കട്ടപ്പന നഗരസഭ മൃഗാശുപത്രിയിൽ ഡോക്ടർ ഇല്ലാത്തതിനാൽ ക്ഷീര കർഷകർ ഉൾപ്പെടെ പ്രതിസന്ധിയിൽ

കാർഷിക മേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്ന കട്ടപ്പന നഗരസഭയ്ക്ക് കീഴിലെ പ്രധാന മൃഗാശുപത്രിയിൽ ഡോക്ടർ സ്ഥലം മാറിപ്പോയിട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും പകരം ഡോക്ടറെ നിയമിക്കുവാൻ ഇതുവരെയും നടപടി ആയില്ല. ഇതോടെ ഈ ആശുപത്രിയുമായി ബന്ധപ്പെട്ട് നിൽക്കുന്ന ക്ഷീര കർഷകർ മറ്റ് മൃഗങ്ങളെ പരിപാലിക്കുന്നവർ അടക്കം ഇവയുടെ ചികിത്സയ്ക്ക് മറ്റുമായി നഗരസഭയ്ക്ക് പുറത്തുള്ള മൃഗാശുപത്രികളെ സമീപിക്കേണ്ട സാഹചര്യമാണ് നിലവിൽ .
യാതൊരു നിവൃത്തിയും ഇല്ലാതെ വരുന്ന സാഹചര്യത്തിൽ സ്വകാര്യ മൃഗാശുപത്രികളെ സമീപിക്കുകയാണ് നഗരസഭയ്ക്ക് കീഴിലെ മൃഗപരിപാലനവുമായി ബന്ധപ്പെട്ട നിൽക്കുന്ന ആളുകൾ.വിഷയത്തിൽ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന അലംഭാവമാണ് ഇതിന് കാരണം എന്നും ആളുകൾ ചൂണ്ടിക്കാണിക്കുന്നു.
ക്ഷീര മേഖലയുമായി ബന്ധപ്പെട്ട നിരവധി കർഷകരാണ് കട്ടപ്പന നഗരസഭ പരിധിയിലുള്ളത്. കൂടാതെ വിവിധയിനം നായ്ക്കളെ അടക്കം പരിപാലിച്ചു പോരുന്നവരുമുണ്ട്. ഇവയ്ക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ അടക്കമുള്ളവ നൽകണമെങ്കിൽ നിലവിൽ വലിയ പ്രതിസന്ധിയാണ് ഇവർ നേരിടുന്നത്.
മറ്റു സ്വകാര്യ മൃഗാശുപത്രികളെ സഹായിക്കാൻ ആണോ ഇത്തരത്തിൽ ഡോക്ടറുടെ ഒഴിവ് ഇവിടെ നികത്താതെ കിടക്കുന്നത് എന്ന് ആരോപണവും ഉയരുന്നുണ്ട്. ഹൈറേഞ്ചിലെ പ്രധാന നഗരസഭയായ കട്ടപ്പന നഗരസഭയ്ക്ക് കീഴിലെ മൃഗാശുപത്രിയിൽ അടിയന്തരമായി ഡോക്ടറെ നിയമിച്ചു നിലവിൽ ഉണ്ടായിരിക്കുന്ന പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തണമെന്ന ആവശ്യം ശക്തമായി കഴിഞ്ഞു.