ഇടുക്കി ജില്ലയിലെ വണ്ടൻമേട് - ആനപ്പാറയിൽ നിന്നും കേരള ചരിത്ര ഗവേഷണ കൗൺസിൽ പ്രാചീന മനുഷ്യവാസയിടം കണ്ടെത്തി

Mar 12, 2025 - 16:15
Mar 12, 2025 - 16:41
 0
ഇടുക്കി ജില്ലയിലെ  വണ്ടൻമേട് - ആനപ്പാറയിൽ  നിന്നും കേരള ചരിത്ര ഗവേഷണ കൗൺസിൽ പ്രാചീന മനുഷ്യവാസയിടം  കണ്ടെത്തി
This is the title of the web page

കേരള ചരിത്ര ഗവേഷണ കൗൺസിലിന്റെ നേതൃത്വത്തിൽ ഇടുക്കി ജില്ലയിൽ കൊച്ചറക്കു സമീപമുള്ള ആനപ്പാറയിൽ പ്രാചീന ചരിത്രകാല (Early Historic) സംസ്കാരത്തിന്റെ തെളിവുകൾ കണ്ടെത്തിയതായി കെ.സി.എച്ച്.ആർ ഡയറക്ടർ പ്രൊഫ. ഡോ. ദിനേശൻ വി. അറിയിച്ചു. ആർക്കിയോളോജിക്കൽ സർവേ ഓഫ് ഇന്ത്യ യുടെ അനുമതിയോടെ 2024 ഡിസംബർ മുതൽ 2025 ഫെബ്രുവരി വരേയാണ് പുരാവസ്തു ഖനനം നടന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കേരളത്തിലെ മഹാശിലായുഗ സംസ്കാരവുമായി ബന്ധപ്പെട്ട് നിരവധി പുരാവസ്തുക്കൾ മുമ്പ് കണ്ടെത്തിയിട്ടുണ്ടെങ്കിലും നേരിട്ടുള്ള മനുഷ്യവാസത്തെ സംബന്ധിച്ച തെളിവുകൾ ഒന്നും തന്നെ കണ്ടെത്തിയിരുന്നില്ല ഈ സാഹചര്യത്തിൽ, ആനപ്പാറയിലെ കണ്ടെത്തലുകൾ കേരള ചരിത്രത്തിൽ ഏറെ പ്രാധാന്യമാർഹിക്കുന്നു എന്നും ഇത് കേരളത്തിലെ പുരാവസ്തു പഠനത്തിൽ പുതിയ ദിശാസൂചനകളേകുമെന്നും കെ.സി.എച്ച്.ആർ ചെയർമാനും ചരിത്രകാരനുമായ പ്രൊഫ. ഡോ. കെ.എൻ. ഗണേശ് അഭിപ്രായപ്പെട്ടു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇടുക്കി പ്രദേശത്തിന്റെ ചരിത്രത്തെ കുറിച്ച് “ഇടുക്കി ചരിത്ര രേഖകൾ” എന്ന പുസ്തകം രചിച്ചിട്ടുള്ള ഇടുക്കി നിവാസിയും ഇപ്പോൾ ചതുരങ്കപ്പാറ വില്ലേജ് ഓഫീസറുമായ ശ്രീ. ടി.രാജേഷ് ആണ് ഈ സൈറ്റ് ആദ്യമായിറിപ്പോർട്ട് ചെയ്തത് .കേരളത്തിലെ മഹാശിലായുഗ അവശിഷ്ടങ്ങൾ ഇരുമ്പുയുഗ ആദിമ ചരിത്രകാലഘട്ടത്തിലെ (1000 BCE - 500 CE) മഹാശിലായുഗ ശവകുടീരങ്ങൾ കേരളത്തിൽ വ്യാപകമായി കാണപ്പെടുന്നു. അവയിൽ പ്രധാനമായും കണ്ടുവരുന്ന മുനിയറകൾ, കൽവെട്ടു ഗുഹകൾ, നടുകല്ലുകൾ, നന്നങ്ങാടികൾ തുടങ്ങിയ ശവമടക്ക് രീതികൾ ഇടുക്കി ജില്ലയിൽ വലിയ തോതിൽ കാണപ്പെടുന്നവയാണ്.

 ചെല്ലാർക്കോവിൽ, രാജക്കണ്ടം, ഞാറക്കുളം എന്നിവിടങ്ങളിൽ ഇത്തരത്തിലുള്ള ശവകുടീരങ്ങൾ മുൻകാലങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഇടുക്കി ജില്ലയിൽ ധാരാളം മഹാശിലായുഗ അവശേഷിപ്പുകൾ കാണപ്പെടുമ്പോഴും, അതിലധികവും റിപ്പോർട്ട് ചെയ്യപ്പെടാതെ നശിച്ചുപോവുകയാണ്, സംരക്ഷിക്കപ്പെട്ടവ വളരെ കുറവാണ്. അനപ്പാറയിലെ ഉത്‌ഖനന പ്രവർത്തനങ്ങൾ ഇടുക്കി പ്രദേശത്തിന്റെ പ്രാചീന ചരിത്രത്തെ കൂടുതൽ വ്യക്തമാക്കിയിരിക്കുന്നു.

