പച്ചക്കറികൾക്കിടയിൽ ഒളിപ്പിച്ചു കടത്തിയ 10 ലക്ഷത്തോളം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് കുമളിയിൽ പിടിയിലായി.
പച്ചക്കറികൾക്കിടയിൽ ഒളിപ്പിച്ചു കടത്തിയ 10 ലക്ഷത്തോളം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് കുമളിയിൽ പിടിയിലായി. കാമാക്ഷി സ്വദേശി ബിനീഷ് ദേവ് ആണ് കുമളി പോലീസിന്റെ പിടിയിലായത്.
ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വിതരണത്തിനായി എത്തിച്ച 10 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായാണ് കാമാക്ഷി, പാറക്കടവ് ഇഞ്ചൻതുരുത്തിൽ വീട്ടിൽ ബിനേഷ് ദേവ് ഇ വി (38) കുമളി പോലീസിന്റെയും ഡാൻസാഫ് സംഘത്തിന്റെയും പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് കുമളി പോലീസും നാർക്കോട്ടിക് സെല്ലിലെ ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വൻ ലഹരി ശേഖരം പിടികൂടിയത്. തമിഴ്നാട്ടിൽ നിന്നും പച്ചക്കറി കയറ്റി വന്ന പിക്കപ്പ് വാനിലാണ് പുകയില ഉൽപ്പന്നങ്ങൾ സൂക്ഷിച്ചിരുന്നത്. 31 ചാക്കുകളിലായി നിറച്ച പുകയില ഉൽപ്പന്നങ്ങൾ വാനിന്റെ അടിഭാഗത്ത് അടുക്കിവെച്ച ശേഷം, മുകളിൽ പച്ചക്കറി പെട്ടികൾ നിരത്തി വെച്ച് സംശയം തോന്നാത്ത രീതിയിലായിരുന്നു കടത്തിയിരുന്നത്. ഏകദേശം 10 ലക്ഷം രൂപയോളം വില വരുന്ന ഉൽപ്പന്നങ്ങളാണ് പിടികൂടിയതെന്നും കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും പോലീസ് അറിയിച്ചു.
കട്ടപ്പന, കുമളി, ചെറുതോണി, അടിമാലി മേഖലകളിലെ ചെറുകിട കച്ചവടക്കാർക്ക് വിതരണം ചെയ്യാനാണ് ഇവ എത്തിച്ചതെന്ന് പ്രതി മൊഴി നൽകി. ലഹരി ഉത്പന്നങ്ങൾക്കൊപ്പം കടത്തിന് ഉപയോഗിച്ച പിക്കപ്പ് വാനും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കുമളി എസ് എച്ച് ഒ അഭിലാഷ് കുമാർ കെ., സി പി ഒ മാരായ രഞ്ജിത് ചെറിയാൻ, നദീർ, മഹേന്ദ്രൻ എന്നിവരും ഡാൻസാഫ് സംഘവുമാണ് പ്രതിയെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന പോലീസ് അന്വേഷിച്ചു വരികയാണ്.

