ബി.ജെ.പി. ഉപ്പുതറ പഞ്ചായത്തു കമ്മറ്റിയുടെ നേത്യത്വത്തിൽ ഉപ്പുതറ സർക്കാർ ആശുപത്രി പടിക്കൽ ജനുവരി 28,29 തീയതികളിൽ രാപ്പകൽ ബഹുജന സമരം നടത്തും
ഹൈറേഞ്ചിലെ ആദ്യകൂടിയേറ്റ ഗ്രാമമായ ഉപ്പുതറയിൽ 1948 ൽ ഗവൺമെൻ്റ് ഡിസ്പെൻസറിയായി ആരംഭിച്ചതാണ് കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ.സിവിൽ സർജൻ ഉൾപ്പെടെ ഏഴു ഡോക്‌ടർമാരും ആനുപാതികമായ ആരോഗ്യ പ്രവർത്തകരും ജോലി ചെയ്തിരുന്നു. നിലവിലെ സി.എച്ച്.യുടെ അവസ്ഥ വളരെ പരിതാപകരമാണ്. സർക്കാർ പി.എസ്.സി. വഴി നിയമിച്ച ഡോക്‌ടറോ ആവശ്യത്തിനു മരുന്നോ ഇല്ലാത്ത അവസ്ഥയിലാണ്.
മദർ സി.എച്ച്.സി. എന്ന പദവി ഇന്ന് ഉപ്പുതറ ആശുപത്രിക്ക് നഷ്ടമായിരിക്കുകയാണ്. ഉപ്പുതറ, എലപ്പാറ, അയ്യപ്പൻകോവിൽ അറക്കുളം പഞ്ചായത്തുകളിലെ ആദിവാസികളും പൂട്ടിക്കിടക്കുന്ന എസ്റ്റേറ്റിലെ തൊഴിലാളികളും ഉൾപ്പെടെ 34000 ൽ അധികം ആളുകളുടെ ഏക ആശ്രയമായിരുന്ന ഉപ്പുതറ സി.എച്ച്. സി. യാണ് ഈ ദുർഗതിലായത്.
ഐ പി. വിഭാഗം ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ഒ.പി. വിഭാഗം മാത്രമാണ് നിലവിലുള്ളത്. സി.എച്ച്.സി.യുടെ പദവി നഷ്‌ടമാക്കുകയും സ്ഥിരം ഡോക്‌ടർമാരെ സ്ഥലം മാറ്റുകയും ചെയ്ത് ആശുപത്രിയുടെ പ്രവർത്തനത്തെ ശിഥിലമാക്കുന്നതിന് പിന്നിൽ കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിൻറെ കെടുകാര്യസ്ഥതയും കഴിവില്ലായ്‌മയും സ്വകാര്യ ആശുപത്രിയെ സഹായിക്കാനുള്ള നിലപാടുമാണ്.
ഇതിനെതിരെയാണ് ജനുവരി 28,29 തീയതികളിൽ ബി. ജെ.പി. ഉപ്പുതറ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം നടത്തുന്നത്. ആശുപത്രിയ്ക്ക് നഷ്‌ടമായ പദവിയും പ്രൗഡിയും വീണ്ടെടുക്കുന്നതിന് മെഡിക്കൽ ഓഫീസർ ഉൾപ്പെടെ ഡോക്‌ടർമാരെ നിയമിക്കുക, എക്സ് റേ യൂണിറ്റ് ആരംഭിക്കുക, കിടത്തി ചികിത്സ ആരംഭിക്കുക. ഉപ്പുതറ ആശുപത്രിയെ താലൂക്ക് ആശുപത്രിയുടെ നിലവാരത്തിലേയ്ക്ക് ഉയർത്തുക തുടങ്ങിയ ആവശ്യങ്ങൾ സമരത്തിൽ ഉയർത്തും.
സമരം 28-ാ തീയതി മുല്ലപ്പെരിയാർ സമരസമിതി രക്ഷാധികാരി ഫാദർ ജോയി നിരപ്പേൽ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം എക്സ് എംഎൽഎ പിസി ജോർജ് ഉദ്ഘാടനം ചെയ്യും. ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് കെ കെ രാജപ്പൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ മേഖലയിലെ വിവിധ മത സാമുദായിക നേതാക്കൾ ബിജെപിയുടെ നേതാക്കൾ എന്നിവർ പങ്കെടുക്കുമെന്ന് ബിജെപി നേതാക്കളായ സന്തോഷ് കൃഷ്ണൻ , കെ കെ രാജപ്പൻ, അഡ്വ. സ്റ്റീഫൻ ഐസക്, ജെയിംസ് തോക്കൊമ്പേൽ, സജിൻ ഉണ്ണികൃഷ്ണൻ എന്നിവർ അറിയിച്ചു.










