കുട്ടിക്കാനം മരിയൻ കോളേജ് കുട്ടിക്കാനം ഓട്ടോണമസിന്റെ രണ്ടു ദിവസം നീണ്ടുനിന്ന പേൾ ജൂബിലി ആഘോഷങ്ങൾക്ക് കൊടിയിറങ്ങി

കുട്ടിക്കാനം: മരിയൻ കോളേജ് കുട്ടിക്കാനം ഓട്ടോണമസിന്റെ രണ്ടു ദിവസം നീണ്ടുനിന്ന പേൾ ജൂബിലി ആഘോഷങ്ങൾക്ക് കൊടിയിറങ്ങി. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യയിൽ തന്നെ മികച്ച മാതൃകയായ മരിയൻ കോളേജ് 1995ൽ കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന പീരുമേട് ഡെവലപ്മെൻറ് സൊസൈറ്റിയാണ് ഇടുക്കി ജില്ലയുടെ മലയോര ഗ്രാമമായ കുട്ടിക്കാനത്ത് സ്ഥാപിച്ചത്.
2004 ൽ ആദ്യ നാക്ക് അക്രഡിറ്റേഷൻ ലഭിക്കുമ്പോൾ അത് ലഭിക്കുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോളേജ് ആയിരുന്നു മരിയൻ. 2009ലും 2014ലും 2023ലും കോളേജിന് ഉന്നതമായ ഗ്രേഡോടെ നാക്ക് അക്രഡിറ്റേഷൻ ലഭിച്ചു. നിലവിൽ A++ ഗ്രേഡോടെ( 3.71 CGPA) ഏറ്റവും ഉയർന്ന ആക്രഡിറ്റേഷനിലാണ് മരിയൻ കോളേജ് നിലനിൽക്കുന്നത്. കേരളത്തിലെ തന്നെ ഏറ്റവും മികച്ച പ്ലേസ്മെന്റ് റെക്കോർഡുള്ള കോളേജാണ് മരിയൻ.
2024 - 25 അദ്ധ്യയനവർഷത്തിൽ നാനൂറിലധികം വിദ്യാർത്ഥികൾക്ക് ആക്സഞ്ചർ, ടി.സി.എസ് ഉൾപ്പടെയുള്ള പ്രമുഖ ഐടി കമ്പനികളിലും ഈവൈ, ഡെല്ലോയിറ്റ് ഉൾപ്പെടെ പ്രമുഖ കൺസൾട്ടൻസികളിലും മികച്ച ബാങ്കുകളിലുമായി പ്ലേസ്മെന്റ് ലഭിച്ചു. പേൾ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മാർച്ച് 10ന് കോളേജ് ഡേ സെലിബ്രേഷനും 11ന് മികച്ച അക്കാദമിക വിജയവും പ്ലേസ്മെന്റും കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി മെറിറ്റ് ഡേയും നടത്തി.
കാഞ്ഞിരപ്പള്ളി രൂപതയുടെ അധ്യക്ഷൻ മാർ ജോസ് പുളിക്കൽ ജൂബിലി ഉദ്ഘാടനം ചെയ്തു. യൂണിയൻ ചെയർമാൻ ശ്രീ. ജെറിൻ ഈപ്പൻ അദ്ധ്യക്ഷത വഹിച്ചു. മാനേജർ വെരി.റവ.ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, അഡ്മിനസ്ട്രേറ്റർ റവ.ഫാ. തോമസ് എബ്രഹാം, പ്രിൻസിപ്പാൾ പ്രൊഫ. ഡോ. അജിമോൻ ജോർജ്, വൈസ് പ്രിൻസിപ്പാൾ ഡോ.ലൂമി ജോസഫ്, യൂണിയൻ വൈസ് ചെയർപേഴ്സൻ കെ. ബി. ജ്യോതികൃഷ്ണ, യൂണിയൻ ജനറൽ സെക്രട്ടറി ജസ്റ്റീന മരിയ റോണി, മരിയൻ അലുമിനി അസോസിയേഷൻ പ്രസിഡന്റ് ജോജി സെബാസ്റ്റ്യൻ ഉൾപ്പടെ 2500 ഓളം വിദ്യാർത്ഥികളും 250 ഓളം വരുന്ന അധ്യാപക-അനധ്യാപകരും രണ്ടു ദിവസങ്ങളിലായി നടക്കുന്ന ആഘോഷ പരിപാടികളിൽ പങ്കെടുത്തു.