അടിമാലി കുമളി ദേശീയപാതയുടെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾക്കാവശ്യമായ നടപടികൾ ആരംഭിച്ചു

ഇടുക്കി ജില്ലയുടെ ഹൃദയഭാഗത്ത് കൂടി കടന്നുപോകുന്ന അടിമാലി കുമളി ദേശീയപാതയുടെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾക്കാവശ്യമായ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. പ്രധാന പ്രവൃത്തികളിലൊന്നായ ദേശീയപാത വിഭാഗത്തിന്റെസർവ്വേ നടപടികൾ ഇതിനോടകം പൂർത്തിയായിക്കഴിഞ്ഞു.
ഇനിയും പാതയുടെ വിസ്തൃതി വർധിപ്പിക്കുന്നതിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കൽ നടപടികളാണ് നടക്കേണ്ടത്. കൃത്യമായ ദിവസം നിശ്ചയിച്ചില്ലെങ്കിലും മാസങ്ങൾക്കുള്ളിൽ തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കു മെന്നാണ് അധികൃതർ നൽകുന്ന വിവരം. ദേശീയപാതയുടെ വികസനം നാട്ടുകാരും വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്.
പരമാവധി വളവുകൾ കുറച്ച് റോഡിൻറെ ഘടനയിൽ വലിയ മാറ്റങ്ങൾ വരുത്തിയാണ് സർവ്വേ നടത്തിയിട്ടുള്ളത്. ചിലയിടങ്ങളിൽ പാലങ്ങളും ചെറുതോണി ,കട്ടപ്പന ഉൾപ്പെടെയുള്ള ടൗണുകളിൽ വൺവേ സൗകര്യവും പ്രയോജനപ്പെടുത്തി കൊണ്ടാണ് അടിമാലി കുമളി ദേശീയപാതയുടെ വികസനം നടക്കുന്നത്. പാതയുടെ നവീകരണം പൂർത്തിയാകുന്നതോടെ ഇടുക്കിയുടെ വിനോദസഞ്ചാര മേഖലയ്ക്കും കൂടുതൽ പ്രയോജനകരമാകും. അടിമാലിയിൽ നിന്നും കട്ടപ്പന കുമളി ഭാഗങ്ങളിലേക്കുള്ള യാത്രയിൽ ഏറെ സമയം ലാഭവുമുണ്ടാകും.