 കേരളത്തിലെ മഹാ ശിലായുഗ ശവകുടീരങ്ങളും മറ്റു പുരാവസ്തു അവശിഷ്ടങ്ങളും രേഖപ്പെടുത്തുന്നതിനും ഗവേഷണം നടത്തുന്നതിനും കെ.സി.എച്ച്.ആർ മുൻകൈ എടുത്തതായി ഡോ. ദിനേശൻ വടക്കിനിയിൽ റിപ്പോർട്ട് ചെയ്തു.ഭൂമിശാസ്ത്രവും മനുഷ്യവാസത്തിനുതകുന്ന സാഹചര്യവും ഭൂമിശാസ്ത്രപരമായി വളരെ പ്രത്യേകതയുള്ള ഒരു സ്ഥലമാണ് ആനപ്പാറ. ഇവിടെ തെക്കു നിന്നും വടക്കോട്ട് 228 മീറ്റർ നീളത്തിലും കിഴക്കുനിന്ന് പടിഞ്ഞാറോട്ടു 48 മീറ്റർ വീതിയിലും മുകൾ പരപ്പുള്ള വലിയ പാറയുണ്ട്. ഈ പാറയിൽ ഒരു ക്ഷേത്രവും സ്ഥിതിചെയ്യുന്നു.

പുരാതന മനുഷ്യവാസത്തിന്റെ തെളിവുകൾ പാറയുടെ കിഴക്ക്, തെക്കു - കിഴക്ക്, വടക്ക് - കിഴക്ക് ഭാഗങ്ങളിൽ നിന്നാണ് ലഭിക്കുന്നത്.ഇടുക്കി ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളും പാറകളാൽ ചുറ്റപ്പെട്ടതാണ്. അതിനാൽ തന്നെ സ്ഥലനാമങ്ങളിൽ "പാറ" ഉൾപ്പെടുന്നത് വളരെ സാധാരണമാണ്. ഉദാഹരണത്തിന് അനപ്പാറ, ശൂലപ്പാറ തുടങ്ങിയവ. രണ്ടു വലിയ പാറകളുടെ ഇടയിലായോ അല്ലങ്കിൽ താഴ്‌വാരങ്ങളിലോ ഉള്ള സമതലഭൂമി കൃഷിക്കായി ഉപയോഗിച്ചിരിക്കാം. ഈ പ്രദേശങ്ങളെ പൊതുവെ "കണ്ടം" എന്ന് വിളിച്ചു പോരുന്നു. കണ്ടം അടങ്ങിയ സ്ഥലനാമങ്ങളും ഇടുക്കി ജില്ലയിൽ സാധാരണമാണ് ഉദാഹരണത്തിന് രാജക്കണ്ടം, നെടുങ്കണ്ടം, ആനക്കണ്ടം.

 ഈ പ്രദേശം നെൽ കൃഷിക്ക് അനുയോജ്യമാണ്, കൂടാതെ ഉയർന്ന പ്രദേശങ്ങളിൽ ഏലം, കാപ്പി തുടങ്ങിയവയും കൃഷി ചെയ്യപ്പെടുന്നു.പുരാവസ്തു ഉത്ഘനനത്തിലെ പ്രധാന കണ്ടെത്തലുകൾ ഉത്ഘനന പ്രവർത്തനങ്ങൾക്കായി എടുത്ത നാല് പ്രധാന കുഴികളുടെ (ട്രെഞ്ചുകൾ) വിശദ വിവരങ്ങൾ താഴെ ചേർക്കുന്നു. Trench I' ട്രഞ്ച് AP 24 1' ആനപ്പാറ ആർക്കിയോളോജിക്കൽ എക്സകവേഷൻ സൈറ്റിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. യഥാർത്ഥ ട്രഞ്ചിന്റെ വലിപ്പം 5 × 5 മീറ്ററായിരുന്നുവെങ്കിലും ഖനനം 5 മീറ്റർ വടക്ക്-തെക്കും 3 മീറ്റർ കിഴക്ക്-പടിഞ്ഞാറും ആയി പരിമിതപ്പെടുത്തി. ട്രഞ്ചിൽ നിശ്ചയിച്ച ഡാറ്റം പോയിന്റിൽ നിന്ന് പരമാവധി 240 സെന്റിമീറ്റർ ആഴത്തിൽ വരെ ഖനനം തുടർന്നു.

 ഉപരിതലത്തിൽ നിന്ന് ശരാശരി 80–90 സെന്റിമീറ്റർ ആഴത്തിൽ, വലിയതും ചെറുതുമായ നിരവധി കല്ലുകൾ ചേർന്നുനിൽക്കുന്നതായും അകന്നു നിൽക്കുന്നതുമായും കണ്ടെത്തി. ഇവയുടെ സാന്നിദ്ധ്യം ഖനനം ദുഷ്‌കരമാക്കുകയും ട്രഞ്ചിനുള്ളിൽ ഒരു ടെസ്റ്റ് പിറ്റ് ഖനനം ചെയ്യാൻ തീരുമാനിക്കപ്പെടുകയും ചെയ്തു. അതിനായി ട്രഞ്ചിന്റെ തെക്ക്- കിഴക്കുഭാഗത്ത് 1 മീറ്റർ വീതിയും 2 മീറ്റർ നീളവുമുള്ള ടെസ്റ്റ് പിറ്റ് ഖനനം ചെയ്തു.

ട്രഞ്ചിൽ നിന്ന് കറുപ്പ് (ബ്ലാക്ക് വെയർ), ചുവപ്പ് (കോഴ്സ് റെഡ് വെയർ), ചുവപ്പ്-കറുപ്പ് (ബ്ലാക്ക് ആൻഡ് റെഡ് വെയർ), ചുവപ്പിൽ വെള്ള വരകളോട് കൂടിയ (റെസ്സറ് കോട്ടഡ് പൈന്റഡ് വെയർ) ഉൾപ്പെടെയുള്ള വിവിധ രീതിയിലുള്ള മൺപാത്ര കഷ്ണങ്ങളും കണ്ടെത്തിയിരുന്നു. കൂടാതെ, ഇരുമ്പു കൊണ്ടുള്ള ആയുധങ്ങൾ, ഇരുമ്പ് ഉരുക്കുമ്പോൾ ഉണ്ടാകുന്ന അവശിഷ്ടങ്ങൾ, ടെറക്കോട്ട ഡിസ്കുകൾ, കല്ലുകൊണ്ടും ഗ്ലാസ് കൊണ്ടും നിർമിച്ചതുമായ മുത്തുകൾ എന്നിവയും കണ്ടെത്തി. ഇരുമ്പ് ഉത്പാദനത്തിലെ വിവിധ ഘട്ടങ്ങളിലുള്ള വസ്തുക്കളുടെ കണ്ടെത്തൽ ഈ സൈറ്റിൽ ഇരുമ്പുരുക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ നടന്നതിലേക്കുള്ള വിലപ്പെട്ട വിവരങ്ങളാണ് നൽകുന്നത്.

