പാതയോരങ്ങളിൽ അനധികൃതമായി ഫ്ളക്സ് സ്ഥാപിച്ചാൽ നടപടി
ഇടുക്കി ജില്ലയിലെ പാതയോരങ്ങളിൽ അനധികൃതമായി ഫ്ളക്സ്, ബോർഡ്, ബാനർ, കൊടിതോരണങ്ങൾ മുതലായവ സ്ഥാപിക്കുന്നത് നിരോധിച്ചതായി തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിൻ്റ് ഡയറക്ടർ അറിയിച്ചു. ഇങ്ങനെ സ്ഥാപിക്കുന്നവർക്കെതിരെ എഫ്. ഐ. ആർ രജിസ്റ്റർ ചെയ്തു, പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുന്നതിനും ഓരോ ഇനത്തിനും 5000 രൂപ വീതം പിഴ ഈടാക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർക്ക് അനുമതി നൽകിയിട്ടുണ്ട്. രാഷ്ട്രീയപാർട്ടികൾ, മതസ്ഥാപനങ്ങൾ സാമുദായികസംഘടനകൾ, സർക്കാർ/അർദ്ധസർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, വ്യക്തികൾ മുതലായവർ നിലവിലുള്ള സർക്കാർ ഉത്തരവുകൾ പ്രകാരം അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയോടെ മാത്രമേ ഇത്തരത്തിലുള്ള പരസ്യ സാമഗ്രികൾ സ്ഥാപിക്കുവാൻ പാടുള്ളൂ.ഹൈക്കോടതി ഉത്തരവിന്റെയും തുടർ നിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ സംസ്ഥാനത്തെ പാതയോരങ്ങളിൽ അനധികൃതമായി ഫ്ളക്സ്,ബോർഡ്, ബാനർ, കൊടിതോരണങ്ങൾ എന്നിവ സ്ഥാപിക്കുന്നതു വിലക്കിയിട്ടുണ്ട്.

