അയ്യപ്പൻകോവിലിൽ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ചു

അയ്യപ്പൻകോവിൽ ചിന്ന സുൽത്താനിയ കോളനിയിൽ മണികണ്ഠൻ്റെ മകൾ ശരണ്യ (23)യ്ക്കാണ് വെട്ടേറ്റത്. സംഭവത്തിൽ ആണ്ടിപ്പെട്ടി സ്വദേശി മാരിമുത്തുവിൻ്റെ മകൻ മദൻകുമാറിനെ ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച 12 ഓടെയാണ് സംഭവം. ആണ്ടിപ്പെട്ടിയിലാണ് മദൻ കുമാറും ,ശരണ്യയും താമസിക്കുന്നത്.
ബാറിൽ ജീവനക്കാരനായ മദൻകുമാർ നിരന്തരം ശരണ്യയോട് വഴക്കിടുമായിരുന്നു.ഉപദ്രവം സഹിക്കാൻ കഴിയാതെ വന്നതോടെ ശരണ്യ വീട്ടിൽ വിവരമറിയിച്ചു. നാലു ദിവസം പിതാവ് മണികണ്ഠൻ ശരണ്യയെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്നു. ശനിയാഴ്ച രാവിലെ സുൽത്താനിയായിൽ എത്തിയ മദൻ കുമാർ കൂടെ വരണം എന്ന് ശരണ്യയോട് ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് മദൻകുമാർ കയ്യിൽ കരുതിയിരുന്ന അരിവാൾ ഉപയോഗിച്ച് ശരണ്യയെ വെട്ടുകയായിരുന്നു. തലയ്ക്കും, കൈയ്ക്കും വെട്ടേറ്റ ശരണ്യ അയൽ വീട്ടിൽ അഭയം തേടി. അവിടെച്ചെന്നും മദൻകുമാർ ബഹളമുണ്ടാക്കി. ഓടിക്കൂടിയ നാട്ടുകാർ ഇയാളെ തടഞ്ഞുവച്ച ശേഷം വിവരം ഉപ്പുതറ സ്റ്റേഷനിൽ അറിയിച്ചു. പോലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ ശരണ്യയെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.