ഇടുക്കി ഡാമില്‍ സന്ദര്‍ശക നിയന്ത്രണം ഒഴിവാക്കും; കാല്‍നട യാത്രക്കാര്‍ക്കും അനുമതിയെന്ന് മന്ത്രി റോഷി

ഇടുക്കി ഡാമിലേക്കുള്ള സന്ദര്‍ശക നിയന്ത്രണം ഒഴിവാക്കുന്നതിന് തീരുമാനിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ഇടുക്കി മണ്ഡലത്തില്‍ കെഎസ്ഇബിയുമായി ബന്ധപ്പെട്ടുള്ള സ്ഥലങ്ങളില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്.
ഈ മാസം മൂന്നിന് വിദഗ്ധ സംഘത്തോടൊപ്പമുള്ള സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായാണ് വൈദ്യുതി മന്ത്രിയുമായും കെഎസ്ഇബി ഉയര്‍ന്ന ഉദ്യോഗസ്ഥരുമായും മന്ത്രി റോഷി യോഗം ചേര്‍ന്നത്. അടുത്ത മാസം ആദ്യം തന്നെ ഇടുക്കി ഡാം സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കും. നിലവില്‍ ബഗ്ഗി കാറില്‍ ദിവസം 800 പേര്‍ക്ക് മാത്രമാണ് സന്ദര്‍ശനം അനുവദിക്കുന്നത്. നിയന്ത്രണം ഒഴിവാക്കി കാല്‍നടയായും സന്ദര്‍ശകരെ അനുവദിക്കണമെന്നും മന്ത്രിയുടെ നിര്‍ദേശം യോഗത്തില്‍ അംഗീകരിച്ചു.
മൂലമറ്റത്ത് സബ് രജിസ്ട്രാര്‍ ഓഫീസും സബ് ട്രഷറി ഓഫീസും സ്ഥാപിക്കാന്‍ കെഎസ്ഇബിയുടെ ഉടസ്ഥാവകാശത്തിലുള്ള സ്ഥലം വിട്ടു നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി. നിലവില്‍ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപമുള്ള സ്ഥലവും ഫയര്‍ സ്റ്റേഷന് സമീപമുള്ള സ്ഥലവുമാണ് പരിഗണനയില്‍.
ഇതില്‍ കൂടുതല്‍ അനുയോജ്യമായ സ്ഥലം നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി കൈമാറാനാണ് യോഗത്തില്‍ ധാരണയായത്. മൂലമറ്റത്ത് ആധുനിക രീതിയിലുള്ള പൊതുശ്മനാനത്തിനായി കണ്ടെത്തിയ സ്ഥലവും കൈമാറാന്‍ യോഗത്തില്‍ തീരുമാനമായി. വടക്കേപ്പുഴ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ജോലികള്‍ ജനുവരിയോടെ പൂര്‍ത്തീകരിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ ആവശ്യപ്പെട്ടു.
മൂലമറ്റം പവര്‍ ഹൗസ് മിനിയേച്ചര്‍ പദ്ധതിക്കായുള്ള സ്ഥലം, ഇടുക്കി ഡാം പ്രതലത്തില്‍ ലേസര്‍ ഷോ എന്നിവയുമായുള്ള ബന്ധപ്പെട്ട് നിരാക്ഷേപ പത്രം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
യോഗത്തില്‍ പുനീത് കുമാര്‍ ഐഎഎസ് (അഡീ. ചീഫ് സെക്രട്ടറി, ഊര്‍ജ വകുപ്പ്), ഹര്‍ഷില്‍ ആര്‍. മീണ ഐഎഎസ് (ഡയറക്ടര്‍, ഹൈഡല്‍ ടൂറിസം), ജി. സജീവ് (ഡയറക്ടര്‍, ജനറേഷന്‍, കെഎസ്ഇബി), വിജു രാജന്‍ ജോണ്‍ (സിഇ, ജനറേഷന്‍, കെഎസ്ഇബി), വിനോദ് വി (സി.ഇ.,ഡാം സേഫ്റ്റി, കെഎസ്ഇബി) മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.