തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിമർശനവുമായി സിപിഐ നേതാവ് കെ കെ ശിവരാമൻ
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിമർശനവുമായി സിപിഐ നേതാവ് കെ കെ ശിവരാമൻ. ഇനിയെങ്കിലും കാര്യങ്ങൾ മനസ്സിലാക്കാൻ ഇടതുപക്ഷത്തിന് കഴിയണം. ജനങ്ങളുടെ യജമാനൻമാരാണ് എന്നാണ് പല നേതാക്കളുടെയും ധാരണ.പ്രവർത്തിയും വാക്കും തമ്മിൽ പൊരുത്തം ഉണ്ടാകണം. പാറ - മണ്ണ് - കയ്യേറ്റ മാഫിയയുടെ കൂട്ടുകാരെ ജനം തിരിച്ചറിഞ്ഞു എന്നും വിമർശനം.ഫേസ്ബുക്ക് കുറിപ്പിലാണ് കെ കെ ശിവരാമൻ്റെ വിമർശനം.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ :-
"തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം പഠിക്കാൻ ഇടുക്കിയിൽ ഇടതുപക്ഷത്തിന് കഴിയണം... ജനങ്ങളുടെ യജമാനന്മാരാണ് എന്നാണ് പലരുടെയും ധാരണ.വാക്കും പ്രവർത്തിയും തമ്മിൽ പൊരുത്തം ഉണ്ടാകണം .പലരും "പകലോപ്പമാരാണ്" പാറ ,കോറി, മണ്ണ്, മണൽ ഭൂമി കയ്യേറ്റ മാഫിയകളുടെ ഉറ്റ തോഴന്മാർ ആകാൻ മത്സരിക്കുന്നവരും അനധികൃത കോറി നടത്തിപ്പുകാരുമായ നേതാക്കളെ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്.. ഇതെല്ലാം യുഡിഎഫിനോ ബിജെപി ക്കോ ആവാം അവരിൽനിന്ന് അതിലപ്പുറം ജനങ്ങൾ പ്രതീക്ഷിക്കുന്നില്ല കഴിഞ്ഞ പത്തു വർഷക്കാലത്തെ ഇടതു സർക്കാരിന്റെ ഭരണം കേരളത്തെ ഏറെ മുന്നോട്ടു കൊണ്ടുപോയി സർക്കാർ ചെയ്യാവുന്നതെല്ലാം ചെയ്തു. എന്നിട്ടും എന്തുകൊണ്ട് വോട്ടർമാർ മാറി വോട്ട് ചെയ്തു ...അപ്പം കൊണ്ട് മാത്രം ജനങ്ങൾ തൃപ്തരല്ല ശബരിമല സ്വർണ്ണ കൊള്ളക്കെതിരെ ശക്തമായി അന്വേഷണം നടക്കുന്നുണ്ട്.. ബഹുമാനപ്പെട്ട ഹൈകോടതിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം ..പക്ഷേ ജയിലിൽ കഴിയുന്നവരെ തള്ളിപ്പറയാനോ നടപടിയെടുക്കാനോ ബന്ധപ്പെട്ടവർ തയ്യാറാകാത്തത് ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കി... തെരഞ്ഞെടുപ്പിൽ സംഘടന പ്രവർത്തനം വളരെ പ്രധാനമാണ് ശക്തമായ പ്രവർത്തനം നടക്കണമെങ്കിൽ ശക്തമായ സംഘടന സംവിധാനം ഉണ്ടാവണം... അങ്ങനെ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കണം...
ഇടുക്കിയിൽ ഭൂപ്രശ്നങ്ങളെല്ലാം പരിഹരിച്ചുവെന്ന് എൽഡിഎഫ് പറയുമ്പോൾ അത് ജനങ്ങൾക്ക് അനുഭവപ്പെട്ടിട്ടില്ല എന്ന യാഥാർത്ഥ്യം തിരിച്ചറിയണം.. തീർച്ചയായും ഈ തെരഞ്ഞെടുപ്പ് ഫലം എന്നേക്കുമായി ഉള്ളതല്ല ഇടതുപക്ഷം യാഥാർത്ഥ്യബോധത്തോടെ സ്വയം വിമർശനം നടത്തി തെറ്റുതിരുത്തി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഉജ്ജ്വലമായ വിജയം നേടാനാവും"

