ഇടുക്കി കൊമ്പൊടിഞ്ഞാലിൽ ഒരു കുടുംബത്തിലെ നാല് പേർ വീടിന് തീ പിടിച്ച് മരിച്ച സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്; നാളെ കൊന്നത്തടിയിൽ ഹർത്താൽ
അടിമാലി കൊമ്പൊടിഞ്ഞാലിൽ ഒരു കുടുംബത്തിലെ നാലുപേർ വീടിനുള്ളിൽ വെന്തുമരിച്ച സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. ലോക്കൽ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന ജനകീയ സമിതിയുടെ പരാതിയെത്തുടർന്നാണ് നടപടി. ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യുവിന്റേതാണ് ഉത്തരവ്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജോയ് മാത്യുവിനാണ് അന്വേഷണ ചുമതല.
അതേസമയം, കേസ് അന്വേഷണം വൈകുന്നതിൽ പ്രതിഷേധിച്ച് നാളെ (ഫെബ്രു-20) കൊന്നത്തടി പഞ്ചായത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തു. ജനകീയ സമിതിയുടെ നേതൃത്വത്തിൽ രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. ശിവസേനയും എൻ.ഡി.എയും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം മെയ് ഒൻപതിനാണ് തെള്ളിപ്പടവ് സ്വദേശി അനീഷിന്റെ ഭാര്യ ശുഭ, മക്കളായ അഭിനന്ദ്, അഭിനവ്, മാതാവ് പൊന്നമ്മ എന്നിവർ വീടിനുള്ളിൽ വെന്തുമരിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് ആദ്യം കരുതിയെങ്കിലും ഇലക്ട്രിക്കൽ ഇൻസ്പെക്ഷൻ വിഭാഗം ഇത് തള്ളിയിരുന്നു. മൃതദേഹങ്ങളിൽ മണ്ണെണ്ണയുടെയും വനംവകുപ്പ് ഉപയോഗിക്കുന്ന ഒരു പ്രത്യേക രാസവസ്തുവിന്റെ സാന്നിധ്യവും കണ്ടെത്തിയത് കൊലപാതകമാണെന്ന സംശയത്തിന് ബലമേകുന്നതായി ജനകീയ സമിതി ഭാരവാഹികൾ പറഞ്ഞു.
ഫോറൻസിക് പരിശോധനാ ഫലങ്ങൾ വൈകുന്നതും അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതും നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നതോടെ സംഭവത്തിലെ ദുരൂഹതകൾ നീങ്ങുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കളും നാട്ടുകാരും.



