തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യവും കാര്യക്ഷമവുമായി പൂര്ത്തിയാക്കി: ജില്ലാ കളക്ടര്;തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്ക്ക് അനുമോദനം
ജില്ലയില് നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയ കാര്യക്ഷമവും സുതാര്യവുമായി പൂര്ത്തിയാക്കാന് കഴിഞ്ഞുവെന്ന് ജില്ലാ കളക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുമായ ഡോ. ദിനേശന് ചെറുവാട്ട്. തിരഞ്ഞെടുപ്പ് ജോലികള്ക്കായി വിന്യസിച്ച ഉദ്യോഗസ്ഥര്ക്ക് കളക്ടറേറ്റില് സംഘടിപ്പിച്ച അനുമോദന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടര്.
തിരഞ്ഞെടുപ്പ് പ്രക്രിയ മികവോടെ പൂര്ത്തീകരിക്കാന് കഴിഞ്ഞത് ജില്ലയിലെ ഉദ്യോഗസ്ഥരുടെ ടീം വര്ക്കിന്റെ വിജയമാണ്. ഏറ്റവും വലിയ ജില്ല, കുറഞ്ഞ ജനസംഖ്യ, സവിശേഷമായ ഭൂപ്രകൃതി, യാത്രാ സൗകര്യങ്ങള് എല്ലാം വെല്ലുവിളിയായിരുന്നു. എന്നാല് എല്ലാറ്റിനെയും അതിജീവിച്ച് തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ദിനം മുതല് വോട്ടെണ്ണല് പ്രക്രിയ വരെ എണ്ണയിട്ട യന്ത്രം പോലെ ഉദ്യോഗസ്ഥരുടെ സംഘം പ്രവര്ത്തിച്ചു. പരാതികള്ക്കിടയില്ലാതെ എസ്. ഐ. ആര് പ്രവര്ത്തനങ്ങള് യഥാസമയം പൂര്ത്തീകരിച്ച ബി.എല്. ഒമാരുടെ സേവനം എടുത്തു പറയേണ്ടതാണെന്നും ജില്ലാ കളക്ടര് പറഞ്ഞു.
ഉദ്യോഗസ്ഥര്ക്കുള്ള സര്ട്ടിഫിക്കറ്റുകളും ചടങ്ങില് കളക്ടര് വിതരണം ചെയ്തു.ജില്ലാ അഡീഷണല് മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ഇടുക്കി സബ് കളക്ടര് അനൂപ് ഗാര്ഗ്, ദേവികുളം സബ് കളക്ടര് ആര്യ വി.എം, ഡെപ്യൂട്ടി കളക്ടര്മാരായ അതുല് സ്വാമിനാഥ്, സുജിത്ത് കരുണ്, എം.സി ജ്യോതി, ഷീബ മാത്യു, കളക്ടറേറ്റ് ശിരസ്തദാര് സി.കെ സജീവ്, തിരഞ്ഞെടുപ്പ് വിഭാഗം ജൂനിയര് സൂപ്രണ്ട് ഹോര്മിസ് കുരുവിള എന്നിവര് സംസാരിച്ചു. വിവിധ നോഡല് ഓഫീസര്മാര്, വകുപ്പ് മേധാവികള് തുടങ്ങിയവര് പങ്കെടുത്തു.





