ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ജീപ്പ് സഫാരിക്ക് കലക്ടര്‍ ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ മോട്ടോര്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി 14 ന് കലക്ടറേറ്റ് പടിക്കല്‍ മാര്‍ച്ചും ധര്‍ണയും നടത്തും

ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ജീപ്പ് സഫാരിക്ക് കലക്ടര്‍ ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ മോട്ടോര്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി തിങ്കള്‍ രാവിലെ 10ന് കലക്ടറേറ്റ് പടിക്കല്‍ മാര്‍ച്ചും ധര്‍ണയും നടത്തും. എം എം മണി എംഎല്‍എ ഉദ്ഘാടനം ചെയ്യും.ജീപ്പ് സഫാരി നിരോധിച്ചത് സാധാരണക്കാരായ ഡ്രൈവര്‍മാരോടുള്ള വെല്ലുവിളിയാണെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി.
സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, സിഐടിയു ജില്ലാ പ്രസിഡന്റ് ആര്‍ തിലകന്‍, സെക്രട്ടറി കെ എസ് മോഹനന്‍, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി എസ് രാജന്‍ എന്നിവര്‍ സംസാരിക്കും.ലക്ഷക്കണക്കിന് സഞ്ചാരികളാണ് ജില്ലയില്‍ എത്തുന്നത്. എന്നാല്‍, മറ്റ് വാഹനങ്ങള്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്ത പല വിനോദസഞ്ചാര കേന്ദ്രങ്ങളിലും ജീപ്പ് സഫാരിയാണ് ആശ്രയം.
യാതൊരു കൂടിയാലോചനകളുമില്ലാതെ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ടൂറിസത്തിന് തിരിച്ചടിയാകും. കൂടാതെ, മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് ഡ്രൈവര്‍മാരെയും അവരുടെ കുടുംബങ്ങളെയും വഴിയാധാരമാക്കും. മുമ്പ് സാധാരണക്കാരായ വഴിയോര കച്ചവടക്കാരെയും ഒഴിപ്പിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
തൊഴിലാളികള്‍ക്കുനേരെയുള്ള ഗൂഢനീക്കമാണിതെന്ന് സംശയിക്കുന്നു. കലക്ടറും ചില ഉദ്യോഗസ്ഥരും നടത്തിവരുന്ന ഇത്തരം ശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് ആവശ്യമുയരുന്നത്.
ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിട്ടും അനുകൂല നടപടി ഉണ്ടാകാത്തതിനാലാണ് ഡ്രൈവര്‍മാരെയും തൊഴിലാളികളെയും പങ്കെടുപ്പിച്ചുള്ള കലക്ടറേറ്റ് മാര്‍ച്ച് നടത്തുന്നതെന്നും സിഐടിയു ജില്ലാ സെക്രട്ടറി കെ എസ് മോഹനന്‍, പ്രസിഡന്റ് ആര്‍ തിലകന്‍,ജില്ല സെക്രട്ടറിയേറ്റ് അംഗം പി. എസ്. രാജൻ, നേതാക്കളായ വി ആര്‍ സജി, മാത്യു ജോര്‍ജ്, എം സി ബിജു, ടോമി ജോര്‍ജ് എന്നിവര്‍ അറിയിച്ചു.