർക്ക് ഐഡിടിആറില്‍ കംപ്യൂട്ടർ അധിഷ്ഠിത പരിശീലനം നല്‍കി കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ ആർവിഎസ്‌എഫിന്റെ ലോഗോ മന്ത്രി പ്രകാശനം ചെയ്തു. കെഎസ്‌ആർടിസിയും സിംകോ ആർവിഎസ്‌എഫ് പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി നടപ്പാക്കുന്ന ആർവിഎസ്‌എഫ് എടപ്പാളില്‍ യാഥാർഥ്യമാകുന്നതോടെ സർക്കാർ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്ക് പുറമെ പൊതുജനങ്ങള്‍ക്കും കേന്ദ്ര പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങളോടെ പഴയ വാഹനങ്ങള്‍ ഇവിടെ പ്രകൃതി സൗഹൃദമായി സ്ക്രാപ്പ് ചെയ്യാൻ സൗകര്യമുണ്ടാകും.

കെ.ടി. ജലീല്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കെ.ടി. ജലീല്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 35 ലക്ഷം രൂപ ചെലവില്‍ എടപ്പാള്‍ കെഎസ്‌ആർടിസി ഡിപ്പോയില്‍ നിർമിച്ച യാർഡും മന്ത്രി ഉദ്ഘാടനം ചെയ്തു. പൊന്നാനി കെഎസ്‌ആർടിസി ജീവനക്കാരന്റെ അസുഖ ബാധിതനായ മകന്റെ ചികിത്സാർഥം ജീവനക്കാർ സ്വരൂപിച്ച ഒന്പതര ലക്ഷം രൂപയുടെ ചെക്കും മന്ത്രി കൈമാറി.

What's Your Reaction?

like

dislike

love

funny

angry

sad

wow