വിസ്തൃതി പരിഗണിക്കാതെ ഷോപ്പ് സൈറ്റുകള്‍ക്ക് പട്ടയം ;അവ്യക്തത മാറി, ഹൈറേഞ്ചിന്റെ സ്വപ്നംസാക്ഷാത്കരിക്കപ്പെട്ടു : മന്ത്രി റോഷി

ഹൈറേഞ്ചിന്റെ ഏറെ നാളായുള്ള ആവശ്യമായിരുന്ന ഷോപ്പ് സൈറ്റ് പട്ടയമെന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ഇന്നലെ (ബുധന്‍) ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. കെട്ടിടങ്ങളുടെ വിസ്തൃതി പരിഗണിക്കാതെ തന്നെ പട്ടയം നല്‍കാമെന്നാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്തിരിക്കുന്നത്.
1977ന് മുമ്പ് വനഭൂമി കൈവശം വെച്ചു വരുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ ഭൂമി പതിച്ചു നല്‍കാന്‍ 1993ലെ ഭൂപതിവ് ചട്ടം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ ഭൂമി കൈവശം വെച്ച് വരുന്നവര്‍ പലവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്. ചട്ടപ്രകാരം ഷോപ്പ് സൈറ്റിന് പട്ടയം അനുവദിക്കാന്‍ വ്യവസ്ഥയുണ്ട്. ഈ സാഹചര്യത്തിലാണ് കൈവശ ഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ വിസ്തൃതി പരിഗണിക്കാതെ തന്നെ വസ്തുവിന് പട്ടയം നല്‍കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയത്.
1993 ലെ ചട്ടപ്രകാരം കൃഷിക്കും വീടു നിര്‍മാണത്തിനും കടകള്‍ക്കുമാണ് പട്ടയം നല്‍കുന്നത്. എന്നാല്‍ കട്ടപ്പനയില്‍ ഷോപ്പ് സൈറ്റുകള്‍ക്ക് പട്ടയം നല്‍കുന്ന കാര്യത്തില്‍ അവ്യക്തത തുടരുകയായിരുന്നു. 2009 ലെ സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ചട്ടത്തിലെ, ഷോപ്പ് എന്നത് ചെറിയ കടകള്‍ എന്നാണ് വ്യാഖ്യാനിച്ചിരുന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ കടകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് പട്ടയം നല്‍കുന്ന കാര്യത്തില്‍ അവ്യക്തത നിലനിന്നിരുന്നു. തുടര്‍ന്ന് നിരന്തരമായ ഇടപെടലുകളിലൂടെ വിഷയം ക്യാബിനറ്റിന്റെ പരിഗണനയില്‍ കൊണ്ടുവരികയും ഈ അവ്യക്തത നീക്കി പ്രശ്‌നം പരിഹരിക്കുകയുമായിരുന്നു എന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.
കേരളത്തിലെയും അതോടൊപ്പം ഇടുക്കി ജില്ലയിലെയും ഭൂപ്രശ്‌നങ്ങള്‍ ഒന്നൊന്നായി പരിഹരിച്ചു വരുന്നതിന്റെ ഒടുവിലത്തെ തീരുമാനമാണ് ബുധനാഴ്ചത്തെ ഷോപ്പ് സൈറ്റ് പട്ടയവുമായുള്ള ബന്ധപ്പെട്ടുള്ള മന്ത്രിസഭാ യോഗ തീരുമാനം.
1960 ഭൂപതിവു നിയമത്തിന് കീഴിലുള്ള വിവിധ ചട്ടങ്ങള്‍ പ്രകാരം പതിച്ചു നല്‍കിയ വസ്തുവില്‍ വീടു വയ്ക്കുന്നതിനും മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ഉണ്ടായിരുന്ന അവ്യക്തതകള്‍ പരിഹരിക്കുന്നതിനുള്ള നിരവധി ചട്ട നിര്‍മാണങ്ങള്‍ ഇതിനോടകം തന്നെ നടത്തിയിരുന്നു. ഇതിന്റെ അടുത്ത ഘട്ടമായാണ് ഇപ്പോള്‍ ഷോപ്പ് സൈറ്റ് പട്ടയങ്ങള്‍ സംബന്ധിച്ചുള്ള ആശയക്കുഴപ്പവും പരിഹരിച്ചിരിക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.