മൂന്നാറിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിയായ സ്ത്രീക്ക് പരിക്ക്;മൂന്നാർ നല്ലതണ്ണി കല്ലാർ എസ്റ്റേറ്റ് ഫാക്ടറി ഡിവിഷനിൽ ആണ് സംഭവം

വ്യാഴായ്ച രാവിലെയാണ് തോട്ടം തൊഴിലാളിക്ക് നേരെ കാട്ടാന ആക്രമണം ഉണ്ടായത്.നല്ലതണ്ണി കല്ലാർ എസ്റ്റേറ്റ് ഫാക്ടറി ഡിവിഷനിൽ വച്ചാണ് കാട്ടാനയുടെ ആക്രമണം ഉണ്ടാകുന്നത്. ആക്രമണത്തിൽ തോട്ടം തൊഴിലാളിയായ സ്ത്രീക്ക് പരിക്കേറ്റു.മറ്റ് തൊഴിലാളികൾക്കൊപ്പം ഷൈനിയും തോട്ടം തൊഴിലിനായി പോവുകയായിരുന്നു. ഏറ്റവും മുമ്പിൽ ആയിട്ടായിരുന്നു ഷൈനി നടന്നിരുന്നത്.റോഡിൽ നിന്നിരുന്ന ആനയെ ഷൈനി കണ്ടിരുന്നില്ല.
ആനയുടെ മുമ്പിൽ അകപ്പെട്ടതോടെ ഷൈനി ഓടി രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിലും ആന തുമ്പിക്കൈകൊണ്ട് ആക്രമിച്ചതായാണ് വിവരം. ആക്രമണ ശേഷം ഇവിടെ നിന്നും ആന പിൻവാങ്ങി. സംഭവ ശേഷം പരിക്കേറ്റ ഷൈനിയെ മൂന്നാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേനൽക്കാലമാരംഭിച്ച ശേഷം മൂന്നാറിലെ തോട്ടം മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണ്.