ആനയിറങ്കൽ ജലാശയത്തിൽ വള്ളം മറിഞ്ഞു കാണാതായ അഥിതി തൊഴിലാളിക്കുവേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിച്ചു

ആനയിറങ്കൽ ജലാശയത്തിൽ വള്ളം മറിഞ്ഞ് കാണാതായ അതിഥി തൊഴിലാളിയെ കണ്ടെത്താനുള്ള തിരച്ചിൽ പുനരാരംഭിച്ചു . തിങ്കളാഴ്ച വൈകുന്നേരം 4 മണിക്കാണ് മധ്യപ്രദേശ് സ്വദേശി സന്ദീപ് സിങ് റാം(26) വള്ളം മറിഞ്ഞ് ജലാശയത്തിൽ വീണത്.
ഇയാളോടൊപ്പം വള്ളത്തിൽ ഉണ്ടായിരുന്ന 4 അതിഥി തൊഴിലാളികളും, തുഴച്ചിൽകാരനും നീന്തി രക്ഷപ്പെട്ടിരുന്നു. ജലാശയത്തിന്റെ മറുകരയിലുള്ള പച്ചമരത്തെ ഏലത്തോട്ടത്തിൽ ജോലി കഴിഞ്ഞ ശേഷം വള്ളത്തിൽ മടങ്ങി വരുമ്പോഴാണ് ഇവർ സഞ്ചരിച്ച വള്ളം ശക്തമായ കാറ്റിൽ മറിഞ്ഞത്. ഉടൻ തന്നെ നാട്ടുകാരും പിന്നീട് മൂന്നാറിൽ നിന്നുള്ള അഗ്നിശമനസേനയും തിരച്ചിൽ നടത്തിയെങ്കിലും സന്ദീപ് സിങ് റാമിനെ കണ്ടെത്താനായില്ല. തുടർന്ന് ഇന്നലെ തൊടുപുഴയിൽ നിന്നും ഫയർഫോഴ്സ് സ്കൂബ ടീം സ്ഥലത്തെത്തി വള്ളം മറിഞ്ഞ ഭാഗത്ത് മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ പരിശോധന നടത്തിയിരുന്നു.
എന്നാൽ സന്ദീപ് സിങ് റാമിനെ കണ്ടെത്താൻ കഴിഞ്ഞില്ല.തുടർന്ന് ഇന്ന് രാവിലെ ദുരന്ത നിവാരണ സേനയുടെയും റവന്യു വകുപ്പിന്റെയും നേതൃത്വത്തിൽ തിരച്ചിൽ പുനരാരംഭിച്ചു ജലാശയത്തിന്റെ ആഴവും പ്രതികൂല കാലാവസ്ഥയും വെല്ലുവിളി സൃഷ്ടിക്കുന്നതായി ചിന്നക്കനാൽ വില്ലേജ് ഓഫിസർ സന്തോഷ്കുമാർ പറഞ്ഞു.
ദുരന്ത നിവാരണ സേനയിൽ നിന്നുള്ള 24 അംഗങ്ങൾ ആണ് തിരച്ചിൽ നടത്തുന്നത് രണ്ട് ടീം ആയിട്ടാണ് തിരച്ചിൽ നടത്തുന്നത് ഇന്ന് കണ്ടെത്തുവാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് റവന്യു വകുപ്പും ദുരന്തനിവാരണ സേനയും.