Trench II ട്രഞ്ച് AP 24 II സൈറ്റിലെ ചരിവ് കൂടിയ പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്. യഥാർത്ഥ വലിപ്പം 5 × 5 മീറ്ററായിരുന്നുവെങ്കിലും ഖനനം 5 × 3 മീറ്റർ പരിധിയിലേക്ക് പരിമിതപ്പെടുത്തി. ഈ ട്രഞ്ചിൽ കണ്ടെത്തിയ വസ്തുക്കൾ കൂടുതലായും ഒഴുകി വന്ന നിലയിലാണ് കാണപ്പെട്ടത്, എന്നാൽ അല്പം താഴേക്ക് എത്തിയപ്പോൾ മൺപാത്രങ്ങൾ അവയുടെ യഥാർത്ഥ നിലയിൽ തന്നെ കണ്ടെത്തിയിട്ടുണ്ട്.

ഈ ട്രഞ്ചിൽ നിന്ന് കണ്ടെത്തിയവയിൽ പ്രധാനപ്പെട്ടത് ഒരു കൽ നിർമ്മിതിയാണ് (ടെറസ് ). ഇത് നിർമിക്കുന്നതിനായി ഉപയോഗിച്ചിരുന്ന കല്ലുകളുടെ ഭൂരിഭാഗവും നിർമാണ പ്രവർത്തനത്തിന് വേണ്ടി തന്നെ തയ്യാറാക്കിയവയാണ്. അവശേഷിക്കുന്ന ടെറസ് ഘടനയുടെ വീതി 60–80 സെന്റിമീറ്ററും നീളം 3 മീറ്ററുമാണ്. ഈ നിർമ്മാണത്തിനായി പ്രദേശത്ത് എളുപ്പത്തിൽ ലഭ്യമായ മട്ടി കല്ലുകളാണ് ഉപയോഗിച്ചിട്ടുള്ളത്. 

ഈ ട്രഞ്ചിൽ നിന്നും ആറ് മുഖങ്ങളുള്ളതും നിർമാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാവുന്ന തരത്തിലുള്ളതുമായ കല്ലുകളും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഈ കല്ലുകൾ അവയുടെ സ്വാഭാവിക പ്രദേശങ്ങളിൽ നിന്നും മാറിയ നിലയിലാണ് കണ്ടെത്തിയിട്ടുള്ളത്, ഇത് ഒരുപക്ഷേ പിന്നീടുണ്ടായ ഭൂ രൂപമാറ്റ പ്രക്രിയകളുടെ ഫലമായിരിക്കാം.

Trench III ട്രഞ്ച് II വിനു താഴെയായി ചരിവ് കൂടിയ പ്രദേശത്താണ് ട്രഞ്ച് III എടുത്തിരുന്നത്. ഈ ട്രഞ്ചിന്റെ അളവ് വടക്ക്-തെക്ക് ദിശയിൽ 5 മീറ്ററും പടിഞ്ഞാറ്-കിഴക്ക് ദിശയിൽ 3 മീറ്ററുമാണ്. ഖനനം നടത്തിയപ്പോൾ, ഈ ട്രഞ്ചിലെ ഭൂ അവശിഷ്ടങ്ങൾ (ജിയോളജിക്കൽ ഡെപ്പോസിറ്റ്) മറ്റ് ട്രഞ്ചുകളിൽ കണ്ടതിൽ നിന്ന് വ്യത്യസ്തമായിരുന്നു. ഇവിടെ വലിയ തോതിൽ മൺ പാത്രങ്ങൾ കണ്ടെത്തിയതോടൊപ്പം, കല്ലുകൊണ്ടുണ്ടാക്കിയ ടെറസ് ഘടനയുടെ ഒരു ഭാഗവും കണ്ടെത്തി.

ഈ ട്രഞ്ചിൽ നിന്ന് കണ്ടെത്തിയ പ്രധാന പുരാവസ്തുക്കളിൽ കാർണീലിൻ, ബാൻഡഡ് എഗേറ്റ്, ബ്ലീച്ച്ഡ് കാർണീലിൻ എന്നിവ കൊണ്ട് നിർമ്മിച്ച മുത്തുകൾ, ഒരു തകർന്ന ബാൻഡഡ് ആഗേറ്റ് ലോക്കറ്റ്, ഇൻഡോ-പസഫിക് ഗ്ലാസ് മുത്തുകൾ (മിക്കതും ചുവപ്പ് നിറത്തിലുള്ളതും വളരെ ചെറിയവയും ആണ്) എന്നിവ ഉൾപ്പെടുന്നു. അതോടൊപ്പം തന്നെ, വിവിധ തരത്തിലുള്ള ഇരുമ്പ് അസ്ത്രങ്ങൾ, അരിവാളിന്റെ അവശിഷ്ടങ്ങൾ, കത്തികൾ, ഇരുമ്പ് നിർമാണത്തിന്റെ അവശിഷ്ടങ്ങൾ, ഇരുമ്പ് ഉരുക്കാൻ ഉപയോഗിക്കുന്ന ഉരുക്കുപാത്ര കഷ്ണങ്ങൾ എന്നിവയും കണ്ടെത്തിയിട്ടുണ്ട്.

