ഇനി ചന്ദന മരം വെട്ടി വിൽക്കാം ! മനുഷ്യരെ ആക്രമിച്ചാൽ വന്യജീവിയെ ‘ഉടൻ’ കൊല്ലും ; ഈ മാറ്റങ്ങൾ അറിയാം

ജനവാസമേഖലയിലിറങ്ങുന്ന ഏതെങ്കിലും വന്യമൃഗം ഒരാളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചാല്‍ ഉടന്‍ തന്നെ ആ വന്യമൃഗത്തെ കൊല്ലാന്‍ ഉത്തരവിടാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരം നല്‍കുന്നതിനുള്ള കരട് ബില്ലിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തില്‍ ഒരു ഭേദഗതി കൊണ്ടുവരുന്നത്.
ഇപ്പോള്‍ നിലവിലുള്ള കേന്ദ്ര നിയമത്തിലെയും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച രൂപരേഖയിലെ അപ്രായോഗികവും കാലതാമസം വരുത്തുന്നതുമായ നടപടിക്രമങ്ങള്‍ ഒഴിവാക്കി അടിയന്തര നടപടി സ്വീകരിക്കാന്‍ ഇത് സാധ്യമാക്കുന്നതാണ് ഈ ബില്ലിലെ വ്യവസ്ഥകള്‍ എന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.
മാറ്റങ്ങൾ ഇവ ; കലക്ടർ റിപ്പോർട്ട് ചെയ്യണം, സിസിഎഫ് ഉത്തരവിടും.വന്യജീവി ആക്രമണത്തില്‍ ആര്‍ക്കെങ്കിലും ഗുരുതര പരിക്ക് പറ്റിയാല്‍ ബന്ധപ്പെട്ട ജില്ലാ കലക്ടറോ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററോ അക്കാര്യം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് റിപ്പോര്‍ട്ട് ചെയ്താല്‍ അദ്ദേഹത്തിന് മറ്റ് നടപടിക്രമങ്ങള്‍ക്ക് വേണ്ടി സമയം പാഴാക്കാതെ തന്നെ ആ വന്യമൃഗത്തെ കൊല്ലുന്നതിന് ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കാം.
മൃഗങ്ങൾ കൂടിയാൽ നാടുകടത്തും, കൊന്നൊടുക്കും.പട്ടിക രണ്ടിലെ വന്യമൃഗങ്ങളുടെ എണ്ണം വര്‍ദ്ധിച്ചാല്‍ അവയുടെ ജനന നിയന്ത്രണം നടത്തല്‍, മറ്റ് സ്ഥലങ്ങളിലേയ്ക്ക് നാടുകടത്താം. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വാങ്ങണമെന്ന വ്യവസ്ഥ പാലിക്കേണ്ടതില്ല. പട്ടിക രണ്ടിലെ ഏത് വന്യമൃഗത്തെയും അവയുടെ എണ്ണം അനിയന്ത്രിതമായി വര്‍ദ്ധിച്ചു എന്ന് കണ്ടാല്‍ അവയെ ക്ഷുദ്രജീവി ആയി പ്രഖ്യാപിക്കാന്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിനാണ് അധികാരം. ഇതിനു പകരം സംസ്ഥാന സര്‍ക്കാരിന് ഈ അധികാരം നല്‍കുന്നതിനും ബില്ലില്‍ വ്യവസ്ഥ ചേര്‍ത്തിട്ടുണ്ട്.
ഇപ്രകാരം ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ അത്തരം വന്യജീവിയെ ആര്‍ക്ക് വേണമെങ്കിലും ഏതു വിധത്തിലും കൊല്ലാം. അതിന്റെ ഇറച്ചി കഴിക്കുന്നതിനും തടസമുണ്ടാകുന്നതല്ല. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നിവേദനങ്ങള്‍ വഴിയും സംസ്ഥാന നിയമസഭയുടെ പ്രമേയം വഴിയും കേന്ദ്ര സര്‍ക്കാരിനോട് പലതവണ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം അനുമതി നല്‍കയില്ല.
