കട്ടപ്പന നഗരത്തിൽ അടിക്കടി ഉണ്ടാകുന്ന വൈദ്യുതി തടസ്സത്തിന് അടിയന്തരമായി പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധ സമരത്തിലേക്ക് നീങ്ങുമെന്ന സൂചനയുമായി കട്ടപ്പന മർച്ചന്റ് അസോസിയേഷൻ

കട്ടപ്പന നഗരത്തിൽ ഇടവിട്ട ദിവസങ്ങളിൽ വൈദ്യുതി ലൈൻ അറ്റകുറ്റപ്പണികളുടെ പേരിൽ മുഴുവൻ സമയ വൈദ്യുതി മുടക്കത്തിന് പുറമേ അപ്രഖ്യാപിത വൈദ്യുതി മുടക്കവും പതിവായി മാറിയിരിക്കുകയാണ്. ഇതുമൂലം കട്ടപ്പനയിലെ വ്യാപാര മേഖലയും പൊതുജനങ്ങളും കടുത്ത പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.
പരാതി ബോധിപ്പിക്കുന്നതിനായി കട്ടപ്പന കെഎസ്ഇബി ഓഫീസിലേക്ക് വിളിച്ചാൽ തീർത്തും നിരുത്തരവാദിത്തപരമായ മറുപടിയോ അല്ലെങ്കിൽ ഫോൺ എടുക്കാതിരിക്കുകയോ ചെയ്യുന്ന സമീപനമാണ് ജീവനക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും കട്ടപ്പന മർച്ചൻറ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.
ഈ ഓണക്കാലത്ത് പോലും നിരു ഉത്തരവാദിത്വത്തോടെയുള്ള കട്ടപ്പന കെഎസ്ഇബിയുടെ നീക്കം പൊതുജനങ്ങളോടുള്ള വെല്ലുവിളിയായി മാറുകയാണെന്നും പറയുന്നു.ഇതിൽ പ്രതിഷേധിച്ചുകൊണ്ടാണ് കട്ടപ്പന മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ശക്തമായ സമരത്തിലേക്ക് നീങ്ങാൻ ഒരുങ്ങുന്നത്. ഇതിൻറെ ആദ്യപടിയായി അസോസിയേഷന്റെ നേതൃത്വത്തിൽ കട്ടപ്പന കെഎസ്ഇബി ഓഫീസിൽ എത്തി നിവേദനം കൈമാറി.
അടിയന്തരമായി ഈ വിഷയത്തിൽ പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങാനാണ് തീരുമാനവും. ഓണസമയത്ത് വിപണി പ്രതീക്ഷിച്ചിരിക്കുന്ന വ്യാപാരികൾക്ക് അപ്രഖ്യാപിത വൈദ്യുതി മുടക്കം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നതും. കട്ടപ്പന മർച്ചൻറ് അസോസിയേഷൻ പ്രസിഡണ്ട് സാജൻ ജോർജ് ജനറൽ സെക്രട്ടറി ജോഷി കുട്ടട എന്നിവരുടെ നേതൃത്വത്തിലാണ് കെഎസ്ഇബി ഓഫീസിലെത്തി നിവേദനം കൈമാറിയത്.