തലസ്ഥാനത്ത് റീഷെഡ്യൂള്‍ ചെയ്ത ഇ ബസുകളുടെ സര്വീസ് ആരംഭിച്ചു
തലസ്ഥാനത്ത് റീ ഷെഡ്യൂള് ചെയ്ത ഇലക്‌ട്രിക് ബസുകളുടെ സര്വീസ് ആരംഭിച്ചു. തിരുവനന്തപുരം കോര്പ്പറേഷൻ പരിധിയിലെ 23 ഇടറോഡുകളിലാണ് പുതുതായി ഇലക്‌ട്രിക് ബസ് സര്വീസ് ആരംഭിക്കുന്നത്.ആദ്യ സര്വീസ് മേയര് വി.വി. രാജേഷ് ഫ്ലാഗ് ഓഫ് ചെയ്തു. മേയറുടെ വാര്ഡായ കൊടുങ്ങാനൂരിലെ കുലശേഖരത്തുനിന്നും കിഴക്കേക്കോട്ടയിലേക്കുള്ള ഇ ബസ് ആണ് ഫ്ലാഗ് ഓഫ് ചെയ്തത്. തർക്കത്തില്‍ ചർച്ചകളിലൂടെ പരിഹാരമായതോടെ കൂടുതല്‍ റൂട്ടുകളിലേക്ക് ഇ ബസ് സർവീസ് നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നു.
രാവിലെ 7.30 നാണ് കൊടുങ്ങാനൂർ വാർഡിലെ കുലശേഖരത്ത് നിന്ന് കുരുവിക്കാട്, തിട്ടമംഗലം,കുന്നൻപാറ, കുന്നൻപാറ, കുണ്ടമണ്‍കടവ് വഴി കിഴക്കേക്കോട്ടയിലേയ്ക്ക് ആദ്യ സർവീസ് ആരംഭിച്ചത്.
തുടർന്നുള്ള ദിവസങ്ങളില്‍ മറ്റ് വാർഡുകളിലെ റൂട്ടുകളിലും ബസുകള്‍ ഓടിത്തുടങ്ങും. മറ്റ് പല കൗണ്‍സിലർമാരും ആവശ്യവുമായി സമീപിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ നിശ്ചയിച്ച 23 സർവീസുകള്‍ ആരംഭിച്ച ശേഷം പുതിയ സർവീസുകള്‍ ആവശ്യമെങ്കില്‍ ഗതാഗത വകുപ്പുമായി വീണ്ടും ചർച്ച നടത്തുമെന്നാണ് മേയര് വ്യക്തമാക്കിയിട്ടുള്ളത്.
ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് പാലിയ്ക്കാൻ കഴിഞ്ഞതില്‍ സന്തോഷമെന്നും മേയര് പ്രതികരിച്ചിരുന്നു.



