ആവേശം പകർന്ന് ഇടുക്കി ജില്ലാതല റിപ്പബ്ലിക് ദിനാഘോഷം ഇടുക്കി ഐ ഡി എ ഗ്രൗണ്ടില്‍ നടന്നു

ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പതാക ഉയര്‍ത്തി സന്ദേശം നല്‍കി. ഏതു പ്രതികൂല സാഹചര്യങ്ങളെയും അതിജീവിക്കാനുള്ള കരുത്ത് രാജ്യത്തിനുണ്ടെന്നും എല്ലാ രംഗങ്ങളിലും ഭാരതം നേടുന്ന വളർച്ചക്കൊപ്പം എല്ലാ രംഗങ്ങളിലും കേരളം ലോകശ്രദ്ധ നേടി മുന്നേറുകയാണെന്നും മന്ത്രി പറഞ്ഞു.
ഇരുപത് പ്ളാറ്റൂണുകൾ റിപ്പബ്ലിക് ദിന പരേഡില്‍ അണിനിരന്നു. പോലീസ്, വനംവകുപ്പ്, എക്‌സൈസ്, ഫയര്‍ഫോഴ്‌സ്, എന്‍ സി സി, സ്റ്റുഡന്റ് പൊലീസ്, സ്‌കൗട്ട്‌സ്, ഗൈഡ്‌സ് എന്നീ വിഭാഗങ്ങൾക്ക് പുറമെ കട്ടപ്പന സർക്കാർ കോളേജ്, കുളമാവ് നവോദയ വിദ്യാലയം, എം ആര്‍ എസ് പൈനാവ്, സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ വാഴത്തോപ്പ്, ജി എച്ച് എസ് എസ് പഴയരിക്കണ്ടം, എസ് എന്‍ എച്ച് എസ് എസ് കഞ്ഞിക്കുഴി എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളും പരേഡില്‍ പങ്കെടുത്തു.
ജില്ലാ കളക്ടർ വി. വിഘ്‌നേശ്വരി, ജില്ലാ പോലീസ് മേധാവി ടി.കെ വിഷ്ണു പ്രസാദ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണക്കുന്നേൽ ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമാസ്എന്നിവരും രാഷ്ട്രീയ സാമൂഹികരംഗത്തെപ്രമുഖരുംചടങ്ങിൽ പങ്കെടുത്തു.