ഈ ട്രഞ്ചിൽ നിന്നുള്ള ഏറ്റവും പ്രധാനപ്പെട്ട കണ്ടുപിടിത്തങ്ങളിൽ ഒന്നാണ് ചതുര ആകൃതിയിലുള്ളതും, നാലു തുളകളുള്ളതുമായ കാർണീലിൻ കല്ലുകൊണ്ട് നിർമിച്ച സ്പേസർ മുത്ത്. ഇത് ചെറിയ കൽ മുത്തുകൾക്കിടയിൽ സ്പേസർ ആയി ഉപയോഗിച്ചിരുന്നിരിക്കാം.മൺപാത്ര വിഭാഗത്തിൽ കറുപ്പ് (ബ്ലാക്ക് വെയർ), ചുവപ്പ് (കോഴ്സ് റെഡ് വെയർ), ചുവപ്പ്-കറുപ്പ് (ബ്ലാക്ക് ആൻഡ് റെഡ് വെയർ), ചുവപ്പിൽ വെള്ള വരകളോട് കൂടിയ (റെസ്സറ് കോട്ടഡ് പൈന്റഡ് വെയർ) മൺപാത്രങ്ങൾ, തിരിച്ചറിയാനാകാത്ത ഗ്രേ വെയർ തുടങ്ങിയവ ഉൾപ്പെടുന്നു.

ട്രഞ്ചിലെ മറ്റൊരു പ്രാധാന കണ്ടെത്തലായ കൽ നിർമിതി (ടെറസ്), ഡാറ്റം പോയിന്റിൽ നിന്ന് 170 സെന്റിമീറ്റർ താഴെയാണ് കണ്ടെത്തിയത്. ഇത് ട്രഞ്ചിന്റെ മുഴുവൻ വിസ്തൃതിയിലും വ്യാപിച്ചിരുന്നതായി കാണപ്പെടുന്നു, അതിൽ പടിഞ്ഞാറ്-കിഴക്ക് ദിശയിൽ ഒരു ചരിവ് ഉള്ളതായും കാണാം. ഈ നിർമിതി ഒരു ടെറസിന്റെ ഭാഗമായിരിക്കാം എന്നും, മനുഷ്യ ഉപയോഗ ഫലമായി രൂപപ്പെട്ടിരിക്കാമെന്നും കരുതുന്നു.

Trench IV ട്രഞ്ച് AP 24-IV, ട്രഞ്ച് III നു താഴെയുള്ള സമതലവുമായ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്, .ട്രഞ്ചിന്റെ അളവ് വടക്ക്-തെക്ക് 5 മീറ്ററും കിഴക്ക്-പടിഞ്ഞാറ് 3 മീറ്ററുമാണ്. ഈ പ്രദേശം കൃഷി ആവിശ്യത്തിനോ മറ്റോ ആയി സ്വാഭാവിക ഭൂ ഘടനയിൽ നിന്നും വൻ തോതിൽ മാറ്റം വരുത്തിയതായും ഒരുപക്ഷെ പിന്നീട് മണ്ണ് കൊണ്ടിട്ടതായും ശ്രദ്ധിച്ചിരുന്നു. അതിനാൽ ഖനന പ്രദേശത്തിന്റെ മേൽ ഭാഗം സമമായിരുന്നില്ല, കൂടാതെ കിഴക്ക്-പടിഞ്ഞാറ് ദിശയിൽ ചരിഞ്ഞിരിക്കുന്നതായും കണ്ടെത്തി.

ഈ പ്രദേശം മറ്റു ട്രഞ്ചുകളേക്കാൾ താഴ്ന്ന നിലയിലായതിനാൽ, അവിടെയുള്ള പുരാവസ്തുക്കളുടെ സ്വഭാവവും അവയുടെ കാലഗണനയും പരിശോധിക്കുക എന്നതാണ് പ്രധാനമായും ലക്ഷ്യമാക്കിയിരുന്നത്. 2.2 മീറ്റർ ആഴത്തിൽ ഖനനം നടത്തിയപ്പോൾ സ്വാഭാവിക മണ്ണ് (നാച്ചുറൽ സോയിൽ) കാണപ്പെട്ടു. ട്രഞ്ചിൽ 14 ലോസി (പുരാതന മനുഷ്യ പ്രവർത്തനം അടങ്ങിയ നിക്ഷേപം) കണ്ടെത്തിയതോടൊപ്പം, അവർ നിർമിച്ച രണ്ട് കുഴികളും കണ്ടെത്തി. ആദ്യത്തെ കുഴി ട്രെഞ്ചിന്റെ മേൽ മണ്ണിൽ തന്നെയാണ് കണ്ടെത്തിയത്, അതേസമയം രണ്ടാം കുഴി അടിസ്ഥാന ശിലയുടെ (ബെഡ് റോക്ക്) മുകളിലുള്ള ഏറ്റവും താഴ്ന്ന മണ്ണിലാണ് കണ്ടത്.

