കട്ടപ്പന നഗരത്തിലൂടെയുള്ള പ്രധാന റോഡുകളിൽ സീബ്ര ക്രോസ് ലൈനുകൾ വരച്ചു

വാഹനത്തിരക്കേറിയ കട്ടപ്പന നഗരത്തിലെ പ്രധാന റോഡുകളിലെ സീബ്രാ ലൈനുകൾ മാഞ്ഞിട്ട് നാളുകൾ പിന്നിട്ടിരുന്നു. പ്രധാന ജംഗ്ഷനുകളായ സെൻട്രൽ ജംഗ്ഷൻ, ഇടുക്കി കവല, ഇടശ്ശേരി ജംഗ്ഷൻ, പഴയ ബസ്റ്റാൻഡ് എന്നിവിടങ്ങളിൽ എല്ലാം സീബ്ര ക്രോസ് ലൈനുകൾ പൂർണമായി മാഞ്ഞിരുന്നു. ഇത് സ്കൂൾ കുട്ടികൾ അടക്കമുള്ള കാൽനട യാത്രക്കാർക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചു.
പല ജംഗ്ഷനുകളിലും ഹോംഗാർഡുകൾ കാൽനട യാത്രക്കാർക്ക് റോഡുകൾ മുറിച്ചു കടക്കുന്നതിന് സഹായകരമാകുമെങ്കിലും ഹോം ഗാർഡുകളുടെ സേവനം ഇല്ലാത്ത സ്ഥലങ്ങളിൽ വലിയ പ്രതിസന്ധിയാണ് പൊതുജനങ്ങൾ നേരിടേണ്ടി വന്നിരുന്നത്. തിരക്കുള്ള റോഡുകളിൽ മിനിറ്റുകളോളം നിന്നെങ്കിൽ മാത്രമേ റോഡ് മുറിച്ചു കടക്കാൻ സാധിച്ചിരുന്നുള്ളൂ. ഇത് മാധ്യമങ്ങളിൽ വാർത്തയാവുകയും ചെയ്തു.
തുടർന്നാണ് നഗരസഭ അധികാരികൾ പൊതുമരാമത്ത് വകുപ്പിന് കത്ത് നൽകിയത്. വാർഷിക മെയിന്റനൻസിൽ പെടുത്തിയാണ് പൊതുമരാമത്ത് വകുപ്പ് നഗരത്തിലെ പൊതു വഴികളിൽ മാഞ്ഞുപോയ സീബ്ര ലൈനുകളും, പാതയുടെ ഇരുവശത്തുമുള്ള ലൈനുകളും വരച്ചത്. ഇതോടെ കാൽനട യാത്രക്കാർക്ക് ഇനി സുരക്ഷിതമായി റോഡ് മുറിച്ചു കടക്കാനാകും.