കാഞ്ചിയാർ തൊപ്പിപ്പാള മറ്റപ്പള്ളി മേഖലയിൽ ഒരു കിലോമീറ്റർ 200 മീറ്റർ ചുറ്റളവിൽ വനം വകുപ്പ് സോളാർ വൈദ്യുതി വേലി സ്ഥാപിച്ചു

കാഞ്ചിയാർ ഗ്രാമപഞ്ചായത്തിലെ മറ്റപ്പള്ളി മേഖല ജനവാസ മേഖലയും വനവും തമ്മിൽ അതിർത്തി പങ്കിടുന്ന പ്രദേശമാണ് .ഇടുക്കി വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട് കിടക്കുന്ന വനമേഖലയാണ് ഇവിടെയുള്ളത്. ഇതിനാൽ ജനവാസ മേഖലയിലേക്ക് കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ഇറങ്ങി വരുന്നത് പതിവായിരുന്നു. ചില സമയങ്ങളിൽ കൃഷിയിടത്തിൽ കയറി കാട്ടാന വ്യാപക കൃഷി നാശവും വരുത്തിയിരുന്നു.
നിരവധിപേർ തിങ്ങിപാർക്കുന്ന ഒരു മേഖല കൂടിയാണ് . കൂടാതെ വനാതിർത്തിക്ക് സമീപത്തു കൂടിയാണ് പ്രദേശവാസികൾ സഞ്ചരിക്കുന്ന പ്രധാന പാതയും കടന്നുപോകുന്നത്. സുരക്ഷയുടെ ഭാഗമായിട്ടാണ് വനം വകുപ്പിന്റെ നേതൃത്വത്തിൽ ഈ ഭാഗത്ത് സോളാർ വൈദ്യുതി വേലി സ്ഥാപിച്ചത്.
എല്ലാവർഷവും കാട്ടാന ഈ ഭാഗത്ത് ജനവാസ മേഖലയ്ക്ക് സമീപവും ചില സമയങ്ങളിൽ ജനവാസ മേഖലയിൽ ഇറങ്ങി വ്യാപകമായ കൃഷിനാശവും വരുത്തുന്നുണ്ട്. ഇതിനെതിരെ നിരവധി പരാതികൾ അടക്കം ഉയർന്നത് ആണ്. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് വനം വകുപ്പിന്റെ നേതൃത്വത്തിൽ നടപടി തുടങ്ങിയത്. ആദ്യഘട്ടത്തിൽ ഒരു കിലോമീറ്റർ 200 മീറ്റർ ഭാഗത്ത് സോളാർ വൈദ്യുതി വേലി സ്ഥാപിച്ചു.
തുടർന്നുള്ള ദിവസങ്ങളിൽ ബാക്കി മുഴുവൻ ഭാഗത്തും സോളാർ വൈദ്യുതി സ്ഥാപിക്കാനാണ് വനം വകുപ്പ് ഒരുങ്ങുന്നത്. ഇതിൻറെ പ്രവർത്തനങ്ങൾ നടന്നു വരികയുമാണ്. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് കാഞ്ചിയർ ഫോറസ്റ്റ് സ്റ്റേഷൻ അധികൃതരും പറഞ്ഞു.