വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി പിടിയിൽ

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി പിടിയിൽ. കോട്ടയം മീനച്ചില്‍ സ്വദേശി ഐ.വി. രാജേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തുടനീളം ഇയാൾ പത്ത് കോടിയിലേറെ രൂപ തട്ടിയെടുത്തു. ഒരു വർഷത്തോളമായി ഒളിവിൽ കഴിഞ്ഞ പ്രതിയെ എറണാകുളത്ത് നിന്നാണ് പിടികൂടിയത്.
കൊറിയയില്‍ ജോലി വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം രൂപ തട്ടിയെന്ന തൊടുപുഴ കുമാരമംഗലം സ്വദേശിയുടെ പരാതിയില്‍ 2024-ല്‍ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. ഇയാള്‍ സംസ്ഥാനത്തുടനീളം സമാനരീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കരിങ്കുന്നം, രാമപുരം, ഏനാത്ത്, കുറുവിലങ്ങാട്, അടിമാലി, പാലാ തുടങ്ങി നിരവധി പോലീസ് സ്‌റ്റേഷനുകളിൽ രാജേഷിനെതിരെ കേസുകളുണ്ട്.
ഒളിവില്‍ കഴിയുകയായിരുന്ന രാജേഷിനെ എറണാകുളം പട്ടിമറ്റത്തുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് പോലീസ് സംഘം പിടികൂടിയത്. കൂടുതൽ ആളുകൾ തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇയാള്‍ക്കൊപ്പം തട്ടിപ്പ് നടത്തിയ കരിങ്കുന്നം സ്വദേശി മനുവിനെ തൊടുപുഴ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.