കട്ടപ്പനയുടെ കുടിയേറ്റ ചരിത്രത്തിന്റെ ഭാഗമായുള്ള സർക്കാർ ഓഫീസ് കട്ടപ്പനയിൽ നിന്നും നെടുങ്കണ്ടത്തേക്ക് മാറ്റി സ്ഥാപിക്കുവാനുള്ള നടപടിയിൽ പ്രതിഷേധവുമായി സിപിഐ കട്ടപ്പന മണ്ഡലം കമ്മിറ്റി രംഗത്ത്

മൃഗസംരക്ഷണ വകുപ്പിന്റെ കന്നു കുട്ടി പരിപാലന പദ്ധതിയുടെ ജില്ല ഓഫീസ് കട്ടപ്പനയിൽ നിന്നും മാറ്റുവാനുള്ള നടപടിയിൽ ശക്തമായ പ്രതിഷേധമാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്. സിപിഐ കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന മാർക്കറ്റ് ഭാഗത്ത് പ്രവർത്തിക്കുന്ന ഓഫീസിൽ നേരിട്ട് എത്തി പ്രതിഷേധം അറിയിച്ചു.
കട്ടപ്പന നഗരസഭ വക കെട്ടിടത്തിൽ മാർക്കറ്റിനുള്ളിലാണ് മൃഗസംരക്ഷണ വകുപ്പിന്റെ കന്നു കുട്ടി പരിപാലന പദ്ധതിയുടെ ജില്ല ഓഫീസ് പ്രവർത്തിക്കുന്നത്. 1991ൽ സ്ഥാപിതമായതാണ് ഈ ഓഫീസ്. കഴിഞ്ഞ നാലുമാസം മുമ്പ് ജില്ലാ ഓഫീസർ കട്ടപ്പനയിൽ നിന്നും ഈ ഓഫീസ് നെടുങ്കണ്ടത്തേക്ക് മാറ്റി പ്രവർത്തിപ്പിക്കുവാൻ റിക്വസ്റ്റ് നൽകിയതായി അറിഞ്ഞതോടെയാണ് പ്രതിഷേധവുമായി സിപിഐ നേതാക്കൾ എത്തിയത്.
കട്ടപ്പനയുടെ കുടിയേറ്റ ചരിത്രത്തിന്റെ ഭാഗമായി ഓഫീസ് കട്ടപ്പനയിൽ തന്നെ നിലനിർത്താൻ നടപടി സ്വീകരിക്കുമെന്നും വിഷയം ബന്ധപ്പെട്ട വകുപ്പ് മന്ത്രിയുടെ മുൻപാകെ അറിയിച്ചിട്ടുണ്ടെന്നും സിപിഐ ജില്ലാ കമ്മറ്റി അംഗം വി ആർ ശശി പറഞ്ഞു.നിലവിൽ ഇത്തരത്തിലുള്ള സർക്കാർ ഓഫീസുകൾ മാറിപ്പോകുന്ന സാഹചര്യമുണ്ടായാൽ കട്ടപ്പനയുടെ വികസനത്തെ തന്നെ ഇത് പ്രതികൂലമായി ബാധിക്കും.
അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് ഈ ഓഫീസ് മാറ്റുവാൻ കാരണമെന്ന് ഉദ്യോഗസ്ഥർ പറയുന്നുണ്ടെങ്കിലും ചില ഉദ്യോഗസ്ഥരുടെ താൽപര്യമാണ് ഇതിന് പിന്നിൽ എന്നാണ് നേതാക്കൾ പറയുന്നത്. ഈ വിഷയത്തിൽ കട്ടപ്പന വ്യാപാരി വ്യവസായി ഏകോപനസമിതി സിപിഐ കട്ടപ്പന മണ്ഡലം കമ്മിറ്റിക്ക് നിവേദനം നൽകിയിരുന്നു.
കന്നുക്കുട്ടി പരിപാലന പദ്ധതിക്കായി ജില്ലയിൽ രണ്ട് ഓഫീസുകൾ ആണുള്ളത് അതിൽ ഒന്നാണ് കട്ടപ്പനയിലെത്. സ്പെഷ്യൽ ലൈവ് സ്റ്റോക്ക് ബ്രീഡിങ് പ്രോഗ്രാമാണ് പ്രധാനമായും ഈ ഓഫീസ് മുഖാന്തിരം നടക്കുന്നത്. കൂടാതെ സൊസൈറ്റികൾ വഴി വിതരണം ചെയ്യുന്ന കേരള ഫീഡ്സ് കാലിത്തീറ്റയുടെ വിതരണവും ഈ ഓഫീസ് മുഖാന്തരം ആണ് നടക്കുന്നത്.അടിയന്തരമായി വിഷയം സർക്കാർ ശ്രദ്ധയിൽ കൊണ്ടുവന്ന അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ ഒരുക്കി ഈ ഓഫീസ് കട്ടപ്പന തന്നെ നിലനിർത്താൻ നടപടി സ്വീകരിക്കുമെന്ന് സിപിഐ നേതാക്കൾ പറഞ്ഞു.