പീരുമേട്ടിലെ ലയങ്ങളുടെ പുനരുദ്ധാരണം; തീരുമാനത്തിന് കാലതാമസം പാടില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ.നടപടി,ഡോ. ഗിന്നസ് മാടസാമി സമർപ്പിച്ച പരാതിയിൽ

ലയങ്ങളുടെ പുനരുദ്ധാരണ പദ്ധതിയിൽ തീരുമാനമെടുക്കുന്നതിൽ കാലതാമസം വരുത്തരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. കാലപ്പഴക്കം കാരണം ലയങ്ങൾ ഇടിഞ്ഞുവീണ് അപകടമുണ്ടാകുന്നത് സർവ്വസാധാരണമാണെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
പീരുമേട് താലൂക്കിൽ പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ ലയങ്ങൾ നവീകരിക്കാൻ സംസ്ഥാന നിർമ്മിതി കേന്ദ്രം വഴി ലഭിച്ച 33,70,000 രൂപയുടെ എസ്റ്റിമേറ്റിൽ ധനവകുപ്പ് ഒരു മാസത്തിനകം തീരുമാനമെടുത്ത് തൊഴിൽ സെക്രട്ടറിയെ അറിയിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ധനവകുപ്പിൽ നിന്നും അനുമതി ലഭിച്ചാലുടൻ നിർമ്മാണ പ്രവർത്തനങ്ങൾ കാലതാമസം കൂടാതെ പൂർത്തിയാക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.
33,70,000 രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചെങ്കിലും പദ്ധതി വിഹിതം ക്രമീകരിച്ചപ്പോൾ തുക വകയിരുത്താത്തതാണ് കാലതാമസത്തിന് കാരണമായത്. തുടർന്ന് മറ്റ് ചില ശീർഷകങ്ങളിൽ നിന്നും തുക ലഭ്യമാക്കിയാണ് പദ്ധതി ധനവകുപ്പിന് സമർപ്പിച്ചിരിക്കുന്നത്.സംസ്ഥാനത്തെ തൊഴിലാളി ലയങ്ങൾ നവീകരിക്കാൻ 10 കോടിയുടെ പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചെങ്കിലും അത് ധനവകുപ്പിന്റെ പരിഗണനയിലാണെന്ന് തൊഴിൽ സെക്രട്ടറി കമ്മീഷനെ അറിയിച്ചു.
10 കോടിയുടെ ബജറ്റ് പദ്ധതിക്ക് ബന്ധപ്പെട്ട വകുപ്പിൽ നിന്നും അനുമതി നേടിയെടുക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.പീരുമേടിലെ കോട്ടമല ലയത്തിന്റെ ഭിത്തി ഇടിഞ്ഞ് തൊഴിലാളി തലനാരിഴയ്ക്ക് രക്ഷപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ മനുഷ്യാവകാശ പ്രവർത്തകനായ ഡോ. ഗിന്നസ് മാടസാമി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.