സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം പുതിയതായി രൂപീകരിച്ച മേൽനോട്ടസമിതി മുല്ലപ്പെരിയാർ സന്ദർശിക്കുന്നു

സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം പുതിയതായി രൂപീകരിച്ച മേൽനോട്ടസമിതി മുല്ലപ്പെരിയാർ സന്ദർശിക്കുന്നു. പുതിയ സമിതി രൂപീകരിച്ചതിനുശേഷമുള്ള ആദ്യ സന്ദർശനമാണ് ഇത്. ദേശീയ ഡാം സുരക്ഷ അതോറിറ്റി ചെയർമാൻ അനിൽ ജയിന്‍ അധ്യക്ഷനായ ഏഴംഗസമിതിയാണ് അണക്കെട്ടിൽ പരിശോധന നടത്തുന്നത്.
കേരള തമിഴ്നാട് സർക്കാരുകളുടെ പ്രതിനിധികളും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബാംഗ്ലൂരിലെ ഗവേഷണ ഉദ്യോഗസ്ഥനും ഡൽഹിയിലെ ദേശീയ ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥനും സംഘത്തിൽ അംഗങ്ങളായുണ്ട്. കാലവർഷം ആരംഭിക്കുന്നതിനുമുമ്പും കാലവർഷ സമയത്തും അണക്കെട്ടിൽ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തേണ്ടത് നിലവിലെ സമിതിയാണ്.
തേക്കടിയിൽ എത്തിയ സംഘം ബോട്ട് മാർഗ്ഗം അണക്കെട്ടിലേക്ക് പോയി. ബേബി ഡാം സന്ദർശിക്കുകയും ഷട്ടറുകൾ ഉയർത്തി പരിശോധിക്കുകയും ചെയ്യും. തിരിച്ചെത്തുന്ന സംഘം ഉച്ചയ്ക്കുശേഷം കുമളിയിൽ യോഗം ചേർന്ന സ്ഥിതിഗതികൾ വിലയിരുത്തും.മുല്ലപ്പെരിയാർ മേൽനോട്ട സമിതി സന്ദർശനത്തിൽ നിന്നും കേരളത്തിലെ പ്രതിനിധികളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിൽ ഇന്നലെ കർഷകർ റോഡ് ഉപരോധിച്ചു .
ഏഴ് പ്രതിനിധികൾ അടങ്ങുന്ന സംഘത്തിൽ രണ്ട് തമിഴ്നാട് അംഗങ്ങളും രണ്ട് കേരള അംഗങ്ങളുമാണ് ഉള്ളത്.പെരിയാർ വൈഗ ഇറിഗേഷൻ കർഷക അസോസിയേഷൻ കോഡിനേറ്റർ അൻവർ ബാലസിംഗത്തിന്റെ നേതൃത്വത്തിലാണ് റോഡ് ഉപരോധിച്ചത്.മുല്ലപ്പെരിയാർ ഡാമിൽ നിന്നും കേരള പൊലീസിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും നീക്കം ചെയ്യണമെന്ന് ഉൾപ്പെടെയുള്ള പതിനാല് കാര്യങ്ങൾ ഉന്നയിച്ചാണ് റോഡ് ഉപരോധിച്ചത്.