ഇടുക്കി രൂപതാ ദിനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി
ഇടുക്കി രൂപതാ ദിനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി രൂപതാകേന്ദ്രം അറിയിച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തെ തുടർന്ന് മാറ്റിവെച്ച രൂപതാ ദിനാചരണം പതിമൂന്നാം തീയതി ചൊവ്വാഴ്ച നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദൈവാലയത്തിൽ വച്ച് നടക്കും. 2003ല്‍ കോതമംഗലം രൂപത വിഭജിച്ച് പുതുതായി രൂപീകരിക്കപ്പെട്ട ഇടുക്കി രൂപതയുടെ ഇരുപത്തിരണ്ടാം വാർഷികത്തോടനുബന്ധിച്ച് ആണ് ഈ വർഷം രൂപതാദിനം ആചരിക്കുന്നത്.
ക്രിസ്തുജയന്തിയുടെ ജൂബിലി വർഷം കൂടിയായ ഈ വർഷം വിപുലമായ പരിപാടികളോടെയാണ് രൂപതാ ദിനാചരണം നടത്തുന്നത്. ഇതിന്റെ ഭാഗമായി നാളെ (വെള്ളി) ഇടുക്കി ഐഡിഎ ഗ്രൗണ്ടിൽ രൂപതയിലെ 2500 ഓളം കലാകാരികൾ അണിനിരക്കുന്ന മെഗാ മാർഗംകളി നടക്കും. ഹൈറേഞ്ചിൽ ആദ്യമായാണ് ഇത്തരത്തിൽ മെഗാ മാർഗംകളി സംഘടിപ്പിക്കപ്പെടുന്നത്.
രൂപതയിലെ വിവിധ ഇടവകകളിൽ നിന്നും എത്തിച്ചേരുന്ന കലാകാരികൾ ഇടുക്കി ന്യൂമാൻ സ്കൂൾ ഗ്രൗണ്ടിൽ അണിനിരക്കും. അവിടെനിന്നും മാർഗ്ഗങ്ങൾ വേഷം ധരിച്ച് റാലിയായി അവർ ഇടുക്കി ഗ്രൗണ്ടിൽ എത്തിച്ചേരും. കുട്ടികളും യുവതികളും അമ്മമാരും പങ്കെടുക്കുന്ന ഈ മെഗാ മാർഗംകളി ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്യും.
രൂപതാ വികാരി ജനറാൾമാരായ മോൺ. ജോസ് കരിവേലിക്കൽ, മോൺ. ജോസ് പ്ലാച്ചിക്കൽ, മോൺ. അബ്രാഹം പുറയാറ്റ്, ജനപ്രതിനിധികൾ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ ഈ നൃത്തവിരുന്ന് ആസ്വദിക്കാൻ എത്തിച്ചേരും. പന്ത്രണ്ടാം തീയതി തിങ്കളാഴ്ച രൂപതയിലെ ജൂബിലി തീർഥാടന കേന്ദ്രങ്ങളായ വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ ദൈവാലയത്തിൽ നിന്നും വിശുദ്ധ തോമാശ്ലീഹായുടെ ഛായാചിത്ര പ്രയാണവും അടിമാലി സെന്റ് ജൂഡ് ദൈവാലയത്തിൽ നിന്ന് ദീപശിഖാ പ്രയാണവും രാജകുമാരി ദൈവമാതാ ദൈവാലയത്തിൽ നിന്നും പതാക പ്രയാണവും നെടുംകണ്ടത്തേക്ക് പുറപ്പെടും.
വൈകിട്ട് 5 മണിക്ക് നെടുങ്കണ്ടം കരുണ ആനിമേഷൻ സെന്ററിൽ ഈ പ്രയാണങ്ങൾ എത്തിച്ചേരും. 5 30ന് അവിടെനിന്നും രൂപതാദിന വിളംബര വാഹന ജാഥ ആരംഭിക്കും. നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ നടക്കുന്ന ഈ വിളംബര ജാഥ നെടുങ്കണ്ടം ടൗണിലൂടെ കടന്ന് സമ്മേളന നഗരിയിൽ എത്തിച്ചേരും.
പതിമൂന്നാം തീയതി ചൊവ്വാഴ്ച രാവിലെ 8:45ന് സമൂഹ ബലിക്ക് ഒരുക്കമായുള്ള പ്രദക്ഷിണം നെടുംകണ്ടം സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ നിന്നും ആരംഭിക്കും. സമൂഹ ബലിക്ക് രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ മുഖ്യകാർമികത്വം വഹിക്കും. രൂപതയിലെ മുഴുവൻ വൈദികരും സഹകാർമികരായിരിക്കും.
രൂപതയിൽ ശുശ്രൂഷ ചെയ്യുന്ന സമർപ്പിതരും എല്ലാ ഇടവകകളിൽ നിന്നുമുള്ള പ്രതിനിധികളും പങ്കെടുക്കും. തുടർന്നു നടക്കുന്ന സമ്മേളനം സിബിസിഐ പ്രസിഡന്റ് ആർച്ച് ബിഷപ്പ് മാർ ആഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും മാർ ജോൺ നെല്ലിക്കുന്നേൽ അധ്യക്ഷത വഹിക്കും. കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തും. ജഗദൽപൂർ രൂപതാ മെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ,അഡ്വ. ഡീൻ കുര്യാക്കോസ് എംപി, എം എം മണി എംഎൽഎ, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും.
വിവിധ മേഖലകളിൽ മികവ് പുലർത്തിയവരും ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുള്ളവരുമായ രൂപതാഗംങ്ങളെ വേദിയിൽ ആദരിക്കും. വിപുലമായ ഒരുക്കങ്ങളാണ് നെടുങ്കണ്ടത്ത്. നൂറിലധികം ആളുകൾ അടങ്ങിയ വിവിധ കമ്മിറ്റികൾക്ക് മോൺ. ജോസ് കരിവേലിക്കൽ, ആർച്ച് പ്രീസ്റ്റ് ഫാ. ജെയിംസ് ശൗര്യംകുഴിയിൽ,ഫാ. മാത്യു അഴകനാക്കുന്നേൽ, ഫാ. ജിൻസ് കാരക്കാട്ട്, ജോർജ് കോയിക്കൽ, സാം സണ്ണി എന്ന് പറഞ്ഞ് നേതൃത്വം നൽകിവരുന്നു എന്ന് ഇടുക്കി രൂപത മീഡിയ കമ്മീഷൻ ഡയറക്ടർ ഫാ. ജിൻസ് കാരയ്ക്കാട്ട് അറിയിച്ചു.










