ഭൂപതിവ് ചട്ടഭേദഗതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും ചില സംഘടനകളും വ്യാജ പ്രചരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേരള കോണ്‍ഗ്രസ്(എം) ജില്ലാ നേതാക്കള്‍
വീടുകള്‍ ക്രമവല്‍ക്കരിക്കാന്‍ അപേക്ഷാ ഫീസും മുദ്രപത്ര വിലയും അടയ്‌ക്കേണ്ടി വരുമെന്നു മുള്ള കുപ്രചരണങ്ങളാണ് നടക്കുന്നത്. . നിലവിലുള്ള വാസഗൃഹങ്ങള്‍ ക്രമവല്‍ക്കരിക്കേണ്ടെന്ന് ചട്ടത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വീടുകളോട് അനുബന്ധിച്ചുള്ള ഹോം സ്‌റ്റേ, ചെറുകിട വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവ എന്നിവ മാത്രമാണ് 50 രൂപ അപേക്ഷാ ഫീസ് അടച്ച് ക്രമവല്‍ക്കരിക്കേണ്ടത്.
മന്ത്രിസഭ അംഗീകരിച്ച് നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയിലുള്ള ചട്ട രൂപീകരണ നടപടിക്രമങ്ങളില്‍ ഇനിയും തിരുത്തലുകള്‍ക്ക് അവസരമുണ്ടെന്നിരിക്കെയാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ സംഘടിത ശ്രമം നടക്കുന്നത്. 1964ലെ റൂള്‍ അനുസരിച്ച് പതിച്ചു നല്‍കിയ ഭൂമിയില്‍ ചട്ടലംഘനം നടത്തി വാണിജ്യ ആവശ്യത്തിനായി കെട്ടിടം നിര്‍മിച്ചിട്ടുള്ളതിനാല്‍ അത്തരം ഭൂമിയുടെ പട്ടയം റദ്ദാക്കി കെട്ടിടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സിനെയും കോടതിയെയും സമീപിച്ചത് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളാണ്.
ഭൂപതിവ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി വാണിജ്യ ആവശ്യത്തിന് കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനെ സര്‍ക്കാര്‍ നിരോധനമില്ലാതിരുന്നപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡന്റ് പരാതിയെ തുടര്‍ന്ന് ജില്ലയില്‍ ആദ്യമായി പള്ളിവാസല്‍ വില്ലേജിലെ ഒരേക്കര്‍ വസ്തുവിന്റെ പട്ടയം റദ്ദാക്കുകയും സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്ത സാഹചര്യമുണ്ടായി. മൂന്നാറിലെ എട്ടു വില്ലേജുകളില്‍ ഒതുങ്ങി നിന്ന നിരാക്ഷേപ സാക്ഷ്യ പത്രത്തെ കേരളം മുഴുവന്‍ ബാധമാക്കാന്‍ ഇടയാക്കിയതും കോണ്‍ഗ്രസ് നേതാക്കളാണ്.
നിയമം ഭേദഗതി ചെയ്യാതെ ചട്ടം ഭേദഗതി ചെയ്യാനാവില്ലെന്ന് നിയമോപദേശം ലഭിച്ചതോടെയാണ് നിയമഭേദഗതിയും തുടര്‍ന്ന് ചട്ട രൂപീകരണവും സര്‍ക്കാര്‍ നടത്തിയത്. ഇതിന് മുന്‍കൈ എടുത്ത സര്‍ക്കാരിനെയും മന്ത്രി റോഷി അഗസ്റ്റിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ ശക്തമായി പ്രതിരോധിക്കുമെന്നും കേരള കോണ്‍ഗ്രസ്(എം) ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാകുന്നേല്‍, മനോജ് എം.തോമസ്, റെജി കുന്നംകോട്ട്, ജിന്‍സന്‍ വര്‍ക്കി, ഷാജി കൂത്തോടി, ബിജു വാഴപ്പനാടി എന്നിവര്‍ പറഞ്ഞു.



