പത്മവിഭൂഷൻ നിറവിൽ ഇടുക്കി;മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ പി നാരായണന് പത്മവിഭൂഷൻ
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ജന്മഭൂമി പത്രത്തിന്റെ സഹസ്ഥാപകനും മുഖ്യപത്രാധിപരുമായിരുന്ന പി നാരായണന് രാഷ്ട്രം പത്മവിഭൂഷൺ നല്‍കി ആദരിച്ചു.അഹോരാത്രം രാഷ്ട്രപുനര്‍നിര്‍മ്മാണത്തിനായി പ്രയ്തനിക്കുന്ന ലക്ഷോപലക്ഷം സംഘ സ്വയംസേവകര്‍ക്കും, ജീവിതത്തിന്റെ കാല്‍ നൂറ്റാണ്ട് പ്രവര്‍ത്തിച്ച ജന്മഭൂമി ദിനപ്പത്രത്തിനും ഈ പുരസ്ക്കാരം സമര്‍പ്പിക്കുകയാണെന്ന് പി നാരായണന്‍ പറഞ്ഞു.
സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ ഒരാളായ പി നാരായണൻ ബിജെപിയുടെ പൂര്‍വരൂപമായ ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി, ദേശീയ നിര്‍വാഹക സമിതിയംഗം തുടങ്ങിയ ചുമതലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.പത്തോളം പുസ്തകങ്ങളും നൂറിലധികം പുസ്തകങ്ങളുടെ വിവര്‍ത്തനങ്ങളും ചെയ്തു. 90 വയസ്സെത്തി നില്‍ക്കുന്ന വേളയില്‍ ലഭിക്കുന്ന ബഹുമതി അത്യന്തം വിനയത്തോടെ സ്വീകരിക്കുന്നതായി പി നാരായണൻ പറഞ്ഞു.
സംഘ പ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും ഇടയിൽ നാരായൺജി എന്ന പേരിൽ സുപരിചിതനായ പി. നാരായണൻ, 1936 മെയ് 28-ന് തൊടുപുഴ താലൂക്കിലെ മണക്കാട് ഗ്രാമത്തിലാണ് ജനിച്ചത്.കോളേജ് പഠനകാലത്ത് ഒരു സുഹൃത്ത് വഴിയാണ് അദ്ദേഹം രാഷ്ട്രീയ സ്വയംസേവക് സംഘത്തിലേക്ക് എത്തുന്നത്. 1957-ൽ ബിരുദം നേടിയ ശേഷം കുറച്ചുകാലം സ്വന്തം നാടായ മണക്കാട്ടെ എൻ.എസ്.എസ് ഹൈസ്കൂളിൽ അധ്യാപകനായി ജോലി നോക്കിയെങ്കിലും, പിന്നീട് ആർ.എസ്.എസ് പ്രചാരകനായി ഗുരുവായൂരിലേക്ക് പോയി. പി. പരമേശ്വരൻ ജനസംഘം ദേശീയ വൈസ് പ്രസിഡന്റായി ഡൽഹിയിലേക്ക് മാറിയപ്പോൾ, പി. നാരായണൻ ജനസംഘത്തിന്റെ സംസ്ഥാന സംഘടനാ സെക്രട്ടറിയായി നിയമിതനായി. പിന്നീട് ജനസംഘം ജനതാ പാർട്ടിയിൽ ലയിച്ചപ്പോൾ, നാരായൺജി രാഷ്ട്രീയത്തിൽ നിന്ന് മാറി ജന്മഭൂമി പത്രത്തിന്റെ പ്രവർത്തനങ്ങളിൽ പൂർണ്ണമായി ശ്രദ്ധ കേന്ദ്രീകരിച്ചു. കൊച്ചിയിൽ നിന്ന് പ്രഭാതപത്രമായി പുനരാരംഭിച്ച ജന്മഭൂമിയുടെ പത്രാധിപരായി.
1992 മുതൽ 2000 വരെ മുഖ്യപത്രാധിപരായി സേവനമനുഷ്ഠിച്ചു. 1993-ൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷനാകാൻ പാർട്ടി ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം ആ പദവി നിരസിച്ചു.എറണാകുളം മുളവുകാട് മഠത്തില്‍ കുടുംബാംഗമായ എം എ രാജേശ്വരിയാണ് ഭാര്യ. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ മനു നാരായണന്‍,അമൃത ടി വി മുൻ റിപ്പോർട്ടർ അനു നാരായണന്‍ എന്നിവർ മക്കളാണ്.



