ഭൂപതിവ് ചട്ട ഭേദഗതിയിലൂടെ വീടുകൾ ചട്ടലംഘനമാണെന്നും ക്രമ വൽക്കരണം മലയോര ജനതയെ രണ്ടാംകിട പൗരന്മാർ ആക്കാനുള്ളതാണെന്നും ഈ നിർദ്ദേശം പിൻവലിക്കണമെന്നും ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി
മലയോര ജനതയെ രണ്ടാംകിട പൗരന്മാർ ആക്കുന്ന തരത്തിലുള്ള ചട്ട ഭേദഗതിയാണ് എൽഡിഎഫ് സർക്കാർ നടപ്പിലാക്കുന്നത്. അപേക്ഷാഫീസും മുദ്രപ്പത്രത്തിന്റെ വിലയും അടിച്ച് ക്രമവത്ക്കരിക്കാനാണ് സർക്കാർ ആവശ്യപ്പെടുന്നത്. റിസോർട്ട് നിർമ്മാണത്തിന് നിരോധന ഉത്തരവ് നൽകിയതിനെതിരെ 2016 ഒക്ടോബറിൽ നൽകിയ കേസുകളിൽ സർക്കാരിനു വേണ്ടി ഹാജരായ സിപിഐ നേതാവായ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ രഞ്ജിത്ത് തമ്പാൻ 1964 നിയമപ്രകാരമുള്ള പട്ടയ ഭൂമിയിൽ കൃഷി ചെയ്യുന്നതിനും വീട് നിർമ്മാണത്തിനും മാത്രമാണ് അനുമതിയുള്ളതെന്നും അല്ലാതെയുള്ള നിർമാണങ്ങൾ നിയമവിരുദ്ധമാണെന്നും നിലപാട് സ്വീകരിച്ചു.
സർക്കാരിന്റെ ഈ വാദം അംഗീകരിച്ചാണ് പട്ടയ വ്യവസ്ഥകൾ ലംഘിച്ചുള്ള നിർമ്മാണം പാടില്ലെന്ന് കോടതി പറഞ്ഞത്. ഈ കോടതിവിധിയെ തുടർന്നാണ് ഭൂപതിവ് നിയമം ലംഘിച്ചുള്ള നിർമാണം പാടില്ലെന്ന ഉത്തരവ് ഒന്നാം പിണറായി സർക്കാർ ഇറക്കിയത്. ഇതിനെ തുടർന്നാണ് ജില്ലയിലെ ഭൂപ്രശ്നങ്ങൾ സങ്കീർണ്ണം ആകുന്നത്. സ്വന്തം സർക്കാരിന്റെ വീഴ്ച കൊണ്ട് ഉണ്ടായ പ്രശ്നങ്ങൾ കോടതി ഉത്തരവിന്റെ പേരിലാക്കി രക്ഷപ്പെടാനാണ് സിപിഎം ജില്ലാ സെക്രട്ടറി അടക്കമുള്ള എല്ലാ ഇടതു നേതാക്കളുടെയും നീക്കം.
ജില്ലയിൽ നിലവിലുള്ള ഭൂ പ്രശ്നങ്ങളൊന്നും പരിഹരിക്കാൻ നിലവിലെ ചട്ട ഭേദഗതി കൊണ്ട് കഴിയില്ല. നിർമ്മാണ നിരോധനം അതേപടി തന്നെ തുടരും. ദുരന്തനിവാരണ പ്രകാരം നിർമ്മാണ നിയന്ത്രണമുള്ള 13 പഞ്ചായത്തുകളിലെ നിർമ്മാണങ്ങളും നിയമവിരുദ്ധമായി തുടരും. കട്ടപ്പനയിലെ അടക്കമുള്ള ഷോപ്പ് സൈറ്റുകളുടെ വിതരണത്തെ ചട്ടഭേദഗതി പ്രതികൂലമായി ബാധിക്കും എന്ന ആശങ്കയും നിലനിൽക്കുകയാണ്.
പതിറ്റാണ്ടുകളായി താമസിക്കുന്ന വീടുകൾ ചട്ടലംഘനം ആക്കി ജനങ്ങളെ കൊള്ളയടിക്കുന്ന ഓണസമ്മാനത്തിലും നല്ലത് ജില്ലയിലെ ജനങ്ങളെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുന്നതായിരുന്നു എന്ന് മന്ത്രി റോഷി ആഗസ്റ്റിൻ മനസ്സിലാക്കണം. ജില്ലയെ ബാധിക്കുന്ന അടിസ്ഥാന ഭൂ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു നടപടിയും സ്വീകരിക്കാതെയാണ് ജില്ലയിലെ ഭൂപ്രശസ്തങ്ങളെല്ലാം ശാശ്വതമായി പരിഹരിച്ചു എന്ന കള്ള പ്രചരണവുമായി മുഖ്യമന്ത്രിയും ഇടതു നേതാക്കളും രംഗത്ത് വന്നിരിക്കുന്നത്. ജില്ലയിലെ വിഷയങ്ങളെപ്പോലും കൃത്യമായി പഠിക്കാതെ പ്രസ്താവന നടത്തുന്ന സിപിഎം ജില്ലാ സെക്രട്ടറി ജനങ്ങളോട് മാപ്പ് പറയണം എന്നും ജനദ്രോഹമായ ചട്ട ഭേദഗതി പിൻവലിക്കണം എന്നും ബിജോ മാണി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഡിസിസി വൈസ് പ്രസിഡന്റ് മുകേഷ് മോഹൻ, ബ്ലോക്ക് പ്രസിഡണ്ട് തോമസ് മൈക്കിൾ, മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ, യൂത്ത് കോൺഗ്രസ് ഉടുമ്പൻചോല നിയോജകമണ്ഡലം പ്രസിഡന്റ് ആനന്ത് തോമസ്, ജോസ് ആനക്കല്ലിൽ, ലിജോ പേരാലിങ്കൽ , കുര്യാക്കോസ് കാനാട്ട് എന്നിവരും ഉണ്ടായിരുന്നു.



