ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷകൾ കോടതി തള്ളി

ഉപ്പുതറ കണ്ണംപടിയിൽ ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ ഇടുക്കി
വൈൽഡ് ലൈഫ് വാർഡനായിരുന്ന ബി. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയും , റിമാൻഡിൽ കഴിയുന്ന നാലാം പ്രതി ഷിജിരാജിന്റെ ജാമ്യാപേക്ഷയും തൊടുപുഴ ജില്ലാ കോടതി തള്ളി. കേസ് ഏറ്റെടുത്ത് സരുണിനെ കസ്റ്റഡിൽ വാങ്ങി അന്വേഷണം നടത്തിയത് രാഹുൽ ആയിരുന്നെന്ന് കോടതി നിരീക്ഷിച്ചു. തുടർന്നാണ് ജാമ്യാപേക്ഷ തള്ളിയത്. ഡി എഫ് .ഒ യുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് സർക്കാരിന് വേണ്ടി അഡ്വ. .പി.എസ്. രാജേഷും, , സരുണിനു വേണ്ടി അഡ്വ. ജോബി ജോർജും കോടതിയിൽ ഹാജരായി.
2022 സെപ്റ്റംബർ 20-നാണ് കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് കണ്ണംപടി, മുല്ല പുത്തൻപുരയ്ക്കൽ സരുൺ സജിയെ കിഴുകാനം സെക്ഷൻ ഫോറസ്റ്റർ വി അനിൽ കുമാറും സംഘവും അറസ്റ്റു ചെയ്തത്. വനം വകുപ്പ് കൺസർവേറ്റർ നടത്തിയ അന്വേഷണത്തിൽ കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തുകയും, ഡി എഫ്.ഒ. ഉൾപ്പെടെയുളളവരെ സസ്പൻഡു ചെയ്യുകയും ചെയ്തു. തുടർന്നാണ് സരുൺ നൽകിയ പരാതിയിൽ പട്ടികജാതി-പട്ടിക വർഗ പീഢന നിരോധന നിയമ പ്രകാരം 13 ഉദ്യോഗസ്ഥർക്ക് എതിരെ ഉപ്പുതറ പോലീസ് കേസെടുത്തത്. ജില്ലാ കോടതിയും , ഹൈക്കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ഒന്നാം പ്രതി സെക്ഷൻ ഫോറസ്റ്റർ ബി. അനിൽ യുമാർ ,ബീറ്റ് ഫോറസ്റ്റ് ഓഫീസർ വി.സി. ലെനിൻ എന്നിവർ പോലീസിൽ കിഴടങ്ങി.റിമാൻഡിൽ കഴിഞ്ഞ ശേഷം കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ നിന്നും ഇടക്കാല ജാമ്യം നേടി.
എന്നാൽ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചിട്ടും മൂന്നാം പ്രതി വനം വകുപ്പ് സീനിയർ ഡ്രൈവർ ജിമ്മി ജോസഫ് കീഴടങ്ങുകയോ , ഇയാളെ അറസ്റ്റു ചെയ്യുകയോ ഉണ്ടായിട്ടില്ല. ഇയാൾ ഒളിവിലാണെന്നാണ് പോലീസ് ഭാഷ്യം. മറ്റു പ്രതികൾ കോടതി നിർദ്ദേശ പ്രകാരം അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരായി നേരത്തെ ജാമ്യം നേടി.പീരുമേട് ഡി.വൈ. എസ്പി .ജെ കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.