കട്ടപ്പന പുളിയൻമല റോഡിൽ ചരക്ക് ലോറി കുടുങ്ങി

വൈകുന്നേരത്തോടെയാണ് സിമന്റുമായി എത്തിയ ടോറസ് വാഹനം പുളിയന്മല ഹിൽടോപ്പ് വളവിൽ കുടുങ്ങിയത്. ചെങ്കുത്തായ ഇറക്കമിറങ്ങുന്ന വേളയിൽ വാഹനത്തിന്റെ ബ്രേക്ക് സംവിധാനത്തിൽ ഉണ്ടായ തകരാർ മൂലമാണ് വാഹനം വളവിൽ കുടുങ്ങിയത്. ബ്രേക്ക് സംവിധാനത്തിൽ തകരാർ ഉണ്ടായതോടെ ഡ്രൈവറുടെ മനസ്സാന്നിധ്യത്തിൽ വാഹനം റോഡിന്റെ വശത്തേക്ക് ഒതുക്കുകയായിരുന്നു. എന്നാൽ റോഡിലെ വളവുകളിലെ വീതി കുറവ് ഇതുവഴിയെത്തിയ മറ്റു ചരക്ക് വാഹനങ്ങൾക്ക് പ്രതിസന്ധി സൃഷ്ടിച്ചു.
അതേസമയം നിരവധി തവണയാണ് വാഹനങ്ങൾ ഇതേ വളവിൽ കുടുങ്ങുന്നത് . ലോഡുമായി വരുന്ന ചരക്ക് വാഹനങ്ങളാണ് മിക്കപ്പോഴും റോഡിന് നടുവിൽ കുടുങ്ങിക്കിടക്കുന്നത്. റോഡിന്റെ അശാസ്ത്രീയമായ നിർമ്മാണമാണ് പ്രതിസന്ധിക്ക് കാരണം. മലയോര ഹൈവേ ആയി പാത ഉയർത്തുമെന്ന പ്രഖ്യാപനകളും ഏതാനും പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ നടപടികൾക്ക് കാലതാമസം നേരിടുകയാണ് . ഇത് തമിഴ്നാട്ടിൽ നിന്ന് അടക്കം എത്തുന്ന ചരക്ക് വാഹനങ്ങൾക്ക് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. വാഹനങ്ങൾ കുടുങ്ങുന്നത് പതിവായിതോടെ അധികൃതർ വെണ്ട നടപടികൾ സത്വരമായി സ്വീകരിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.