വേനൽ തുമ്പി കലാജാഥക്ക് ഉപ്പുതറയിൽ സ്വീകരണം നൽകി
ബാലസംഘം ഏലപ്പാറ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന വേനൽ തുമ്പി കലാജാഥക്ക് ഉപ്പുതറയിൽ സ്വീകരണം നൽകി.'പഠിച്ചു ഞങ്ങൾ നല്ലവരാകും ജയിച്ചു ഞങ്ങൾ മുന്നേറും പടുത്തുയർത്തും ഭാരതമണ്ണിൽ സമത്വ സുന്ദര നവലോകം' എന്ന ബാലസംഘത്തിൻ്റെ മുദ്രാവാക്യം ഉയർത്തി,സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ ആനുകാലിക വിഷയങ്ങൾ ലഘു നാടകങ്ങളിലൂടെയും, സംഗീത ശില്പങ്ങളുടെയും രൂപത്തിൽ ബാലോത്സവ വേദികളിൽ അവതരിപ്പിച്ചു കൊണ്ടാണ് വേനൽ തുമ്പികൾ കുട്ടികളുമായി സംവദിക്കുന്നത്.
സമകാലിക സംഭവവികാസങ്ങളെ പ്രമേയമാക്കി ദൃശ്യാവിഷ്കാരങ്ങളിലൂടെയും നൃത്ത ശില്പങ്ങളിലൂടെയും വർഗീയതയ്ക്കും അനാചാരങ്ങളൾക്കും എതിരെയുള്ള പോരാട്ടമാണ് വേനൽ തുമ്പി കലാജാഥയിലൂടെ ബാലസംഘം നടത്തുന്നത്.വാഗമണ്ണിൽ നടന്ന പരിശീലന പരിപാടികൾക്ക് ശേഷം ഏപ്രിൽ ഒന്നാം തീയതി പുള്ളിക്കാനത്ത് നിന്നും ആരംഭിച്ച വേനൽ തുമ്പി കലാജാഥ ഏലപ്പാറ ഏരിയയിലെ വിവിധ കേന്ദ്രങ്ങളിൽ നൽകുന്ന സ്വീകരണങ്ങൾക്ക് ശേഷം നാലാം തീയതി മുണ്ടക്കയം ഈസ്റ്റിൽ സമാപിക്കും.
ശനിയാഴ്ച രാവിലെ പശുപ്പാറയിൽ നിന്നും ആരംഭിച്ച ജാഥ , ചീന്തലാർ , ഉപ്പുതറ , എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വളകോട്ടിൽ സമാപിക്കും.കലാജാഥക്ക് ബാലസംഘം ഏരിയ പ്രസിഡന്റ് ദേവനന്ദ വി എസ് , സെക്രട്ടറി അഭിറാം മനോജ്, കൺവീനർ കെ. പുരുഷോത്തമൻ, കോഡിനേറ്റർ ഷിൽജി സുരേഷ് , കെ. കലേഷ് കുമാർ അഖിലേഷ് കെ നായർ, സജിന ഷെരീഫ്, എന്നിവർ നേതൃത്വം നൽകി.






