കട്ടപ്പന നഗരത്തിലെ ഗതാഗത കുരുക്കഴിക്കാൻ കാലാനുസൃതമായി ഗതാഗത പരിഷ്‌കരണം;നടപ്പിലാക്കണമെന്ന് BDJS
കട്ടപ്പന നഗരത്തിലെ രൂക്ഷമായ ഗതാഗത കുരുക്ക് പരിഹരിക്കാൻ കാലാനുസ്യതമായി കട്ടപ്പന നഗരത്തിൽ ഗതാഗത പരിഷ്‌ക്കരണം നടപ്പിലാക്കണമെന്ന് ബി.ഡി.ജെ.എസ്. നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
അശോക ജംഗ്ഷൻ, ഇടുക്കികവല, ചേന്നാട്ടമറ്റം ജംഗ്ഷൻ, ഇടശ്ശേരി ജംഗ്ഷൻ, പുതിയ ബസ്റ്റാൻഡ്, ഗുരുമന്ദിരം ജംഗ്ഷൻ, പള്ളിക്കവല തുടങ്ങി നഗരത്തിലെ സുപ്രധാന സ്ഥലങ്ങളിലെല്ലാം രൂക്ഷമായ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്.നഗരത്തിലെ പ്രധാന റോഡുകളുടെ ഇരുവശങ്ങളിലും അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഗതാഗത തടസ്സത്തിന് കാരണമാകുന്നുണ്ട്.
പോലീസ് സ്റ്റേഷന് സമീപം തുടങ്ങി പള്ളിക്കവല വരെയുള്ള ഭാഗങ്ങളിൽ ഫുട്ട്പാത്തിൽ പോലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നുണ്ട്.വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കാൽനട യാത്രക്കാർ ഈ ഭാഗത്ത് റോഡിൽ ഇറങ്ങി നടക്കേണ്ട അവസ്ഥയാണുള്ളത്. നഗരത്തിനുള്ളിലെ ബസ് സ്റ്റോപ്പുകൾ പുന:ക്രമീകരണം നടത്താൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണം. സെൻട്രൽ ജംഗ്ഷനിലേയും മാർക്കറ്റ് ജംഗ്ഷൻ, ഇടശ്ശേരി ജംഗ്ഷൻ എന്നിവിടങ്ങളിലെ ബസ് സ്റ്റോപ്പുകൾ വലിയ രീതിയിൽ ഗതാഗത കുരുക്കിന് കാരണമാകു ന്നുണ്ട്. ബസ് സ്റ്റോപ്പുകൾ പുന:ക്രമീകരണം നടത്തി യാത്രക്കാർക്ക് ഗുണകരമായ രീതിയിൽ ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ നിർമ്മിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ബൈപാസ് റോഡുകൾ പ്രയോജനപ്പെടുത്തി നഗരത്തിലെ വാഹന ബാഹുല്യം കുറയ്ക്കണം.
പാറക്കടവ് ബൈപാസ് റോഡ് പള്ളിക്കവലയിൽ തിരിയുന്നതിന് പകരം അമ്പലക്കവല വഴി ഇരുപതേക്കറിൽ എത്തുന്ന രീതിയിൽ ആക്കണം. അശോക ജംഗ്ഷനിൽ നിന്നും ഗുരുമന്ദിരത്തിന് സമീപം എത്തുന്ന രീതിയിൽ മേൽപാലം നിർമ്മിക്കാൻ കഴിയുന്ന സാധ്യതകൾ പഠിക്കാൻ ഉത്തരവാ ദിത്വപ്പെട്ട വകുപ്പുകൾ തയ്യാറാകണം. കട്ടപ്പന നഗരത്തിൻ്റെ വളർച്ചയ്ക്കനുസരിച്ച് കാതലായ ഗതാഗത പരിഷ്‌ക്കാരങ്ങൾ കാലാനുസൃതമായി ചെയ്യാനുള്ള ഇശ്ചാശക്തി മുനിസിപ്പൽ ഭരണസമിതി കൈക്കൊള്ളണം. ഏത് കാര്യത്തിൻ്റേയും ഗുണകരമായ പ്രയോജനം തങ്ങൾക്കും ദോഷ വശങ്ങൾ പൊതുജനങ്ങളും അനുഭവിച്ചാൽ മതിയെന്ന ചിലരുടെ പിടിവാശിയാണ് കട്ടപ്പനയിലെ ഗതാഗത പരിഷ്ക്കാരങ്ങൾ എല്ലാക്കാലത്തും അട്ടിമറിക്കപ്പെടുന്നതിൻ്റെ കാരണമെന്ന് ബി.ഡി.ജെ.എസ്. നേതാക്കൾ കുറ്റപ്പെടുത്തി.
വാർത്താ സമ്മേളനത്തിൽ ബി.ഡി.ജെ.എസ്. ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ്റ് പ്രസാദ് വിലങ്ങുപാറ കട്ടപ്പന മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് അശോകൻ കാരുവേലിൽ, ജനറൽ സെക്രട്ടറി സുരേഷ്-പി.സി. എന്നിവർ പങ്കെടുത്തു.







