ദേവികുളം എല്‍ ആര്‍ തഹസില്‍ദാര്‍ ഏറ്റെടുത്ത മൂന്നാറിലെ കെട്ടിടം ഭൂമി പതിവ് സ്‌പെഷ്യല്‍ തഹസീല്‍ദാരുടെ താല്‍ക്കാലിക ഓഫീസാക്കി മാറ്റി റവന്യു വകുപ്പ്
2023 ഏപ്രില്‍ 20ന് ആണ് എം ജി നഗറിലെ ഭൂമിയും വീടും ലാന്‍ഡ് റവന്യു കമ്മിഷണറുടെ ഉത്തരവിനെ തുടര്‍ന്നു ദേവികുളം എല്‍ ആര്‍ തഹസില്‍ദാര്‍ ഏറ്റെടുത്തത്. ഈ ഭൂമിക്കു പട്ടയമുണ്ടെന്നും എന്നാല്‍ പട്ടയത്തില്‍ തെറ്റായ നമ്പറാണു രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഇതു മാറ്റണമെന്നും ആവശ്യപ്പെട്ട് മുന്‍ എം എല്‍ എ എസ് രാജേന്ദ്രന്‍ സബ് കലക്ടര്‍ക്കു പരാതി നല്‍കിയിരുന്നു. പരിശോധനയില്‍ രാജേന്ദ്രന്റെ കൈവശമുള്ള നമ്പറില്‍ പട്ടയം നല്‍കിയിട്ടില്ലെന്നു കണ്ടെത്തി.
തുടര്‍ന്ന് അപേക്ഷ തള്ളി. ഇതേ തുടര്‍ന്ന് രാജേന്ദ്രന്‍ ലാന്‍ഡ് റവന്യു കമ്മിഷണര്‍ ക്ക് അപ്പീല്‍ നല്‍കി. അപ്പീല്‍ തള്ളിയതിയതിനെ തുടര്‍ന്നാണു രാജേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്.ഹൈക്കോടതി കൂടി രാജേന്ദ്രന്റെ ഹര്‍ജ്ജി തള്ളിയ സാഹചര്യത്തിലാണ് റവന്യു വകുപ്പ് സ്ഥലത്തെ കെട്ടിടം ഭൂമി പതിവ് സ്‌പെഷ്യല്‍ തഹസീല്‍ദാരുടെ താല്‍ക്കാലിക ഓഫീസാക്കി മാറ്റിയത്.
മുമ്പ് റവന്യു വകുപ്പിന്റെ നടപടിക്കെതിരെ രാജേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസുമാരായ അനില്‍ കെ.നരേന്ദ്രന്‍, എസ്.മുരളീകൃഷ്ണ എന്നിവരടങ്ങിയ ബെഞ്ചായിരുന്നു തള്ളിയത്.ഭൂമിയേറ്റെടുക്കല്‍ നടപടി മുൻപേ നടത്തിയിട്ടുള്ളതാണെന്നും ഇപ്പോള്‍ ഈ ഭൂമിയിലുള്ള കെട്ടിടം എല്‍ എ സ്‌പെഷ്യല്‍ തഹസീല്‍ദാരുടെ താല്‍ക്കാലിക ഓഫീസായി പ്രവര്‍ത്തിക്കുന്നതിന് വേണ്ടി കൈമാറി കൊടുക്കുകയാണ് ചെയ്തിട്ടുള്ളതെന്നും റവന്യു ഉദ്യോഗസ്ഥര്‍ പറഞ്ഞു.സ്‌പെഷ്യല്‍ തഹസീല്‍ദാരുടെ കാര്യാലയമെന്ന് സൂചിപ്പിച്ച് കെട്ടിടത്തില്‍ റവന്യു വകുപ്പ് ബോര്‍ഡും സ്ഥാപിച്ചു.