നിക്ഷേപത്തിന്റെ മുകളിലെ പാളികളിൽ ജൈവാവശിഷ്ടങ്ങൾ ചേർന്ന അടിഞ്ഞുകൂടിയ മണ്ണിനൊപ്പം ആധുനിക കാലത്തെ മാലിന്യങ്ങളും, പാത്രങ്ങളുടെ കഷ്ണങ്ങളും കണ്ടെത്തി. അതിന്റെ കീഴിലുള്ള പാളിയിൽ വിവിധ കാലഘട്ടങ്ങളിൽ നിക്ഷേപിക്കപ്പെട്ടിരിയ്ക്കുന്ന വലിയ തോതിലുള്ള മൺ പാത്രക്കഷണങ്ങൾ, ഇരുമ്പ് വസ്തുക്കൾ, എന്നിവ ചിതറിക്കിടക്കുന്നതായി കണ്ടെത്തി. കൂടാതെ മുകളിലുള്ള ടെറസിൽ നിന്ന് ഇടിഞ്ഞുവീണ ചെറിയതും വലുതുമായ മട്ടി കല്ലുകൾ 165 സെന്റിമീറ്റർ ആഴം വരെ മുഴുവൻ ട്രഞ്ചിലും കണ്ടെത്തി.

ഈ ട്രഞ്ചിൽ നിന്ന് ലഭിച്ച പ്രധാന കണ്ടെത്തലുകളിൽ വിവിധയിനം മൺ പാത്ര കഷ്ണങ്ങൾ, കല്ലുകൾ കൊണ്ടുണ്ടാക്കിയ മുത്തുകൾ, ഗ്ലാസ് മുത്തുകൾ, ഇരുമ്പ് ഉരുക്കിയതിന്റെ അവശിഷ്ടങ്ങൾ, ഇരുമ്പ് കഷണങ്ങൾ, ജീവശാസ്ത്രപരവും ഭൗമശാസ്ത്രപരവുമായ സാമ്പിളുകൾ എന്നിവ ഉൾപ്പെടുന്നു.മനുഷ്യ നിർമിതികൾ ട്രെഞ്ചുകളിൽ നിന്നും പൊട്ടിയതും, പൂർണതയുള്ളതുമായ, വിവിധയിനം മൺപാത്രങ്ങളും, വിറകോ മറ്റോ കത്തിച്ചു ബാക്കി വന്ന കരിയും, ചാരവും കണ്ടെടുത്തിരുന്നു. ഇവ മനുഷ്യവാസത്തിനുള്ള തെളിവുകളായി കണക്കാക്കുന്നു. മനുഷ്യ വാസത്തിന്റെ പ്രധാന തെളിവായുള്ള കല്ലുകൊണ്ടുള്ള നിർമിതികൾ (ടെറസുകൾ) രണ്ടു ട്രെഞ്ചുകളിൽ നിന്നും കണ്ടെത്തി. ഇവയുടെ മേൽഭാഗം പൂർണ്ണമായും നശിച്ചിരിക്കുന്ന അവസ്ഥയിലാണ്.

കൽ ടെറസുകൾ ഇവിടെ കണ്ടെത്തിയ ഒരു പ്രധാന മനുഷ്യ നിർമ്മിതി മണ്ണിടിച്ചിലിനെ തടയുന്നതിനായോ ചരിഞ്ഞ ഇടങ്ങളിൽ താമസത്തിനായോ നിർമിച്ച കൽ നിർമിതികളാണ്. വലിയതും ഇടത്തരം വലിപ്പമുള്ള കല്ലുകൾ (10 സെ.മീ മുതൽ 130 സെ.മീ വരെ) അടുക്കിയാണ് ഇവ നിർമിച്ചിരിക്കുന്നത് ഇതിന്റെ തെളിവുകൾ II, III ട്രെഞ്ചുകളിൽ ലഭ്യമാണ്. കല്ലുകളുടെ അറ്റങ്ങളിൽ തേഞ്ഞതായി കാണപ്പെടുന്നു, ഇത് ആളുകൾ നടന്നിരുന്നതിന്റെ തെളിവായി കണക്കാക്കാം. ഒന്നാമത്തെ ട്രെഞ്ചിലെ കല്ലുകൾക്ക് കൂർത്ത അറ്റങ്ങൾ കാണപ്പെടുന്നു, ഈ പ്രദേശം കല്ല് ഖനനം ചെയ്തതിന് ഉപയോഗിച്ചിരിക്കാമെന്നു കരുതുന്നു.

മൺപാത്രങ്ങൾ സൈറ്റിൽ കറുപ്പ്-ചുവപ്പ് (ബ്ലാക്ക് ആൻഡ് റെഡ് വെയർ), കറുപ്പ് (ബ്ലാക്ക് വെയർ), ചുവപ്പ് (കോഴ്സ് റെഡ് വെയർ), ചുവപ്പിൽ വെള്ള വരകളോട് കൂടിയ മൺപാത്രങ്ങൾ (റസ്സട് കോട്ടഡ് പൈന്റഡ് വെയർ) കണ്ടെടുത്തു. ചുവപ്പിൽ വെള്ള വരകളോട് കൂടിയ മൺപാത്രങ്ങൾ ഈ സൈറ്റ് പ്രാചീന ചരിത്രകാലത്തേക്ക് (BCE മൂന്നാം നൂറ്റാണ്ട് മുതൽ CE മൂന്നാം നൂറ്റാണ്ട് വരെ) ആയിരുന്നതിന്റെ സൂചന നൽകുന്നു. ഈ കാലനിർണയം സ്ഥിരീകരിക്കാൻ റേഡിയോ കാർബൺ (C-14) ഡേറ്റിംഗ് ആവശ്യമുണ്ട്.

