ആകാശത്ത് ഇന്ന് വിസ്മയക്കാഴ്ച; 2026 -ലെ ആദ്യ 'വുള്‍ഫ് സൂപ്പര്‍ മൂണ്‍', ചന്ദ്രൻ ഭൂമിയോട് കൂടുതല്‍ അടുത്ത്!
ഭൂമിയോട് ഏറ്റവും അടുത്ത്
ഇന്ന് രാത്രിയില്‍ ചന്ദ്രൻ ഭൂമിയില്‍ നിന്നും ഏകദേശം 3,62,000 കിലോമീറ്റർ മാത്രം അകലെയായിരിക്കും. സാധാരണയേക്കാള്‍ ഭൂമിയോട് അടുത്ത് വരുന്നതിനാലാണ് 'സൂപ്പർമൂണ്‍' എന്ന് വിളിക്കപ്പെടുന്നത്. ചന്ദ്രൻ ഭൂമിയില്‍ നിന്നും ഏറ്റവും അകലെയുള്ള അവസ്ഥയേക്കാള്‍ (Apogee) 14 ശതമാനം വരെ വലുപ്പത്തിലും ഏകദേശം 30 ശതമാനം വരെ കൂടുതല്‍ തിളക്കത്തിലുമാകും ഇന്ന് ദൃശ്യമാകുക. ഇന്ന് വൈകുന്നേരം സൂര്യൻ അസ്തമിക്കുന്നതോടെ ചന്ദ്രൻ കിഴക്കൻ ആകാശത്ത് ഉദിച്ചുയരുന്നത് കാണാം.
ഇന്ത്യയിലെ കാഴ്ച
ഇന്ത്യയിലുള്ളവർക്ക് ഇന്ന് (ജനുവരി 3) വൈകുന്നേരം 5:45-നും 6:00-നും ഇടയിലുള്ള സമയത്ത് സൂപ്പർമൂണിനെ കണ്ട് തുടങ്ങാം. സൂര്യാസ്തമയത്തിന് തൊട്ടുപിന്നാലെ കിഴക്കൻ ആകാശത്ത് ചന്ദ്രൻ ഉദിച്ചുയരും. രാത്രി മുഴുവൻ ആകാശത്ത് കാണാൻ സാധിക്കുന്ന ചന്ദ്രൻ നാളെ പുലർച്ചെയാടെയായിരിക്കും അസ്തമിക്കുക. ഇന്ത്യയില്‍ അർദ്ധരാത്രിയോടെ ചന്ദ്രൻ ആകാശത്തിന്‍റെ മധ്യഭാഗത്ത് എത്തുമ്ബോള്‍ ഏറ്റവും മിഴിവുള്ള കാഴ്ച ലഭിക്കും. ജനുവരി 3-ന് ഗ്രീനിച്ച് സമയം (GMT) 10:02-നും 10:04-നും ഇടയിലായിരിക്കും ചന്ദ്രൻ അതിന്‍റെ പൂർണ്ണതയിലെത്തുക. ജനുവരി 2, 3 തീയതികളില്‍ ചന്ദ്രൻ ആകാശത്ത് താഴ്ന്ന് നില്‍ക്കുന്ന സമയത്താണ് (ചന്ദ്രോദയ സമയത്ത്) ഏറ്റവും മനോഹരമായ കാഴ്ച ലഭിക്കുക. ഏകദേശം മൂന്ന് ദിവസത്തോളം ചന്ദ്രൻ പൂർണ്ണരൂപത്തില്‍ തന്നെ കാണപ്പെടുമെന്ന പ്രത്യേകതയുമുണ്ട്.
വുള്‍ഫ് മൂണ്‍'
പുരാതന കാലത്ത് ശൈത്യകാലത്തെ കൊടുംതണുപ്പില്‍ ഭക്ഷണത്തിനായി ചെന്നായകള്‍ ഓരിയിടുന്ന സമയത്താണ് ജനുവരിയിലെ പൂർണ്ണചന്ദ്രൻ ദൃശ്യമായിരുന്നത്. അതുകൊണ്ടാണ് വടക്കൻ ഗോത്രവർഗ്ഗക്കാർ ഇതിനെ 'വുള്‍ഫ് മൂണ്‍' എന്ന് വിളിച്ചു തുടങ്ങിയത്. പ്രത്യേക ഉപകരണങ്ങളുടെ ആവശ്യമില്ലാതെ തന്നെ നഗ്നനേത്രങ്ങള്‍ കൊണ്ട് ഈ വിസ്മയക്കാഴ്ച ആസ്വദിക്കാം. നഗരങ്ങളിലെ വെളിച്ചത്തില്‍ നിന്നും മാറിയുള്ള സ്ഥലങ്ങളില്‍ നിന്ന് നോക്കിയാല്‍ ചന്ദ്രന്‍റെ തിളക്കം കൂടുതല്‍ വ്യക്തമായി ആസ്വദിക്കാൻ സാധിക്കും. ഈ വർഷം പ്രതീക്ഷിക്കുന്ന മൂന്ന് സൂപ്പർമൂണുകളില്‍ ആദ്യത്തേതാണിത്. ആകാശപ്രേമികള്‍ക്ക് 2026 സമ്മാനിക്കുന്ന ഏറ്റവും വലിയ കാഴ്ചകളിലൊന്നായി ഈ സൂപ്പർമൂണ്‍ മാറുമെന്ന പ്രതീക്ഷയിലാണ് വാനനിരീക്ഷകർ.

