കാക്കത്തോട് റോഡിനോട് എന്തിനീ അനീതി. കാൽ നടയാത്ര പോലും ദുഷ്കരമായ രീതിയിൽ ഉപ്പുതറ കാക്കത്തോട് റോഡ് തകർന്നു
കുടിയേറ്റ ചരിത്രമുറങ്ങുന്ന ഉപ്പുതറ കാക്കത്തോട് റോഡിന്റെ അവസ്ഥ കണ്ടാൽ ആരും നാണിച്ച് പോകും. ഉപ്പുതറ സെന്റ് മേരീസ് പള്ളിപ്പടി കഴിഞ്ഞാൽ പിന്നെയുള്ള ഒന്നര കിലോമീറ്റർ ദൂരം കാട്ട് റോഡിന് സമാനം. ചില ഭാഗങ്ങളിൽ വൻ കുഴികൾ, മറ്റ് സ്ഥലങ്ങളിൽ റോഡ് തോടായി മാറിയ അവസ്ഥയാണ്. കാൽനടയാത്ര പോലും ദുഷ്കരമായി തീർന്നു. നൂറോളം കുടുംബങ്ങളുടെ യാത്രാമാർഗ്ഗമാണ് തകർന്ന് കിടക്കുന്നത്. ഉപ്പുതറ സെന്റ് ഫിലോമിനാസ് സ്കൂളിലേക്ക് കുട്ടികൾ യാത്ര ചെയ്യേണ്ടിവരുന്നത് ഈ കുണ്ടും കുഴിയും താണ്ടിയാണ്. ഉപ്പുതറ സർക്കാർ ആശുപത്രിയിലേക്ക് രോഗികകളെ കൊണ്ടുപോകുന്നതും പള്ളിയിൽ വിശ്വാസികൾ ആരാധനയ്ക്കും, അയ്യപ്പൻ കോവിൽ പുരാധന ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലേക്ക് ഭക്തർ ദർശനത്തിനായും ഈ റോഡിലൂടെയാണ് പോകേണ്ടത്. ഇത്രയും പ്രാധാന്യമുള്ള റോഡാണ് തകർന്ന് കിടക്കുന്നത്. ദിവസേന 5 സ്കൂൾ ബസുകൾ രാവിലെയും വൈകിട്ടും ഇതുവഴി ഓടുന്നുണ്ട്.ഉപ്പുതറയിൽ നിന്നും കാക്കത്തോടിന് ബസ് സർവ്വീസില്ലാത്തതിനാൽ സാധരണക്കാർ യാത്രക്കായി ആശ്രയിക്കുന്നത് ഓട്ടോറിക്ഷയെയാണ്.
റോഡ് തകർന്ന് കിടക്കുന്നതിനാൽ ക്വാർട്ടേഴ്‌സ്‌പടി വഴി ചുറ്റിയാണ് ഓട്ടോറിക്ഷകൾ വരുന്നത്. അതിനാൽ യാത്രക്കാർ അധിക കൂലിയും നൽകണം. കർഷകരും കർഷകത്തൊഴിലാളികളുമാണ് ഇവിടെ അധിവസിക്കുന്നത്. ഇവർക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഇതുമൂലം ഉണ്ടാവുന്നത്. ഉപ്പുതറ മുതൽ പള്ളിപ്പടി വരെ കഴിഞ്ഞ മാർച്ചിലാണ് റോഡ് സഞ്ചാരയോഗ്യമാക്കിയത്. തുടർന്നുള്ള ഒന്നര കിലോമീറ്റർ ദൂരം കൂടി സഞ്ചാരയോഗ്യമാക്കണമെന്ന് നിരവധി തവണ ആവശ്യമുയർത്തിയെങ്കിലും നടപടി ഉണ്ടായില്ല.കാളവണ്ടിക്ക് പോലും കടന്ന് പോകാൻ കഴിയാത്ത വിധത്തിൽ റോഡ് തകർന്നിട്ടും പഞ്ചായത്തധികൃതർ റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്താൻ തയ്യാറാകുന്നില്ല. ജില്ലാ പഞ്ചായത്തംഗം ആശാ ആന്റണി അടുത്ത വർഷം ഫണ്ട് വെയ്ക്കാമെന്നറിയിച്ചിട്ടുണ്ടെങ്കിലും ഇത് ജനങ്ങൾക്കത്ര വിശ്വാസമല്ല. ഇതിന് മുമ്പും പലരും ഫണ്ട് വെയ്ക്കുമെന്ന് പറഞ്ഞ് കബളിപ്പിച്ചത് ജനങ്ങൾ മറന്നിട്ടില്ല.