ഇരുമ്പ് ഉപകരണങ്ങൾ, ഇരുമ്പ് ഉരുക്കിയതിനും ഉപകരണങ്ങൾ നിർമിച്ചതിനുമുള്ള തെളിവുകൾ ഖനനത്തിൽ 379 ഇരുമ്പു ഉപകരണങ്ങൾ കണ്ടെത്തി. ഇതിൽ അമ്പു മുനകൾ, കുന്തമുനകൾ, കത്തി, അരിവാൾ, സ്പൂൺ തുടങ്ങിയവ ഉൾപ്പെടുന്നു. നാലു ട്രെഞ്ചുകളിലും, സൈറ്റിൽ നിർമാണ പ്രവർത്തനങ്ങൾക്കു വേണ്ടി പുറത്തെടുത്ത മണ്ണിലും ഇരുമ്പു സ്‌ലാഗ്, പ്രിൽസ്, ക്രൂസിബിൾ കഷണങ്ങൾ തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്. T1 ട്രെഞ്ചിൽ ഇരുമ്പയിരിന്റെ ഒരു കഷണവും (അയൺ ഓർ), 3.7 കിലോ ഭാരമുള്ള ഹെമറ്റൈറ്റും കണ്ടെത്തി. ഇത് ഈ സൈറ്റിൽ ഇരുമ്പു ഉരുക്കു നിർമ്മാണം നടന്നിരുന്നതിന്റെ തെളിവാണ്.

ഗ്ലാസ് മുത്തുകൾ ആനപ്പാറയിൽ ഉദ്ഘനനത്തിൽ നിന്നും 236 ഗ്ലാസ് മുത്തുകൾ കണ്ടെടുത്തു. കൂടുതലും വളരെ ചെറിയ മൈക്രോ മുത്തുകളാണ് ഇവ ചുവപ്പ്, പച്ച നിറങ്ങളിലുള്ളവയാണ് ഈ മുത്തുകൾ ഇന്തോ-പസഫിക് മുത്തുകളുടെ ഗണത്തിൽ പെടുന്നവയാണ്. ഇതിലൂടെ ആനപ്പാറക്ക് പട്ടണം, അരിക്കമേട്, അഴകൻകുളം, കീഴടി തുടങ്ങിയ സൈറ്റുകളുമായി ബന്ധമുള്ളതായി മനസ്സിലാക്കാം.കൽ മുത്തുകളും ആഭരണങ്ങളും ഗ്ലാസ്സ് മുത്തുകളെ പോലെ തന്നെ ആനപ്പാറയിൽ നിന്ന് കണ്ടെത്തിയതിൽ മറ്റൊരു പ്രധാന ആഭരണങ്ങളുടെ അവശിഷ്ടങ്ങളാണ് കല്ലിൽ തീർത്ത മുത്തുകൾ. കർണേലിയൻ, അഗേറ്റ്, സോപ്പ് സ്റ്റോൺ, ക്വാർട്സ് തുടങ്ങിയ കല്ലുകളിൽ തീർത്ത മുത്തുകൾ ഇവിടെനിന്നും കണ്ടെത്തി.

എച്ച് ചെയ്ത ചുവന്ന കാർണീലിയൻ മുത്തുകൾ കേരളത്തിലും തെക്കേ ഇന്ത്യയിലുമുള്ള മഹാശിലാ ശ്മശാനങ്ങളിൽ സാധാരണയായി കണ്ടുവരുന്ന കൽ മുത്തുകൾ ആണിവ. എന്നാൽ വാസസ്ഥലങ്ങളിൽ ഇവ വളരെ അപൂർവ്വമായെ കണ്ടെത്തിയിട്ടുള്ളു. ആനപ്പാറയിൽ നിന്നും 45 എച്ച്ഡ് കാർണീലിയൻ മുത്തുകൾ കണ്ടെടുത്തിട്ടുണ്ട്. ഗുജറാത്ത് അല്ലെങ്കിൽ മഹാരാഷ്ട്രയിൽ നിന്നാണിവയുടെ നിർമാണത്തിന് ആവിശ്യമായ അസംസ്‌കൃത വസ്തുക്കൾ ലഭിച്ചതെന്ന് കരുതുന്നു.

എച്ച് ചെയ്ത വെള്ള കാർണീലിയൻ മുത്തുകൾ കറുപ്പ് നിറത്തിൽ എച്ച് ചെയ്തിരിക്കുന്ന 51 വെളുത്ത കാർണീലിയൻ മുത്തുകൾ ആനപ്പാറ ഖനനത്തിൽ നിന്നും കണ്ടെത്തി. ദക്ഷിണേന്ത്യയിൽ ഇതാദ്യമായാണ് ഇത്തരം മുത്തുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ഹാരപ്പൻ സംസ്കാരത്തിന്റെ ചുറ്റുപാടുകളിലാണ് പ്രധാനമായും ഈ മുത്തുകൾ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളത്.കാർണീലിയൻ സ്പേസർ മുത്ത്/ലോക്കറ്റ് നാലു തുളയുള്ള ദീർഘ ചതുരാകൃതിയിൽ ഉള്ള നീണ്ട മുത്ത് ആനപ്പാറ ഖനനത്തിൽ നിന്നും കണ്ടെത്തി. ഇവ ഒരുപക്ഷെ ഒരുപാട് ചെറിയ മുത്തുകൾക്കിടയിൽ ഉപയോഗിച്ചതായിരിക്കാം. ഇതുപോലുള്ളവ പട്ടണം, അരിക്കമേട്, അഴകൻകുളം തുടങ്ങിയിടങ്ങളിലും കണ്ടെത്തിയിട്ടുണ്ട്.

