വണ്ടിപ്പെരിയാർ വാളാർടിക്ക് സമീപം വാഹനാപകടം; സ്ത്രീക്ക് പരുക്കേറ്റു, ഓട്ടോറിക്ഷയിൽ ഇടിച്ച കാർ നിർത്താതെ പോയി

ബുധനാഴ്ച വൈകിട്ട് 7:30 കൂടിയാണ് അപകടം ഉണ്ടായത്. വണ്ടിപ്പെരിയാർ വാളാർടി പ്ലാലാക്കാട് ഗേറ്റിന് എതിർവശത്താണ് അപകടം സംഭവിച്ചത്. വണ്ടിപ്പെരിയാറിൽ നിന്നും 62 ആം മൈലിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയിൽ വാളർഡി ഭാഗത്തേക്ക് പോകുകയായിരുന്ന ആൾട്ടോ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് കാർ നിർത്താതെ പോവുകയും ഓട്ടോറിക്ഷ റോഡിലേക്ക് തന്നെ മറയുകയും ചെയ്തു.
യാത്രക്കാരായ മൂന്നുപേരും ഡ്രൈവറുമാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്. ഇതിൽ 62-ാം മൈൽ ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന മഞ്ജുള ഓട്ടോറിക്ഷയ്ക്ക് അടിയിൽ പെട്ടുപോവുകയും തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ മഞ്ജുളയെ വണ്ടിപ്പെരിയാർ സഹകരണ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന മഞ്ജുളയുടെ ഭർത്താവ് മണി, പള്ളിപ്പടിക്ക് സമീപം താമസിക്കുന്ന മെൽവിൻ,ഓട്ടോറിക്ഷ ഡ്രൈവർ ചേരൻ എന്നിവർ നിസ്സാര പരിക്കേറ്റു. അപകടത്തിന് ശേഷം നിർത്താതെ പോയ കാറിനയുള്ള തിരച്ചിൽ പോലീസ് ആരംഭിച്ചു.