അടിമാലി മേഖലയിൽ ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും ചൂരകെട്ടാൻകുടി ആദിവാസി സങ്കേതത്തിൽ മണ്ണിടിച്ചിൽ. മണ്ണിടിഞ്ഞ് യുവാവ് അടിയിൽപ്പെട്ടു. നാട്ടുകാരും പോലീസും അഗ്നിരക്ഷാസേനയും സംഭവസ്ഥലത്ത് എത്തി യുവാവിനെ രക്ഷിച്ച് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു

ചൊവ്വാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. അടിമാലി ചൂരകെട്ടാൻ കുടിയിൽ താമസിക്കുന്ന മാങ്കോഴിക്കൽ അരുൺ(39) ആണ് മണ്ണിനടിയിൽപ്പെട്ടത്. അരുണിന്റെ വീടിന്റെ പിൻഭാഗത്ത് വലിയ മൺതിട്ടയാണ്. രാത്രി എട്ടോടെ വീടിന്റെ പിന്നിൽ നിൽക്കുമ്പോൾ മൺതിട്ട ഇടിഞ്ഞ് അരുണിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. അരുണിന്റെ അരയ്ക്കൊപ്പം മണ്ണിനടിയിലായി. നാട്ടുകാരും പോലീസും ചേർന്നാണ് രക്ഷിച്ചത്.
കാലിന് പരിക്കുണ്ട്. സംഭവസമയത്ത് അരുൺ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വൈകീട്ട് അഞ്ചോടെ തുടങ്ങിയ ശക്തമായ മഴ രാത്രിയും തുടർന്നു. മഴയെ തുടർന്ന് നേര്യമംഗലം മേഖലയിലെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ദേവിയാർ പുഴ കരകവിഞ്ഞൊഴുകുന്നു. പുഴയോരത്തെ നിരവധിവീടുകളിൽ വെള്ളം കയറി. അടിമാലി ടൗണിലെ നിരവധി വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.