മോഡിയുടെത് ലക്ഷണമൊത്ത ഫാസിസ്റ്റ് സർക്കാർ: വി എസ് സുനിൽകുമാർ

ആർഎസ്എസിനാൽ നിയന്ത്രി ക്കപ്പെടുന്ന നരേന്ദ്ര മോഡി ഗവണ്മെന്റ് ലക്ഷണമൊത്ത ഫാസിസ്റ്റ് സർക്കാർ തന്നെയെന്ന് സിപിഐ സംസ്ഥാന കൗൺസിൽ അംഗം വി എസ് സുനിൽ കുമാർ പറഞ്ഞു. സിപിഐ വട്ടവട ലോക്കൽ സമ്മേളനത്തിന്റെ പ്രകടനവും പൊതുസമ്മേളനവും വട്ടവടയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുൻ കൃഷി മന്ത്രികൂടിയായ സുനിൽകുമാർ.
ഹിറ്റ്ലറുടെ ആശയങ്ങളിൽ നിന്ന് പ്രത്യയശാസ്ത്ര ഊർജം ഉൾക്കൊള്ളുന്നവരാണ് ആർഎസ്എസ്. അവരുടെ ആശയമാണ് മോഡി സർക്കാരിനെ നയിക്കുന്നത്. രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി മതത്തെയും വിശ്വാസങ്ങളെയുമെല്ലാം ഉപയോഗിക്കുന്ന ഫാസിസ്റ്റ് രാഷ്ട്രീയ രീതികൾ പ്രാവർത്തികമാക്കുകയാണ് മോഡി സർക്കാർ ചെയ്യുന്നതെന്നും സുനിൽകുമാർ പറഞ്ഞു. പി രാമ രാജ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ സലീംകുമാർ, പി പളനി വേൽ, അഡ്വ. ടി ചന്ദ്രപാൽ, പി കാമരാജ്, എസ് എം കുമാർ, ജി മോഹൻകുമാർ, എസ് ചെമ്മലാർ, എസ് സെന്തിൽ കുമാർ എന്നിവരും സംസാരിച്ചു.