റോമൻ നാണയശേഖരം നെടുങ്കണ്ടത്ത് റോമൻ നാണയശേഖരം കിട്ടിയതായി മുൻപ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിന്റെ യഥാർത്ഥ സ്ഥാനം അനിശ്ചിതമാണ്.ആനപ്പാറയുടെ പ്രാധാന്യം ആനപ്പാറയിൽ കൂടുതൽ പഠനങ്ങളും, ഗവേഷണങ്ങളും, ഉൾപ്പെടെ പുരാവസ്തു ഖനനം നടത്തേണ്ടതുണ്ടെങ്കിലും, ഈ സ്ഥലത്തിന്റെ സ്വഭാവത്തെക്കുറിച്ച് നിലവിലെ ഗവേഷണ പ്രവർത്തങ്ങളിൽ നിന്നും ലഭിച്ച വസ്തുക്കൾ ഉപയോഗിച്ച് ചില നിരീക്ഷണങ്ങൾ നടത്താനാകും. ഇടുക്കി ഒരു മലനിരകളാൽ ചുറ്റപ്പെട്ട പ്രദേശമാണ്. ഈ കാടുകളിൽ ഏലം, കുരുമുളക് പോലെയുള്ള സുഗന്ധ വ്യഞ്ജന വസ്തുക്കൾവ്യാപകമായി കണ്ടുവരുന്നു.

ഏലം വളരാൻ അനുയോജ്യമായ കാലാവസ്ഥയാണ് ഇവിടെയുള്ളത്. പട്ടണത്തിന്റെ പുരാവസ്തു ഖനനത്തിൽ ഏലം ആർക്കിയോബോട്ടാനിക്കൽ അവശിഷ്ടമായി കണ്ടെത്തിയിട്ടുണ്ട്. ഡക്കാൻ കോളേജിലെ മുൻ പ്രൊഫസർ ആയ ഡോ. കജാലേ ഇത് സ്ഥിരീകരിച്ചിരിക്കുന്നു.ആനപ്പാറ 1125 മീറ്റർ ഉയരമുള്ള മലനിരകളിലാണ് സ്ഥിതിചെയ്യുന്നത്. ചരിത്രകാലത്തെ സുഗന്ധ വ്യഞ്ജന വസ്തുക്കളുടെ പ്രധാന ഉറവിടം ഈ പ്രദേശമായിരുന്നു. പ്രാചീന ഇന്ത്യൻ മഹാസമുദ്ര വ്യാപാരത്തിലും ഇന്ത്യൻ-റോമൻ വ്യാപാര കാലത്തും ഈ പ്രദേശത്തെ കാടുകളിൽ നിന്ന് ലഭിച്ച സുഗന്ധ വ്യഞ്ജനങ്ങൾ നൽകുകയും കിഴക്കൻ തീരത്തെയും പടിഞ്ഞാറൻ തീരത്തെയും ബന്ധിപ്പിക്കുന്ന ഒരു പ്രധാന യാത്രാ വഴി വഹിക്കുകയും ചെയ്തിട്ടുണ്ടാകാം.

ഈ സ്ഥലം കമ്പംമെട്ടിന് സമീപം, ചുരുളിയാർ-വൈഗൈ താഴ്‌വരയിലാണ്. കമ്പം-തേനി പ്രദേശത്ത് റോമൻ നാണയങ്ങൾ കണ്ടെത്തിയ സ്ഥലങ്ങളും മെഗാലിതിക് ശ്മശാനങ്ങളും കണ്ടെത്തിയിട്ടുണ്ട്.ഈ സ്ഥലം പെരിയാർ താഴ്‌വാരയും പട്ടണം പ്രദേശത്തേയും ബന്ധിപ്പിച്ചിരിയ്ക്കാം. അതേ സമയം, കിഴക്കൻ തീരത്തെ മധുര, കീഴടി, അഴകൻകുളം തുടങ്ങിയ സ്ഥലങ്ങളുമായും ബന്ധം പുലർത്തിയിട്ടുണ്ടാകാം. പട്ടണവും അഴകൻകുളവും തമ്മിലുള്ള വ്യാപാരമാർഗ്ഗത്തിൽ, മധുരയ്ക്ക് സമീപമുള്ള നാഗമല പുതുക്കോട്ടൈയിൽ ഒരു തമിഴ് ബ്രാഹ്മി ശാസനം കണ്ടെത്തിയിട്ടുണ്ട്. ഈ ശാസനത്തിൽ "മുയിരികോടൻ" എന്ന പേര് കാണപ്പെടുന്നു. അതിനെ ഐരാവത മഹാദേവൻ മൂചിരി പട്ടണത്തിൽ നിന്നുള്ള വ്യക്തിയായി തിരിച്ചറിഞ്ഞിട്ടുണ്ട്.

ചിലപ്പതികാരത്തിന്റെ എഴുത്തിൽ ചേരൻ ചെങ്കുട്ടുവൻ മലകളിലെ സമ്പത്തുകൾ കാണാൻ എത്തിയതായി പരാമർശമുണ്ട്. മലനിരകളിലെ ആദിവാസി സമൂഹമായ ഉരവർ അവനെ ചന്ദനം, തേങ്ങ, മാങ്ങ, പ്ലാവ്, വാഴ എന്നിവ ഉൾപ്പെടെ ധാരാളം വിഭവങ്ങൾ നൽകി സ്വീകരിച്ചതായി ഇതിൽ കാണാം. കൂടാതെ, വന്യജീവികളും പക്ഷികളും - കാട്ടുകോഴി, തത്ത, പൂച്ച, മയിൽ, മാൻകുഞ്ഞ് എന്നിവയെയും സമ്മാനമായി നൽകിയതായി പറയുന്നു.

