കട്ടപ്പന ഐടിഐയിലെ കാന്റീൻ തുറന്നു പ്രവർത്തിക്കാത്തതിൽ പ്രതിഷേധിച്ച് എസ്എഫ്ഐയുടെ നേതൃത്വത്തിൽ കഞ്ഞി വെച്ച് പ്രതിഷേധിച്ചു

കട്ടപ്പന ഐടിഐ ക്യാമ്പസിനുള്ളിൽ കാന്റീൻ പ്രവർത്തിച്ചുവന്നിരുന്നതാണ്. എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇതിൻറെ പ്രവർത്തനം നിലച്ചിരിക്കുകയാണ്. ഇത് തുറന്നു പ്രവർത്തിപ്പിക്കാത്തതിൽ പ്രതിഷേധിച്ചുകൊണ്ടാണ് എസ്എഫ്ഐയുടെ നേതൃത്വത്തിൽ ഇന്ന് കഞ്ഞി വെച്ച് പ്രതിഷേധിച്ചത്.
വിദ്യാർത്ഥികൾക്ക് കുറഞ്ഞ നിരക്കിലായിരുന്നു ഇവിടെ ഭക്ഷണങ്ങൾ ലഭിച്ചിരുന്നത്. ഇത് ഇവിടെയെത്തുന്ന വിദ്യാർത്ഥികൾക്ക് വളരെയേറെ പ്രയോജനം ചെയ്തിരുന്നു.സാധാരണക്കാരുടെയും തോട്ടം തൊഴിലാളികളുടെയും അടക്കം മക്കൾ പഠിക്കുന്നതാണ് ഇവിടെ. കാന്റീൻ തുറന്നു പ്രവർത്തിപ്പിക്കാത്തതുമൂലം വലിയ തുക മുടക്കി പുറത്തുപോയി ഭക്ഷണം കഴിക്കേണ്ട സാഹചര്യമാണ്.
ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന കെടുകാര്യസ്ഥതയാണ് ഇതിന് പിന്നിൽ എന്ന് എസ്എഫ്ഐ ആരോപിക്കുന്നു. എസ്എഫ്ഐയുടെ നേതൃത്വത്തിൽ ഈ വിഷയത്തിൽ സമരം ശക്തമാക്കുമ്പോൾ ഇതിനെ അടിച്ചമർത്താൻ ആണ് ബന്ധപ്പെട്ടവർ ശ്രമിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു. തങ്ങൾ ഉന്നയിച്ച വിഷയത്തിൽ പരിഹാരം ഉണ്ടാകുന്നതുവരെ പ്രതിഷേധം ശക്തമായി തുടരാനാണ് എസ്എഫ്ഐയുടെ തീരുമാനം.