മാട്ടുകട്ട ചന്തമുക്കിൽ അപകടം തുടർകഥയാകുന്നു

മേരികുളത്തു നിന്നും മാട്ടുകട്ട ടൗണിലേക്കുള്ള വഴിയിൽ മാട്ടുകട്ട ചന്തമുക്കിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടാകുന്ന അപകടങ്ങൾ നിത്യസംഭവമായി മാറുകയാണ്. ഇന്നലെ രാവിലെ സ്കൂട്ടർ യാത്രകാരനായ പോലീസ് ഉദ്യോഗസ്ഥൻ സഞ്ചരിച്ചിരുന്ന സ്കൂട്ടറുമായി ഓട്ടോറിക്ഷ ഇടിച്ചതിനെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥൻ്റ കാലിന് പരിക്കേറ്റിരുന്നു.
കഴിഞ്ഞ ഒരു മാസത്തിനിടയിൽ ഇത് നാലാമത്തെ അപകടമാണ്, മേരികുളത്തു നിന്നോ മാട്ടുകട്ടയിൽ നിന്നോ എത്തുന്ന വാഹനങ്ങൾ മാട്ടുകട്ട ചന്തയിലേക്കു പ്രവേശിക്കുവാൻ തിരിക്കുന്നതിനിടയിലും അലക്ഷ്യമായ ഡ്രൈവിംഗ് കൊണ്ടുമാണ് പലപ്പോഴും അപകടങ്ങളുണ്ടാകുന്നത്.അപകടമുണ്ടാകുന്നതിന് തൊട്ടടുത്തായി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനവും പ്രവർത്തിച്ചു വരുന്നുണ്ട്.
പഴയ തീയേറ്ററിനു മുമ്പിൽ നിന്നും ചന്ത ഭാഗത്തേക്ക് റോഡ് മുറിച്ചു കടക്കണ്ട സ്ഥലത്ത് പൊതുജനങ്ങൾക്കായി സീബ്രാലൈൻ ഉണ്ടാകേണ്ടതത്യാവശ്യമാണ്. എന്നാൽ നിർമ്മാണം പൂർത്തിയാക്കിയിട്ടും സീബ്രാലൈൻ വരച്ചു ചേർക്കുവാൻ മലയോര ഹൈവേ അധികൃതർ തയ്യാറായിട്ടുമില്ല.റോഡിൽ സീബ്രാ ലൈനോ മുന്നറിയിപ്പ് ബോർഡോ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.