ആനപ്പാറ ഒരു പ്രാദേശിക കച്ചവട സ്ഥലമായിരിക്കാമെന്ന് ഇവിടെ നിന്നുള്ള പുരാവസ്തു കണ്ടെത്തലുകളും അവശിഷ്ടങ്ങളും സൂചിപ്പിക്കുന്നു. വ്യാപാരികൾ, കർഷകർ, കാട്ടിൽ താമസിക്കുന്നവർ എന്നിവർ ഇവിടെ ഉല്പന്നങ്ങൾ കൈമാറ്റം ചെയ്തിരിക്കാം. അത്തരം കച്ചവട പ്രദേശങ്ങൾ പിന്നീട് സ്ഥിര താമസകേന്ദ്രങ്ങളായി മാറുകയും ചെയ്തു. അതേസമയം, ഒറ്റപ്പെട്ടുള്ള ശ്മശാനങ്ങൾ പ്രദേശത്തെ മലനിരകളിലും മലയിടുക്കുകളിലും താമസിച്ചിരുന്ന ആളുകളുടെ ശ്മശാന ഭൂമിയാകാമെന്നു കരുതപ്പെടുന്നു.

"പ്രാചീനകാലത്തെ ജനങ്ങൾ ഈ പ്രദേശം താമസത്തിനായി തിരഞ്ഞെടുക്കുമ്പോൾ പരിസ്ഥിതി ഘടകങ്ങൾ വളരെ സൂക്ഷ്മമായി പരിശോധിച്ചിരുന്നു" എന്ന് കെ. പി. ഷാജൻ (ആർക്കിയോളജിസ്റ്റ്, കെ.സി.എച്ച്.ആർ.) അഭിപ്രായപ്പെടുന്നു.കൂടുതൽ ശാസ്ത്രീയ പഠനങ്ങൾ, കൂടാതെ കാർബൺ ഡേറ്റിംഗ് പോലുള്ളവ, അനപ്പാറയിലെ മനുഷ്യവാസത്തെയും സാംസ്കാരിക പ്രവർത്തനങ്ങളെയും കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകും. കേരളത്തിന്റെ പ്രാദേശിക ചരിത്രം പുനർനിർമ്മിക്കാനുള്ള കെ.സി.എച്ച്.ആറിന്റെ ഇന്റർഡിസിപ്പ്ലിനറി സമീപനത്തിന്റെ ഭാഗമായിട്ടാണ് ഈ ഗവേഷണം നടത്തുന്നത്.

പ്രാരംഭ ഇരുമ്പു യുഗം-പ്രാചീന ചരിത്രകാലം ആനപ്പാറയിൽ ഇരുമ്പു യുഗത്തിലേയും, അതിനുമുമ്പുള്ള മൈക്രോ ലിത്തിക് കാലത്തെയും തെളിവുകൾ ലഭിച്ചിട്ടുണ്ട്.ഗവേഷണ സംഘം ആനപ്പാറ പുരാവസ്തു ഖനനം ഡോ. ദിനീഷ് കൃഷ്ണനും (റിസേർച് ഓഫീസർ KCHR) ഡോ. വി. സെൽവകുമാറും (തമിഴ് യൂണിവേഴ്സിറ്റി തഞ്ചാവൂർ, KCHR-ൽ വിസിറ്റിംഗ് റിസർചർ) ചേർന്ന് നയിച്ചു. ഡോ. കെ.പി. ഷാജൻ ഉൾപ്പെടെയുള്ള വിദഗ്ധർ ഖനന സ്ഥലത്തെ സന്ദർശിച്ച് സൈറ്റിന്റെ പ്രാധാന്യം വിലയിരുത്തി.

കൂടാതെ, ഡോ. ദിനേശൻ വടക്കിനിയിലും (ഡയറക്ടർ KCHR) പ്രൊഫ. കെ.എൻ. ഗണേശും (ചെയർപേഴ്സൺ KCHR) ഖനനത്തിൽ നിന്ന് ലഭിച്ച കണ്ടെത്തലുകൾ ചർച്ച ചെയ്ത് അവയുടെ പ്രാധാന്യം മനസ്സിലാക്കാൻ സഹായിച്ചു. ഗവേഷണ സംഘത്തിൽ ഡോ. റേച്ചൽ എ വർഗീസ് (IIT ബോംബെ),  ശരത്‌ചന്ദ്രബാബു (KCHR),  മൊബീർഷ കെ.എം (KCHR),  സാന്ദ്ര എം.എസ് (KCHR),  അഖില വി (കേരള യൂണിവേഴ്സിറ്റി),  ജിഷ്ണു എസ് ചന്ദ്രൻ (KCHR),  ഹരിശങ്കർ ബി (തമിഴ് യൂണിവേഴ്സിറ്റി) എന്നിവരടങ്ങിയിരുന്നു.

ഇതിനൊപ്പം, തമിഴ് യൂണിവേഴ്സിറ്റി തഞ്ചാവൂർ, അസംപ്‌ഷൻ കോളേജ് (ചങ്ങനാശ്ശേരി), യുസി കോളേജ് (ആലുവ) എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഉൾപ്പെടെ വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നുമായി താഴെ പറയുന്ന വിദ്യാർത്ഥികളും ഖനനത്തിൽ പങ്കെടുത്തു. സാരജ ടി,  ആനന്ദ് എസ്,  അപർണ കെ.ആർ,  അഖിൽ കെ,  റിനു അൽഫോൻസാ ബാബു,  ആയിഷ ഹിബ,  ആർദ്ര പ്രസന്നൻ,  ദിയ സതീഷ്, ഡോണ ഷാജി, ഉമ്മുൽ ഹസ്ന കെ,  പൂങ്കാവനൻ എം,  ദിവ്യ വിജയൻ,  ഉത്തര ബി എന്നിവരും ഈ ഗവേഷണത്തിൽ പങ്കാളികളായി. ഖനനം വിജയകരമായി നടത്തുന്നതിനായി  ടി.രാജേഷ് (വില്ലജ് ഓഫീസർ, ചതുരങ്കപ്പാറ),  രാജപ്പൻ (ഭൂമിയുടെ ഉടമ),  നോബി ജോസ് (പുറ്റടി) എന്നിവർ പ്രാദേശിക പിന്തുണയും നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow