കട്ടപ്പന താലൂക്ക് ആശുപത്രിയിലെ പാർക്കിംങ് ഗ്രൗണ്ടിന്റെ പ്രവേശന റോഡ് തകർന്നിട്ട് നാളുകൾ പിന്നിട്ടിട്ടും നടപടിയില്ല

കട്ടപ്പന താലൂക്ക് ആശുപത്രിയിലെ പാർക്കിംഗ് ഗ്രൗണ്ടിലേക്ക് വാഹനങ്ങൾ കയറ്റണമെങ്കിൽ ഡ്രൈവർമാർ അല്പം ഓഫ് റോഡ് പരിശീലനം നേടണം. ആശുപത്രിയിൽ എത്തുന്നവരുടെ വാഹനം പാർക്ക് ചെയ്യാൻ സ്ഥലമില്ലാതെ വന്നതോടെ ഏതാനും വർഷങ്ങൾക്കു മുമ്പാണ് പാർക്കിംഗ് സൗകര്യം ഒരുക്കിയത്. എന്നാൽ അന്നുമുതൽ ഈ പാർക്കിംഗ് സൗകര്യം കാര്യക്ഷമമല്ല എന്ന പരാതി തുടർന്നിരുന്നു.
അതിനോടൊപ്പമാണ് പാർക്കിങ്ങിലേക്ക് വാഹനങ്ങൾ കയറുന്ന ഭാഗം പൊട്ടിപ്പൊളിഞ്ഞ് വലിയ കട്ടിംഗ് രൂപപ്പെട്ടിരിക്കുന്നത്. വാഹനങ്ങൾ ഏറെ ശ്രമപ്പെട്ട് വേണം പാർക്കിങ്ങിലേക്ക് കയറാൻ. കാറടക്കമുള്ള വാഹനങ്ങൾ ഗ്രൗണ്ടിൽ കയറുന്ന വേളയിൽ അടി ഭാഗം ഇടിക്കുകയും കേടുപാടുകൾ സംഭവിക്കുന്നതും പതിവാണ്.
ആശുപത്രിയിൽ ആംബുലൻസ് അടക്കം എത്തുമ്പോൾ മറ്റു വാഹനങ്ങൾ ആശുപത്രിക്ക് മുൻപിലെ ചെറിയ ഇടയിൽ പാർക്ക് ചെയ്യുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. പാർക്കിംഗ് സൗകര്യമുണ്ടെങ്കിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ സാധിക്കാത്ത സ്ഥിതിയിലാണ് ആളുകൾ വാഹനങ്ങൾ ആശുപത്രിക്ക് മുൻപിലെ ചെറിയ ഗ്രൗണ്ടിൽ നിർത്തിയിടുന്നത്.
അതിനോടൊപ്പം ആശുപത്രിയിലേക്ക് എത്തുന്നവർ പ്രധാനമായി ഇരുപതേക്കർ പൊന്നിക്കവല റോഡിന്റെ വശങ്ങളിൽ നിർത്തിയിടുന്നു.ഇത് ഗതാഗത തടസ്സത്തിനും കാരണമാകുന്നുണ്ട്. അതിനോടൊപ്പം ആശുപത്രിയിലേക്ക് രോഗിയുമായി എത്തുന്ന വാഹനങ്ങൾ സൈഡ് കൊടുക്കുമ്പോൾ പാർക്കിങ്ങിനു സമീപത്തെ കട്ടിങ്ങിൽ ഇറങ്ങി കേടുപാടുകൾ സംഭവിക്കുന്നത് പതിവാണെന്നും ആളുകൾ പറയുന്നു. അടിയന്തരമായി പാർക്കിംഗ് സൗകര്യം പ്രയോജനപ്പെടുന്ന രീതിയിൽ ക്രമീകരിക്കണമെന്ന ആവശ്യമാണ് ഉയർന്നു വരുന്നത്.