കേര പദ്ധതി: ജില്ലയിലെ ഏലം കർഷകർക്ക് പരിശീലന പരിപാടിയ്ക്ക് തുടക്കമായി

May 26, 2026 - 15:40
 0
കേര പദ്ധതി: ജില്ലയിലെ ഏലം കർഷകർക്ക് പരിശീലന പരിപാടിയ്ക്ക് തുടക്കമായി
This is the title of the web page

തൊടുപുഴ: കൃഷി വകുപ്പ് ലോകബാങ്കിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഏലം കർഷകർക്ക് കാലാവസ്ഥ പ്രതിരോധ ശേഷിയുള്ള കൃഷിരീതികളെയും പുനർനടീൽ പദ്ധതിയെയും കുറിച്ചുള്ള ബോധവൽക്കരണ-പരിശീലന പരിപാടികൾക്ക് തുടക്കമായി. സ്പൈസസ് ബോർഡിന്റെ സഹകരണത്തോടെയാണ് പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നത്. 

കൂട്ടാറിലെ കരുണാപുരം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ബിനു ഉദ്ഘാടനം ചെയ്തു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ശാസ്ത്രീയ കൃഷിരീതികളും ഉയർന്ന ഉൽപാദനക്ഷമതയുള്ള ഇനങ്ങളും അനിവാര്യമാണെന്നും കർഷകർക്ക് അനുഗുണമാവുന്ന രീതിയിൽ ഏലം പുനർനടീൽ വ്യാപകമാക്കാൻ കേര പദ്ധതി സഹായകരമാണെന്നും, ലഭ്യമായ ധനസഹായം പരമാവധി പ്രയോജനപ്പെടുത്തുവാൻ കർഷകർ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മാത്യൂസ് മറ്റപ്പള്ളി അധ്യക്ഷത വഹിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മൈലാടുംപാറ ഐ.സി.ആർ.ഐ. റിസർച്ച് അസ്സോസിയേറ്റ്, ജെയ്‌സൺ പോൾ മുഖ്യ പ്രഭാഷണം നടത്തി. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്ന ഇനങ്ങൾ, മണ്ണ് സംരക്ഷണ മാർഗങ്ങൾ, സംയോജിത കീടനിയന്ത്രണം, സുരക്ഷിത കീടനാശിനി പ്രയോഗം തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം ക്ലസ്സെടുത്തു. ശാസ്ത്രീയ കൃഷിമുറകൾ സ്വീകരിക്കുന്നതിലൂടെ ഉൽപാദനക്ഷമതയും വരുമാനവും വർധിപ്പിക്കാനാകുമെന്ന് കർഷകരുടെ സംശയങ്ങൾക്ക് വ്യക്തമായ മറുപടി നൽകവെ അദ്ദേഹം പറഞ്ഞു.

കേരയുടെ ഏലം പുനർ നടീൽ പദ്ധതി പ്രകാരം ഹെക്ടറിന് ഒരു ലക്ഷം രൂപ നിരക്കിൽ ധനസഹായം ലഭ്യമാക്കുന്ന സ്കീമിലൂടെ കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ള, ഉയർന്ന ഉൽപാദനക്ഷമതയുള്ള ഏലം ഇനങ്ങൾ വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. 25 സെന്റ് മുതൽ 8 ഹെക്ടർ വരെ കൃഷിയുള്ള കർഷകർക്ക് പരമാവധി 2 ഹെക്ടർ വരെയുള്ള പുനർനടീലിനാണ് ആനുകൂല്യം ലഭിക്കുക. കൂടാതെ, ഗ്യാപ് (GAP) സർട്ടിഫിക്കേഷനായി ചെലവാകുന്ന തുക പദ്ധതിയിലൂടെ റീഇംബഴ്‌സ് ചെയ്യുകയും നിലവാരമുള്ള തൈകൾ ഉൽപാദിപ്പിക്കുന്ന നഴ്സറികൾക്ക് സബ്സിഡി അനുവദിക്കുകയും ചെയ്യും. രണ്ടു വർഷമായി തുല്യ ഗഡുക്കളായായിരിക്കും സഹായധനം വിതരണം ചെയ്യുക.

മറ്റ് ഏജൻസികളിൽ നിന്നും സമാന ധനസഹായം നേടിയവരല്ലാത്ത കർഷകർക്കും നഴ്സറികൾക്കും ഓൺലൈൻ പോർട്ടൽ (https://www.keraplantalon.kerala.gov.in) വഴി നേരിട്ട് രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്റ്റർ ചെയ്യുന്ന കർഷകരെ പരിശീലന പരിപാടികളിലേക്ക് ക്ഷണിക്കും. അർഹരായ കർഷകർക്ക് ധനസഹായം ലഭ്യമാക്കുന്നതിനും പദ്ധതി നടപ്പിലാക്കുന്നതിനുമായി കേര ഫീൽഡ് ഓഫീസർമാരുടെ നേരിട്ടുള്ള പിന്തുണയും ഉറപ്പുവരുത്തും. 

തിരിച്ചറിയൽ രേഖ, ഫോട്ടോ, ബാങ്ക് പാസ് ബുക്ക്, കാർഡമം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, കൃഷിയിടത്തിന്റെ നികുതി രസീത്, ഭൂസർവ്വേ സ്‌കെച്ച് തുടങ്ങിയ രേഖകൾ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ഹാജരാക്കേണ്ടതാണ്. 

കൂടുതൽ വിവരങ്ങൾക്ക് കേരയുടെ റീജിയണൽ ഓഫീസർമാരെയോ 7994346009 എന്ന നമ്പറിലോ ബന്ധപ്പെടുക. ഇടുക്കി ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും ഇത്തരം പരിശീലന പരിപാടികൾ സംഘടിപ്പിക്കുമെന്ന് കേര കോട്ടയം റീജിയണൽ പ്രൊജക്റ്റ് മാനേജ്‌മന്റ് യൂണിറ്റ് അധികൃതർ അറിയിച്ചു. കേര ഫീൽഡ് ഓഫീസർമാരായ എ.എം ശങ്കരി സ്വാഗതവും മെറിൻ പോൾ നന്ദിയും പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow