വാഗമണ്ണിലേക്ക് പുതിയ റോഡ്, മൂലമറ്റം -കോട്ടമല റോഡിന് 6.86 കോടി അനുവദിച്ചു: മന്ത്രി റോഷി അഗസ്റ്റിൻ

ടൂറിസത്തിനും കാര്‍ഷിക മേഖലയ്ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന മൂലമറ്റം- കോട്ടമല റോഡിന് 6.86 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് തുകയ്ക്ക മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. റോഡിന്റെ ആദ്യഭാഗമായ അശോക കവല മുതല്‍ മൂലമറ്റം വരെയുള്ള 2.5 കിലോമീറ്റര്‍ ദൂരവും തുടര്‍ന്നുള്ള അഞ്ചു കിലോമീറ്റര്‍ ദൂരവും ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ പുനര്‍നിര്‍മിക്കുന്ന പദ്ധതിക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.
പുതിയ റോഡ് സഞ്ചാര യോഗ്യമാകുന്നതോടെ വടക്കന്‍ മേഖലകളില്‍ നിന്ന് തേക്കടി അടക്കമുള്ള വിനോദ സഞ്ചാര മേഖലകളിലേക്ക് പോകുന്നതിന് 42 കിലോമീറ്റര്‍ ദൂരത്തോളം ലാഭിക്കാന്‍ കഴിയും. കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ പ്രധാന വിപണന കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിനും ഏറ്റവും ലാഭകരമായ റൂട്ടായി ഇതു മാറും.
രാജ്യാന്തര നിലവാരത്തില്‍ പുനര്‍ നിര്‍മിക്കുന്ന റോഡില്‍ ആവശ്യമുള്ള സ്ഥലങ്ങളില്‍ കലുങ്കുകളും സംരംക്ഷണ ഭിത്തികളും സൂചനാ ബോര്‍ഡുകളും ക്രാഷ് ബാരിയറുകളും ഉണ്ടായിരിക്കും. ജില്ലയിലെ തന്നെ പ്രധാന ടൂറിസം കേന്ദ്രമായ വാഗമണ്ണിലേക്ക് മൂലമറ്റത്തുനിന്ന് ഉളുപ്പുണ്ണി വഴി എത്തുന്നതിന് നവീകരിച്ച പുതിയ പാത ഏറെ പ്രയോജനകരമാകും.
റോഡ് പൂര്‍ത്തിയാകുന്നതോടെ 15 കിലോ മീറ്ററോളം ലാഭിച്ച് ചോറ്റുപാറ വാഗമണ്‍ റോഡിലേക്ക് സഞ്ചാരികള്‍ക്ക് എത്തിച്ചേരാന്‍ സാധിക്കും. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് തുക അനുവദിച്ചിരുന്നെങ്കിലും ടെന്‍ഡര്‍ നിരക്ക് അധികമായിരുന്നതിനാലാണ് മന്ത്രി സഭ അഗീകാരം ആവശ്യമായി വന്നത്. റോഡിന്റെ അതീവ പ്രാധാന്യവും ടൂറിസം സാധ്യതയും കണക്കിലെടുത്താണ് മന്ത്രിസഭാ യോഗം റോഡ് നിര്‍മ്മാണത്തിന് അനുമതി നല്‍കിയതെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.