മലയോര ഹൈവേ നാലാം ഘട്ടം;കട്ടപ്പന പുളിയന്മല റോഡ് നിർമ്മാണത്തിന് 48.41 കോടിയുടെ ധനാനുമതി നൽകിയതായി മന്ത്രി റോഷി അഗസ്റ്റിൻ
ചെറുതോണി : മലയോര ഹൈവേയുടെ ഭാഗമായി വരുന്ന കട്ടപ്പന മുതൽ പുളിയന്മല വരെ ഉള്ള (85.500 കിമീ മുതൽ 92.167 കിമീ വരെ) ഭാഗം നിർമ്മിക്കുന്നത്തിനായി 48.41 കോടി രൂപയുടെ ധനാനുമതിയും സാങ്കേതിക അനുമതിയും ലഭ്യമായതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. സംസ്ഥാന സർക്കാർ കിഫ്‌ബി മുഖേനയാണ് തുകയ്ക്ക് അനുമതി നൽകിയിട്ടുള്ളത്. ഇതിനോടകം ചപ്പാത്ത് മേരികുളം ,മേരികുളം നരിയംപാറ , നരിയംപാറ ഇടുക്കി കവല എന്നിവയ്ക്ക് 3 ഘട്ടങ്ങളിലായി 175.67 കോടി രൂപ അനുവദിച്ച് നിർമ്മാണം അവസാന ഘട്ടത്തിലാണ്. ബി എം & ബി സി ഗുണനിലവാരത്തിൽ റോഡ് നിർമ്മിക്കുന്നതിനോടൊപ്പം റോഡിന്റെ ഇരുവശങ്ങളിലും ആവശ്യമുള്ള ഇടങ്ങളിൽ ഐറിഷ് ഓട ,സംരക്ഷ ഭിത്തി ,കലുങ്കുകൾ ,ലൈറ്റുകൾ , തുടങ്ങി ആവശ്യമായാ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയയാണ് റോഡ് നിർമ്മിക്കുക .
ഇടുക്കിയെ തമിഴ് നാടുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡുകൂടി ആയതിനാൽ നിരവധി യാത്രക്കാരും ശബരിമല ഭക്തജനങ്ങളുമാണ് ദിനംപ്രതി ഇത് വഴി യാത്ര ചെയ്യുന്നത്.ചെങ്കുത്തായ കയറ്റവും വളവുകളും മൂലം നിരവധി അപകടങ്ങൾ ഈ മേഖലയിൽ നടന്നിട്ടുണ്ട്. ആധുനിക രീതിയിൽ റോഡ് നിർമാണം പൂർത്തിയാകുന്നതോടെ അപകട സാധ്യത ഒഴിവാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു

