പരാതിപരിഹാര അദാലത്തുകള്‍ ഈ സര്‍ക്കാറിന്റെ ജനകീയ മുഖം വ്യക്തമാക്കുന്നു: മന്ത്രി റോഷി അഗസ്റ്റിന്‍
ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ മന്ത്രിമാര്‍ നേരിട്ടെത്തി കേട്ട് പരിഹരിക്കുന്നതിന് വേണ്ടി സംസ്ഥാനത്തെമ്പാടും നടത്തുന്ന പരാതിപരിഹാര അദാലത്തുകള്‍ ഈ സര്‍ക്കാരിന്റെ ജനകീയ മുഖമാണ് വ്യക്തമാക്കുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. സംസ്ഥാനസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' താലൂക്കുതല പരാതി പരിഹാര അദാലത്തുകളിലെ ദേവികുളം താലൂക്ക് അദാലത്ത് അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക നീതിയില്‍ അധിഷ്ഠിതമായ ഭരണസംവിധാനമാണ് നിലവില്‍ സംസ്ഥാനത്തുള്ളതൊന്നും മന്ത്രി പറഞ്ഞു.