അതിനാല്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരെ ഹോണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്മാരായി സംസ്ഥാന സര്‍ക്കാര്‍ നിയമിക്കുകയും കേന്ദ്ര സര്‍ക്കാരിന്റെ നിബന്ധനകള്‍ക്ക് വിധേയമായി കൊന്ന് സംസ്‌കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയുമാണ്. നാടന്‍ കുരങ്ങുകളെ പട്ടിക ഒന്നില്‍ നിന്നും പട്ടിക രണ്ടിലേക്ക് മാറ്റുന്നതിനും ബില്ലില്‍ വ്യവസ്ഥയുണ്ട്.
ഉടമയ്ക്ക് ചന്ദന മരം വെട്ടാം, വിൽക്കാം.സ്വകാര്യ ഭൂമിയിലെ ചന്ദന മരം വനം വകുപ്പ് മുഖേന മുറിച്ച് വില്‍പന നടത്തുന്നതിനുള്ള കരട് ബില്ലിനും അംഗീകാരം നൽകി. വില്‍പ്പന നടത്തുന്ന ചന്ദന മരത്തിന്റെ വില കര്‍ഷകന് ലഭ്യമാകുന്നതിലൂടെ സംസ്ഥാനത്ത് ചന്ദനകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് സാധ്യമാകുമെന്ന് പ്രതീക്ഷ. ഒരു കിലോ ചന്ദനത്തിന് ഏറ്റവും കുറഞ്ഞത് നാലായിരം മുതല്‍ ഏഴായിരം രൂപ വരെയാണ് ഇപ്പോള്‍ മാര്‍ക്കറ്റ് വില. ചന്ദനത്തിന്റെ ഗുണനിലവാരമനുസരിച്ച് വിലയില്‍ വീണ്ടും വര്‍ദ്ധനവ് ഉണ്ടാകും.
ഇപ്പോള്‍ സ്വന്തം ഭൂമിയില്‍ നിന്നും ചന്ദനമരം മോഷണം പോയാലും സ്ഥലം ഉടമക്കെതിരെ കേസ് എടുക്കേണ്ടി വരുന്നു. അതിനാല്‍ തന്നെ ചന്ദനമരം വച്ചു പിടിപ്പിക്കാന്‍ ആളുകള്‍ തയാറാവുന്നില്ല.നിലവിലുള്ള നിയമപ്രകാരം ഉണങ്ങിയ ചന്ദനമരങ്ങളും അപകടകരമായവയും മുറിക്കുന്നതിനു മാത്രമാണ് അനുമതിയുള്ളത്. സ്വന്തം ആവശ്യത്തിന് വീടു വയ്ക്കുന്നതിനുള്ള സ്ഥലത്തെ മരവും മുറിയ്ക്കാന്‍ അനുമതി നല്‍കുന്നതാണ്.
പക്ഷേ റവന്യൂ വകുപ്പ് പതിച്ചു നല്‍കിയ ഭൂമിയില്‍ ഉള്ള, സര്‍ക്കാരിലേയ്ക്ക് റിസര്‍വ്വ് ചെയ്ത ചന്ദന മരങ്ങള്‍ മുറിക്കാന്‍ ബില്ലില്‍ അനുവാദം നല്‍കുന്നില്ല. ഇതിന് ഭൂമിയ്ക്ക് പട്ടയം നല്‍കുന്നത് സംബന്ധിച്ച് ഭൂപതിവ് റവന്യൂ നിയമങ്ങളില്‍ ഭേദഗതി വരുത്തേണ്ടതാണ്. കോടതിയില്‍ എത്തുന്ന വന കുറ്റകൃത്യങ്ങള്‍ രാജിയാക്കാന്‍ ഇപ്പോള്‍ വ്യവസ്ഥയില്ല. അങ്ങനെയുള്ള ചില കുറ്റകൃത്യങ്ങള്‍ കോടതിയുടെ അനുമതിയോടെ രാജിയാക്കുന്നതിനും ബില്ലില്‍ വ്യവസ്ഥ ചേര്‍ത്തിട്ടുണ്ട്.