ഊര് ഉത്സവം; പണം മുടക്കിയത് ഊരു മൂപ്പൻമാർ, മാസങ്ങൾ കഴിഞ്ഞിട്ടും പണം തിരികെ കിട്ടിയില്ല
പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പട്ടികവർഗ്ഗ ഉന്നതികളിൽ സർക്കാർ സംഘടിപ്പിച്ച ഊര് ഉത്സവത്തിന് ചെലവായി തുക സർക്കാർ നൽകാത്തതിനാൽ ഊരു മൂപ്പന്മാർ പ്രതിസന്ധിയിൽ. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് നേരിടുന്ന പല മൂപ്പന്മാരും കടം വാങ്ങിയും മറ്റുമാണ് ഇതിനായി പണം ചെലവഴിച്ചത്. തുക ലഭിക്കും എന്ന ഉദ്യോഗസ്ഥരുടെ ഉറപ്പ് വിശ്വസിച്ച മൂപ്പന്മാരാണ് കടക്കണിയിൽ ആയിരിക്കുന്നത്.
പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സുവർണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി ഗോത്ര തനിമയും സംസ്കാരവും പ്രതിഫലിക്കുന്ന ജനകീയ ഉത്സവങ്ങൾ സംഘടിപ്പിക്കണമെന്ന സർക്കാർ നിർദ്ദേശപ്രകാരം കഴിഞ്ഞ ജൂലൈയിലാണ് ജില്ലയിലെ ഉന്നതികളി ഊരുത്സവം സംഘടിപ്പിച്ചത്. കലാപരിപാടികൾ, മുതിർന്നവരെ ആദരിക്കൽ, പഠന ക്ലാസുകൾ, ഉന്നതികളിലെ വികസന വിഷയങ്ങളിൽ ചർച്ച തുടങ്ങിയവയായിരുന്നു പരിപാടികൾ.
വാഹന സൗകര്യം ഇല്ലാത്ത ഉന്നതികളിൽ പോലും പരിപാടി സംഘടിപ്പിച്ചു. ഇതിനായി 6000 മുതൽ 25000 രൂപവരെയാണ് മൂപ്പന്മാർ ചിലവാക്കിയത്.ഈ തുക പട്ടികവർഗ്ഗ വികസന വകുപ്പിൽ നിന്ന് ലഭിക്കുമെന്നാണ് അറിയിച്ചിരുന്നതെന്ന് മൂപ്പന്മാർ പറയുന്നു. എന്നാൽ പരിപാടി സംഘടിപ്പിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും പണം കിട്ടാതെ വന്നതോടെ ഓഫീസുകൾ കയറിയിറങ്ങേണ്ട ഗതികേടിലാണ് മൂപ്പന്മാർ. പരിപാടിക്കായി അനുവദിച്ചിരിക്കുന്ന തുക ചെലവഴിച്ചെന്ന വിവരമാണ് ഉദ്യോഗസ്ഥരിൽ നിന്ന് ലഭിക്കുന്നത്. അതിനാൽ തങ്ങൾക്ക് ചെലവായ പണം ഇനി ലഭ്യമാകുമോ എന്ന് ആശങ്കയിലാണ് മൂപ്പന്മാർ.



